- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത പണമിടപാടിൽ ഷവോമി ഇന്ത്യയുടെ 5551.27 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി; റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് വിദേശ കറൻസി അയച്ചെന്നു ഇ.ഡി; ചൈനീസ് കമ്പനിയുടെ പ്രവർത്തനം രണ്ട് വർഷമായി നിരീക്ഷണത്തിൽ
ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. വിദേശനാണ്യ ഇടപാട് നിയമമായ 1999ലെ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമ പ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനി അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ കമ്പനിയുടെ അനധികൃത ഇടപാടുകൾക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. 2014 ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2015 മുതൽ പണം അടയ്ക്കാൻ തുടങ്ങി. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയത് ഫെമ നിയമത്തിന്റെ ലംഘനമാണെന്നും ഇ.ഡി വ്യക്തമാക്കി. കമ്പനിയുടെ ബിസിനസ് രീതികൾ ഇന്ത്യൻ വിദേശനാണ്യ വിനിമയ നിയമവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുവാൻ ഷവോമിയുടെ മുൻ ഇന്ത്യൻ മേധാവിയെ ഇഡി വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇ.ഡി ചൈനീസ് കമ്പനിയുടെ പ്രവർത്തനം സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് മുൻ മേധാവി മനോജ് കുമാർ ജെയിനിനെ വിളിച്ചുവരുത്തിയത്.
ഷവോമിയുടെ ഇന്ത്യൻ ഘടകത്തെക്കുറിച്ചും കമ്പനിയുടെ കരാർ നിർമ്മാതാക്കളെയും ഇവരുടെ ചൈനയിലെ മാതൃസ്ഥാപനത്തെക്കുറിച്ചും ഇവയുടെ ബിസിനസ് ഘടനയെ കുറിച്ചുമാണ് ഇഡി പരിശോധിക്കുന്നത്. വിപണിയിൽ 24 ശതമാനം വിഹിതമുള്ള ഷവോമിയാണ് ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള സ്മാർട്ട് ഫോൺ ബ്രാൻഡ്. തേസമയം, ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ ഏഴുകോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിട്ടുണ്ട്.
തട്ടിപ്പ് കേസ് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വലിന് ചന്ദ്രശേഖർ വിലകൂടിയ സമ്മാനങ്ങൾ നൽകിയത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഫോർട്ടീസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങടക്കമുള്ള ഉന്നതരെ വഞ്ചിച്ചാണ് ഇയാൾ പണം കണ്ടെത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു.
(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല- എഡിറ്റർ)
മറുനാടന് ഡെസ്ക്