മെൽബൺ: മെൽബണിലെ ട്രെയിൻ യാത്രകൾ ദുസ്സഹമാകുന്നതായി വ്യാപകപരാതി. ഈ വർഷം ട്രെയിൻ, ട്രാം സർവീസുകളിൽ പതിവിലേറെ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയക്കാർ പൊതുയാത്രാ സൗകര്യം കൂടുതലായും പ്രയോജനപ്പെടുത്തുന്നതാണോ കൂടുതൽ സർവീസുകൾ ഇല്ലാത്തതാണോ അമിതമായി തിരക്ക് അനുഭവപ്പെടാൻ കാരണമെന്ന് യാത്രക്കാർ തന്നെ ആരായുകയാണ്.

ഡാന്ഡിനോംഗ്, വെരിബീ സർവീസുകളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. രാവിലെ എട്ടിനും ഉച്ചയ്ക്ക് പന്ത്രണ്ടിനുമാണ് യാത്രയ്ക്ക് ഏറെ തിരക്ക് ഉണ്ടാകുന്ന സമയം. മെൽബണിൽ നിന്നും  പ്രാന്തപ്രദേശങ്ങളിലേക്കു പോകുന്ന സർവീസുകളിലെല്ലാം തന്നെ അമിതമായ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ട്രെയിൻ, ട്രാം സർവീസുകളിൽ ഇത്രത്തോളം തിരക്ക് മുൻകാലങ്ങളിലൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് യാത്രക്കാർ ഒരുസ്വരത്തിൽ ആവർത്തിക്കുകയാണ്.

ഡാന്ഡിനോംഗ്, വെരിബീ എന്നീ റൂട്ടുകൾ കഴിഞ്ഞാൽപ്പിന്നെ ക്രെയ്ഗിബേൺ, സൺബറി, സാൻഡ്രിങ്ഗാം എന്നീ റൂട്ടുകളിലാണ് തിരക്ക് ഏറെയുള്ളത്. ഓരോ ദിവസവും കഴിയുന്തോറും ട്രെയിൻ യാത്ര ദുസ്സഹമായിക്കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടോണി മോർട്ടൻ പറയുന്നു. തിരക്കേറിയ സമയങ്ങളിൽ ദുരിതം കുറയ്ക്കണമെങ്കിൽ ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തുകയാണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം. ഇടവിട്ട സമയങ്ങളിൽ സർവീസ് നടത്താൻ സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്. ഹൈസ്പീഡ് ട്രെയിനുകൾ ഈ റൂട്ടുകളിൽ ഏർപ്പെടുത്തേണ്ട കാലം കഴിഞ്ഞുവെന്നും ഡോ മോർട്ടൺ അഭിപ്രായപ്പെടുന്നു.