അഫ്ഗാനിസ്ഥാനിൽ എങ്ങും താലിബാനെ ഭയന്നുള്ള കൂട്ടപ്പലായനം; കാന്തഹാറിൽ 22,000 കുടുംബങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ട്; അഫ്ഗാൻ സൈന്യത്തെ നേരിടാൻ 15,000 ഭീകരർ പാക്കിസ്ഥാനിൽ നിന്ന് എത്തിയെന്ന് വെളിപ്പെടുത്തൽ; സൈന്യത്തിന്റെ ചെറുത്തു നിൽപ്പുകൾ ദുർബലം
- Share
- Tweet
- Telegram
- LinkedIniiiii
കാബൂൾ: യുഎസ് സൈനിക പിന്മാറ്റം ആസന്നമായിരിക്കവേ അഫ്ഗാനിസ്ഥാനിൽ എങ്ങും കൂട്ടപ്പലായനം. മുൻപ് താലിബാന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പ്രദേശങ്ങളിൽ നിന്നുമാണ് കൂട്ടത്തോടെ ആളുകൾ ഒഴിഞ്ഞു പോകുന്നത്. ഇവിടങ്ങളിൽ താലിബാൻ പിടിമുറുക്കുമെന്ന ബയത്തിലാണ് കൂട്ടപ്പലായനം നടക്കുന്നത്.
ഒരുകാലത്ത് താലിബാന്റെ കോട്ടയായിരുന്ന അഫ്ഗാനിലെ കാന്തഹാറിൽ നിന്ന് 22,000 കുടംബങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ട്. യു.എസ് സൈനിക പിന്മാറ്റം ആസന്നമായിരിക്കെ, അഫ്ഗാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെയാണ് ആളുകളുടെ പലായനം. സുരക്ഷ സേനയെ പരാജയപ്പെടുത്തി രാജ്യത്തിന്റെ മുക്കാൽഭാഗവും പിടിച്ചെടുത്തെന്നാണ് താലിബാന്റെ അവകാശവാദം. സംഘർഷ ഭരിതമായ മേഖലകളിൽ നിന്ന് സുരക്ഷിത താവളങ്ങൾ തേടിയാണ് ആളുകളുടെ പലായനം. ഞായറാഴ്ചയും കാന്തഹാറിലെ ഉൾമേഖലകളിൽ സൈന്യവും താലിബാനും പോരാട്ടം തുടരുകയാണ്.
അതേസമയം അഫ്ഗാനിസ്താനിൽ താലിബാൻ പിടിമുറുക്കാൻ കാരണം പാക്കിസ്ഥാനെന്ന് കുറ്റപ്പെടുത്തി അഫ്ഗാൻ നേതാക്കളും രംഗത്തുവന്നു. അഫ്ഗാൻ സൈനികരെ നേരിടുന്നതിനു പാക്കിസ്ഥാനിൽ നിന്ന് 15,000 ഭീകരർ കടന്നതായി അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് പറഞ്ഞു. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാക്കിസ്ഥാനെന്നും അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് അവർ പാക്കിസ്ഥാനിലെ മദ്രസകളുപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എല്ലാവർഷവും അഫ്ഗാനിസ്താനിൽ താലിബാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, പുതിയ അംഗങ്ങളെ അടുത്തവർഷം കൂട്ടിച്ചേർക്കുന്നതിനു പാക്കിസ്ഥാൻവഴിയൊരുക്കുന്നു. ഈ വർഷം 10,000 താലിബാൻ ഭീകരർ പാക്കിസ്ഥാനിൽനിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയതായി കണ്ടെത്താൻ കഴിഞ്ഞു. പരിക്കേറ്റ ഭീകരർക്ക് പാക്കിസ്ഥാനിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നു. അവർക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നു. ഇത് തുടരുന്നു'-മോഹിബ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗാനിയും രംഗത്തെത്തിയിരുന്നു. അൽ ഖൊയ്ദ, ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് ഗാനി പറഞ്ഞു.
പാക്കിസ്ഥാനെയും അഫ്ഗാനിസ്താനെയും വേർതിരിക്കുന്ന ഡ്യൂറൻഡ് രേഖ കടന്നു പോകുന്ന പാക്കിസ്ഥാൻ സൈനികരുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നൂറുകണക്കിനു റോക്കറ്റുകൾ വിക്ഷേപിച്ച് അവർ അഫ്ഗാൻ പൗരന്മാരെ കൊലപ്പെടുത്തുന്നതും പരിക്കേൽപിക്കുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു.
അതിനിടെ അഫ്ഗാൻ സൈന്യത്തിന്റെ ചെറുത്തുനിൽപ്പുകളും അത്രയ്ക്ക് ഫലം കാണുന്നില്ല. ഇതിനിടെ ചില ചെറുത്തുനിൽപ്പുകളും അവർ നടത്തുന്നുണ്ട്. തങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ 81 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ സൈന്യം അവകാശപ്പെട്ടു. വടക്കൻ ബാൽക്ക് പ്രവിശ്യയിൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതായി പറയപ്പെടുന്നത്. ഹെലികോപ്ടർ ഗൺഷിപ്പുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൽദാർ, ചാംതാൽ ജില്ലകളിൽ ശനിയാഴ്ച ഉച്ചയോടെയാണ് അഫ്ഗാൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ഇവിടെ 81 ഭീകരർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ നിരവധി ആയുധങ്ങൾ വെടിക്കോപ്പുകൾ രണ്ട് ഡസനിലധികം വാഹനങ്ങൾ ഭീകരരുടെ മോട്ടോർ ബൈക്കുകൾ എന്നിവ നശിപ്പിക്കപ്പെട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
യു.എസ് അഫ്ഗാനിലെ തങ്ങളുടെ സൈന്യത്തെ പിൻവലിച്ചതോടെയാണ് താലിബാൻ വീണ്ടും രാജ്യത്ത് ഉയിർത്തെഴുനേറ്റത്. രാജ്യത്തെ പകുതിയിലേറെ പ്രവിശ്യകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. 2001 സെപ്റ്റംബർ 11ന് അൽ-ഖ്വയ്ദ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിന് പിന്നാലെ യു.എസ് അഫ്ഗാനിൽ ആരംഭിച്ച സൈനിക ദൗത്യം ഓഗസ്റ്റ് 31ഓടെ ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
മറുനാടന് ഡെസ്ക്