- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്ടുകത്തിക്ക് ക്രൂരമായി വെട്ടിയ ആൾ മരിച്ചെന്ന് അറിഞ്ഞപ്പോൾ പൊട്ടിച്ചിരി; പട്ടാപകൽ ക്രൂരതയ്ക്ക് പിന്നിൽ ഗുണ്ടാ പ്രശസ്തി നേടൽ; നെടുമങ്ങാട്ടെ രണ്ടു പേരേയും കൊല്ലാൻ പദ്ധതിയിട്ടു; പത്ത് കേസിലെ പ്രതിക്ക് അടിച്ചു പൊളിക്കാൻ അവസരം നൽകിയത് പൊലീസ് വീഴ്ച; ഓവർബ്രിഡ്ജ് കൊലയിൽ പ്രതിക്ക് ചിരി മാത്രം
തിരുവനന്തപുരം: നഗര മധ്യത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ നാട്ടിൽ 2 പേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ നെടുമങ്ങാട് സ്വദേശിയായ പ്രതി അജീഷിന്റെ (36) മൊഴി. ഇയാളുടെ വീടിനടുത്തുള്ളവരായിരുന്നു ഇരുവരും. അറിയപ്പെടുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹമെന്നും പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതോടെ ഇനി എല്ലാവരും തന്നെ ഭയക്കുമെന്നും പൊലീസിനെ പ്രതി അറിയിച്ചു.
സുഹൃത്തുക്കളായിരുന്നവർ തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിലാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി രണ്ടു പേരുടെയും വീടുകളിൽ എത്തി. ഒരാളെ കണ്ടെത്തിയെങ്കിലും മറ്റൊരാൾ വീട്ടിൽ ഇല്ലായിരുന്നു. സാഹചര്യം അനുകൂലമല്ലെന്നു കണ്ടാണ് ദൗത്യം ഉപേക്ഷിച്ചത്. ഇയാളെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടതായും സൂചനയുണ്ട്. അസഭ്യം പറഞ്ഞതിന്റേയും മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെതുടർന്നാണ് ഹോട്ടൽ റിസപ്ഷനിസ്റ്റ് നാഗർകോവിൽ കോട്ടാർ ചെട്ടിത്തെരുവിൽ നീലനെ(അയ്യപ്പൻ34) കൊലപ്പെടുത്തിയതെന്നു അജീഷ് ആവർത്തിച്ചു.
ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഉന്മാദ അവസ്ഥയിലാണ് പ്രതി. നീലൻ മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ പ്രതി പൊട്ടിച്ചിരിച്ചാണ് പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ റിസപ്ഷൻ കൗണ്ടറിൽ ഇരിക്കുകയായിരുന്ന നീലനെ വെട്ടുകത്തി ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ നെടുമങ്ങാട് ഭാഗത്തേക്കു പോയ പ്രതി സുഹൃത്തുക്കളെ കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. എന്നാൽ അത് നടന്നില്ല.
ബൈക്കിൽ പെട്രോൾ തീർന്നതോടെ മുല്ലശേരിയിൽ വച്ച് ബൈക്ക് ഒതുക്കി വച്ചു. തുടർന്ന് ചില വാഹനങ്ങളിൽ കയറി ആനായിക്കോണത്തിനടുത്ത് എത്തി. ഈ ഭാഗത്തുള്ള 2 പേരുടെ വീടുകളിലും എത്തി. റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തിയും ബാഗിൽ സൂക്ഷിച്ചിരുന്നു. ഒരു വീട്ടുടമയെ ലക്ഷ്യമിട്ട് വീട്ടിലെത്തിയെങ്കിലും തിരികെ മടങ്ങി. മറ്റൊരാളുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഇല്ലായിരുന്നു. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് അജീഷിനടുത്ത് പൊലീസ് എത്തുകയായിരുന്നു.
കൊല നടത്താൻ നെടുമങ്ങാട്ടു നിന്നാണ് അജീഷ് ഓവർബ്രിഡ്ജിലെ ഹോട്ടലിലെത്തിയതെന്ന് പനവിള ജംഗ്ഷനിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് സ്ഥിരീകരിച്ചു. തമ്പാനൂർ വഴി ഓവർബ്രിഡ്ജ് ജംഗ്ഷനിലെത്തിയ ശേഷം, വൺവേ തെറ്റിച്ചാണ് വലതുവശത്തെ ഹോട്ടലിന് മുന്നിലെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയശേഷം അജീഷിനെ കോടതിയിൽ ഹാജരാക്കി. അടുത്തമാസം 11വരെ റിമാൻഡ് ചെയ്ത് കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.
ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ അജീഷിന്റെ പേരിൽ നിലവിലുള്ളതുകൊലപാതകം അടക്കം 10 കേസുകളാണ്. രണ്ട് വധ ശ്രമം, ചന്ദനക്കടത്ത് എന്നിവയും ഉൾപ്പെടും. പോക്‌സോ, മോഷണക്കേസുകൾ പുറമേ . 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജി എന്ന ഗുണ്ടയെ ബൈക്കിന്റെ സൈലൻസർ ഊരി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഭാര്യയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മംഗലപുരം സ്വദേശി നിധീഷിനെ കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അജീഷ് പ്രതിയാണ്.
എല്ലാ കേസിലും ഇയാൾ ജാമ്യത്തിലാണ്. ജാമ്യത്തിൽ ഇറങ്ങുമ്പോൾ പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല. ജാമ്യം റദ്ദാക്കാൻ അത് മതിയായ കാരണമാണ്. എന്നാൽ ഇതിന് പൊലീസ് മുൻ കൈയെടുക്കില്ല. അതുകൊണ്ട് തന്നെ പുതിയ കേസിലും അതിവേഗം ജാമ്യം കിട്ടും. അങ്ങനെ ഗുണ്ടയായി തുടർന്നും പുറത്തു വിലസാം. അങ്ങനെയുള്ള പ്രതിയാണ് അജീഷ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം അയ്യപ്പന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
മറുനാടന് മലയാളി ബ്യൂറോ