- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിൽ വധിച്ചത് 439 ഭീകരരെ; ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത് 541 ഭീകരാക്രമണങ്ങൾ; 98 സാധാരണക്കാർക്ക് ജീവൻ നഷ്ടമായി; വീരമൃത്യു വരിച്ചത് 109 സൈനികർ; മേഖലയുടെ പ്രത്യേക അധികാരം നീക്കിയ ശേഷമുള്ള പുരോഗതി രാജ്യസഭയിൽ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചുവെന്നും കേന്ദ്രഭരണപ്രദേശത്ത് 541 ഭീകരാക്രമണ സംഭവങ്ങൾ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിൽ നീരജ് ഡാങ്കി എംപി ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് ആഭ്യന്തര സഹമന്ത്രി രേഖാമൂലം മറുപടി നൽകിയത്.
ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം 2019 ഓഗസ്റ്റ് അഞ്ച് മുതൽ 2022 ജനുവരി 26 വരെ ജമ്മു കശ്മീരിൽ 541 ഭീകരാക്രമണങ്ങൾ ഉണ്ടായി. 439 ഭീകരരെ വധിക്കുകയും ചെയ്തു. 98 സാധാരണക്കാർക്ക് ജീവൻ നഷ്ടമായപ്പോൾ 109 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തുവെന്നും മറുപടിയിൽ ആഭ്യന്തര സഹമന്ത്രി പറയുന്നു.
'ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 2019 ഓഗസ്റ്റ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ ജമ്മുകശ്മീരിൽ 541 ഭീകരാക്രമണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ, 439 ഭീകരരെ ഉന്മൂലനം ചെയ്യുകയും ചെയ്തു. പല ഏറ്റുമുട്ടലുകളിലായി 98 സാധാരണ പൗരന്മാർക്കും, 109 സുരക്ഷ സേന അംഗങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടു.' നിത്യാനന്ദ റായ് പറഞ്ഞു.
ഭീകരരാക്രമണങ്ങളിൽ പൊതുമുതലുകൾ കാര്യമായി നശിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാൽ 5.3 കോടിയുടെ സ്വകാര്യ സ്വത്തുക്കൾ നശിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 11 ഏറ്റുമുട്ടലുകളിൽ 8 പാക്കിസ്ഥാൻകാർ അടക്കം 21 ഭീകരരെയാണു സുരക്ഷാസേന വധിച്ചത്. കശ്മീരിലെ ഭീകരരുടെ എണ്ണം 200 ൽ താഴെയാക്കാൻ സാധിച്ചതായും ഐജി വിജയ് കുമാർ അറിയിച്ചിരുന്നു.
പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് കമാൻഡർ സഹീദ് വാനി അടക്കം അഞ്ച് ഭീകരരെയാണ് കശ്മീരിൽ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചത്. 2017 മുതൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കും സ്‌ഫോടനങ്ങൾക്കും ഉത്തരവാദിയായ കശ്മീരിലെ ജയ്ഷ് മേധാവിയായ സഹീദിനെയാണ് സുരക്ഷ സേന വധിച്ചത്.
2019 ഫെബ്രുവരിയിലെ പുൽവാമ ചാവേറാക്രമണത്തിന്റെ ആസൂത്രകൻ സമീർ ദാർ കൊല്ലപ്പെട്ടശേഷം സഹീദ് ആയിരുന്നു ചുമതലക്കാരൻ. ബദ്ഗാമിൽ കൊല്ലപ്പെട്ടതു ലഷ്‌കർ ഭീകരനാണ്. സഹിദ് വാനിയുടെയും കൂട്ടാളികളുടെയും വധത്തോടെ കശ്മീരിലെ ജയ്ഷ് ഭീഷണി ഇല്ലാതാക്കിയതായി മേജർ ജനറൽ ശ്രീവാസ്തവ അറിയിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആർട്ടിക്കിൾ 35A, 370 എന്നിവ. 1954 മുതൽ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യേക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. നെഹ്രു സർക്കാരിന്റെ നിർദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആർട്ടിക്കിൾ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35A, 370 എന്നിവയുടെ ഭരണഘടനാ സാധുത നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ജമ്മു കശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സർക്കാരുദ്യോഗങ്ങളിൽ സംവരണം, പഠനത്തിനുള്ള സർക്കാർ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിൽ ആർട്ടിക്കിൾ 35A വർത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കർഷിക്കുന്നു.
രാഷ്ട്രപതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് 1954 ൽ ആർട്ടിക്കിൾ 35A ഭരണഘടയിൽ ഉൾപ്പെടുത്തിയത്. 370-ാം വകുപ്പുമായി ബന്ധപ്പെടുത്തി് ഈ പ്രത്യേകവകുപ്പ് കൂടി ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കായി ഭരണഘടനയിൽ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഈ വകുപ്പും ഇല്ലാതായി.
സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരിൽ നിലവിലിരുന്ന നിയമത്തിന്റെ തുടർച്ചയെന്നോളമാണ് സംസ്ഥാന ജനതയ്ക്ക് പ്രത്യേക അവകാശങ്ങൽ നൽകുന്ന വകുപ്പ് ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. 1947 ൽ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടർന്നു. തുടർന്ന് ജവഹർലാൽ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേർന്ന് ഒപ്പു വെച്ച് ഡൽഹി കരാർ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുകയായിരുന്നു. കരാർ പ്രകാരം പ്രതിരോധം, വിദേശകാര്യം വാർത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന ജമ്മു കശ്മീരിന് ബാധകമാകണണെങ്കിൽ സംസ്ഥാനസർക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച പിൻവലിച്ചതിന് ശേഷം ഭീകരാക്രമണങ്ങളുടെ കാര്യത്തിൽ 36 ശതമാനം കുറവുണ്ടായതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. അയൽ രാജ്യമായ പാക്കിസ്ഥാൻ, ഇന്ത്യക്കെതിരായ അജണ്ട നടപ്പാക്കാൻ എപ്പോഴും മറയാക്കിയിരുന്നത് ജമ്മു-കശ്മീരിനെയാണ്. ജമ്മു-കശ്മീരിലെ യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കുന്നതിൽ വിജയം കണ്ട പാക്കിസ്ഥാന് ഇപ്പോൾ അതിന് സാധിക്കുന്നില്ല. അതുതന്നെയാണ് പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ രാജ്യത്തിനുണ്ടായ പ്രധാന നേട്ടവും. ഭീകരതയുടെ വിത്ത് പാകിയ ഒട്ടേറെ തീവ്രവാദികളെ വകവരുത്തുവാനും നിരവധി ജില്ലകൾ ഭീകര മുക്തമാക്കാനും സാധിച്ചു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ വ്യക്തമായ താക്കീതാണ് ഇന്ത്യ അയൽ രാജ്യങ്ങൾക്ക് നൽകിയത്. ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കാനുള്ള ഏതൊരു നീക്കത്തേയും ചെറുക്കുമെന്ന മുന്നറിയിപ്പ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന ചൈനയ്ക്കും ഈ നടപടിയിൽ അമർഷമുണ്ട്. നിയമ വിരുദ്ധമെന്നും അസാധുവെന്നുമൊക്കെയാണ് അവരുടെ ഭാഷ്യം.
ജമ്മു-കശ്മീരിനൊപ്പം പുതിയ കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിന്റെ ഭാഗമായിട്ടുള്ളതും, ചൈന കൈവശപ്പെടുത്തിയിട്ടുള്ളതുമായ ആക്സായ് ചിൻ നഷ്ടപ്പെടുമോ എന്ന ഭയമാണ് ചൈനയെ അലട്ടുന്നത് എന്ന് വ്യക്തം. ആക്സായ് ചിൻ തിരച്ചുപിടിക്കുക എന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ആവശ്യവുമാണ്. അതിനാൽ ചൈനയുടെ ആ ഭയം സ്വാഭാവികവുമാണ്. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈന സംഘർഷം സൃഷ്ടിച്ചതും ഇതിന്റെ ഭാഗമായാണെന്ന് കരുതേണ്ടിയിരിക്കുന്നു.
വികസന പ്രവർത്തനങ്ങളിൽ നിന്ന് കശ്മീരിനെ പിന്നോട്ടടിച്ചിരുന്ന അവിടുത്തെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വന്നതിലൂടെ, വൻ വികസന പദ്ധതികളാണ് ഈ കേന്ദ്രഭരണ പ്രദേശത്തെ കാത്തിരിക്കുന്നത്. 80, 063 കോടി രൂപയുടെ വികസന പാക്കേജിൽ 63 പദ്ധതികൾ ഒരുവർഷം കൊണ്ട് പൂർത്തിയാക്കി. നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ആരോഗ്യ മേഖലയിൽ വിപ്ലവകരമായ പരിവർത്തനം വരുത്തി. രണ്ട് എയിംസ് ആശുപത്രികൾ, അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ, അഞ്ച് നഴ്സിങ് കോളേജുകൾ, ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സ്ഥാപിച്ചു. ടൂറിസം പോലുള്ള മേഖലകളിൽ വൻതോതിൽ നിക്ഷേപത്തിന് സാധ്യത പ്രയോജനപ്പെടുത്തി ജമ്മു-കശ്മീരിന്റെ വികസനമാണ് ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക്