- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി കാര്യ വകുപ്പ് ലയിപ്പിക്കുന്നത് വിദേശകാര്യ വകുപ്പിൽ; എംബസികളും കോൺസുലേറ്റുകളും വീണ്ടും കൊള്ള സങ്കേതങ്ങളായി മാറുമോ?
ഏതാനും വർഷങ്ങൾ മുൻപ് വരെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദേശ രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും നൽകുന്ന സേവനം ആയിരുന്നു. വടക്കേ ഇന്ത്യൻ ബാബുമാരുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ഇത്തരം എംബസികളിൽ ചെന്നു ഒരു കാര്യവും സാധിക്കാത്ത അവസ്ഥയായിരുന്നു ഇതുവരെ. എല്ലാ സേവനങ്ങളും ഞൊടിയിടയിൽ സാധ്യമാക്കുന്ന
ഏതാനും വർഷങ്ങൾ മുൻപ് വരെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദേശ രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും നൽകുന്ന സേവനം ആയിരുന്നു. വടക്കേ ഇന്ത്യൻ ബാബുമാരുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ഇത്തരം എംബസികളിൽ ചെന്നു ഒരു കാര്യവും സാധിക്കാത്ത അവസ്ഥയായിരുന്നു ഇതുവരെ. എല്ലാ സേവനങ്ങളും ഞൊടിയിടയിൽ സാധ്യമാക്കുന്ന അമേരിക്കയിലും യൂറോപ്പിലും പോലും ഇന്ത്യൻ എംബസികൾ ഫ്യുഡലിസ്റ്റ് പ്രമുഖന്മാരെ പോലെ പ്രവാസികളെ കഷ്ടപ്പെടുത്തിയിരുന്നു.
എംബസികൾക്കെതിരെയുള്ള പരാതികൾക്ക് ആരും പരിഹാരം ഉണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് യുപിഎ സർക്കാർ പ്രവാസി ക്ഷേമ കാര്യം എന്ന പേരിൽ പുതിയ വകുപ്പ് ഉണ്ടാക്കുന്നതും പ്രവാസികളുടെ സാധാരണ വിഷയങ്ങൾ അങ്ങോട്ട് മാറ്റുന്നതും. ഇതോടെ എംബസികൾ ആധുനിക വൽക്കരിക്കുകയും പാസ്‌പോർട്ട് വിസ സേവനങ്ങൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചു കാര്യക്ഷമത കൂട്ടുകയും ചെയ്തു. പ്രവാസി ക്ഷേമ കാര്യ വകുപ്പു കൊണ്ട് കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും എംബസികളും കോൺസുലേറ്റുകളും അവരുടെ സേവനം മെച്ചപ്പെടുത്തിയിരുന്നു.
പുതിയ സർക്കാർ പ്രവാസി ക്ഷേമ വകുപ്പ് ഇല്ലാതാക്കിയതാണ് പിന്നീട് കേട്ട വാർത്ത. വലിയ ഗുണമൊന്നും ഇല്ലാത്ത ഒരു വകുപ്പും ഗുണമൊന്നുമില്ലാത്ത ഒരു മന്ത്രിയും ആയിരുന്നതിനാൽ ആവാം പ്രവാസികൾ കാര്യമാക്കിയില്ല. എന്തായാലും പ്രവാസി കാര്യ വകുപ്പ് കൂടി ഇനി വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കുകയാണെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയതിൽ അൽപ്പം ആശങ്ക പ്രവാസികൾക്കുണ്ട്. പഴയത് പോലെ വീണ്ടും വടക്കേ ഇന്ത്യൻ ബാബുമാരുടെ വിളയാട്ടം ആരംഭിക്കുമോ എന്ന് ആശങ്കയാണ് പലർക്കും.
പ്രവാസികൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഇനി മുതൽ വിദേശകാര്യവകുപ്പു തന്നെ കൈകാര്യം ചെയ്യുമെന്നാണ് ഇതു സംബന്ധിച്ചുള്ള പ്രസ്താവനയിൽ കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പ്രവാസികളുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രവാസികളുടെ തൊഴിൽപരമായ പ്രശ്‌നങ്ങൾ തൊഴിൽ മന്ത്രാലയത്തിനു കീഴിൽ വരുത്താനുള്ള ശ്രമങ്ങളും ഇതിനിടെ പരാജയപ്പെട്ടിരുന്നു. പ്രവാസി മന്ത്രാലയത്തിനു കീഴിലുണ്ടായിരുന്ന ഈ വകുപ്പും ഇപ്പോൾ വിദേശകാര്യ വകുപ്പിനു കീഴിലേക്ക് മാറ്റിക്കൊണ്ടാണ് കമ്മിറ്റി ഓഫ് സെക്രട്ടറീസ് തീരുമാനമെടുത്തിരിക്കുന്നത്.
പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം തന്നെ ഒരു മന്ത്രാലയത്തിനു കീഴിലായിരിക്കുന്നതാണ് നല്ലതെന്ന വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പ്രവാസി മന്ത്രാലയം നിർത്തലാക്കുന്നത്. പ്രവാസി മന്ത്രാലയം ഏറ്റെടുത്ത വിഷയങ്ങളെല്ലാം തന്നെ അവസാനം വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എംബസികൾ മുഖേനയാണ് ചെയ്തുതീർക്കുന്നതെന്ന സത്യവും എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടുകയായിരുന്നു. ലേബർ മന്ത്രാലയത്തിന് കുറെ ചുമതലകൾ കൂടി ഏൽപ്പിച്ചാൽ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അത് ഒഴിവാക്കി ഒരു മന്ത്രാലയത്തിനു കീഴിൽ പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങൾ ഒതുക്കാമെന്നും വിദേശകാര്യ സെക്രട്ടറി വാദിക്കുകയും ചെയ്തു.
പ്രവാസികൾ ഏറ്റവും കൂടുതലുള്ളതും പ്രശ്‌നങ്ങൾ നേരിടുന്നതുമായി പശ്ചിമേഷ്യയിലെ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കാനും അവ കൈകാര്യം ചെയ്യുന്നതിനും വിദേശമന്ത്രാലയം ശ്രദ്ധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. എന്നാൽ എൻആർഐകളുമായി ബന്ധപ്പെട്ട നിക്ഷേപദ്ധതികളുടെ പ്രമോഷൻ, ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് എന്നിവ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നൊഴിവാക്കി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷനു കീഴിലേക്ക് ആക്കിയിട്ടുണ്ട്. മുമ്പ് വാണിജ്യ മന്ത്രാലയത്തിനു കീഴിലായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്.
2004-ൽ വിദേശകാര്യ വകുപ്പിൽ നിന്നു മാറ്റി പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചതിൽ പിന്നെ രണ്ടു വകുപ്പുകൾക്കും പ്രത്യേകം മന്ത്രിമാരേയും നിയോഗിച്ചിരുന്നു. എന്നാൽ പ്രവാസികാര്യ വകുപ്പുകൊണ്ട് പ്രവാസികൾക്ക് പ്രത്യേക ഗുണമൊന്നും ലഭിക്കുന്നില്ലെന്ന് മോദി സർക്കാർ വിലയിരുത്തൽ നടത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ വകുപ്പിന്റെ ഭാഗമായി പ്രവാസികാര്യമന്ത്രാലയം മാറ്റാൻ തീരുമാനമായത്. മോദി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ പ്രവാസികാര്യ മന്ത്രാലയത്തിന് ഒരു മന്ത്രിയെ നിയോഗിച്ചിട്ടില്ലായിരുന്നു. വിദേശകാര്യ മന്ത്രിയായ സുഷമാ സ്വരാജ് തന്നെയാണ് ഇരുവകുപ്പുകളും കൈകാര്യം ചെയ്തു പോന്നിരുന്നത്.