ന്യൂഡൽഹി: പ്രവാസികളുടെ ഉന്നമനത്തിനായി പ്രത്യേകം രൂപീകരിച്ച പ്രവാസി വകുപ്പ് എടുത്തുകളയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി സൂചന. വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമാക്കാനാണ് നീക്കം. 2004ൽ ഒന്നാം യു.പി.എ സർക്കാരാണ് വിദേശകാര്യ മന്ത്രാലയത്തിലെ വിഭാഗത്തെ വിഭജിച്ച് കേന്ദ്രത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ചത്. മലയാളിയായ വയലാർ രവിയായിരുന്നു ഏറെ നാളും പ്രവാസികാര്യമന്ത്രി. കോൺഗ്രസിലെ മുതിർന്ന നേതാവിന് ക്യാബിനറ്റ് പദവിയും നൽകി. എന്നാൽ പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് മോദി സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിദേശ കാര്യ വകുപ്പിന്റെ ഭാഗമായി പ്രവാസികാര്യമന്ത്രാലയം മാറും.

കോൺഗ്രസ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ വയലാർ രവിയെ മന്ത്രിയായി നിലനിർത്തിക്കാനുള്ള തന്ത്രമായിരുന്നു പ്രവാസികാര്യ വകുപ്പ്. ഇതിലൂടെ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകുമെന്ന വാദവുമുയർത്തി. പ്രവാസികളിൽ ബഹു ഭൂരിഭാഗവും മലയാളികൾ ആണെന്ന വാദവുമായാണ് വയലാർ രവി വകുപ്പിൽ നിറഞ്ഞത്. എന്നാൽ പ്രവാസികൾക്ക് ഒന്നും ചെയ്യാൻ ഈ വകുപ്പിന് കഴിഞ്ഞുമില്ല. വ്യാജ റിക്രൂട്ട്‌മെന്റും തൊഴിൽ ചൂഷണമൊന്നും അവസാനിച്ചുമില്ല. ഈ സാഹചര്യത്തിലാണ് വിദേശ കാര്യവകുപ്പ് പ്രവാസികളുടെ ചുമതലയും ഏറ്റെടുക്കുന്നത്.

പ്രവർത്തനം സുഗമമാക്കുന്നതിനായി പ്രവാസികാര്യവകുപ്പ് വിദേശകാര്യത്തിൽ ലയിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഈ നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. പ്രവാസിമന്ത്രാലയത്തിലൂടെ വിദേശരാജ്യങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താനുണ്ട്. പ്രവർത്തനങ്ങൾ ഏകോപനത്തോടെ നടത്താൻ ഒരുവകുപ്പാക്കുന്നതാണ് നല്ലത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിൽ രണ്ടുവകുപ്പുകളും സുഷമയാണ് കൈകാര്യംചെയ്യുന്നത്.

പ്രവാസികളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2004ൽ ആണ് പ്രത്യേകവകുപ്പ് തുടങ്ങിയത്. നോൺ റസിഡന്റ് ഇന്ത്യൻ അഫയേഴ്‌സ് എന്നായിരുന്നു ആദ്യം അതിന് നൽകിയ പേര്. പിന്നീട് ഇത് ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് എന്നാക്കി മാറ്റി. വയലാർ രവിയായിരുന്നു ഏറെക്കാലം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. യു.പി.എയുടെ കാലത്ത് വിദേശകാര്യത്തിനും പ്രവാസികാര്യത്തിനും പ്രത്യേകമന്ത്രിമാർ ഉണ്ടായിരുന്നു. മോദി അധികാരത്തിൽ എത്തിയതോടെ ഇത് മാറി.

2004ൽ ഒന്നാം യു.പി.എ സർക്കാരാണ് വിദേശകാര്യ മന്ത്രാലയത്തിലെ വിഭാഗത്തെ വിഭജിച്ച് കേന്ദ്രത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ചത്. ജഗദീഷ് ടൈറ്റ്‌ലറിനായിരുന്നു ആദ്യ ചുമതല. പിന്നീട് ഓസ്‌കാർ ഫെർണാണ്ടസ് വകുപ്പ് മന്ത്രിയായി. അതുകഴിഞ്ഞ് വയലാർ രവിക്ക് ചുമതല ലഭിച്ചു. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് വയലാർ രവി മുഴുവൻ സമയവും വകുപ്പിന്റെ ചുമതല വഹിച്ചു. എല്ലാ കൊല്ലവും ജനുവരിയിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സംഘടിപ്പിച്ചു തുടങ്ങിയതും ഇക്കാലത്താണ്. അതല്ലാതെ ഒന്നും ചെയ്യാൻ വകുപ്പിന് കഴിഞ്ഞതുമില്ല.

പ്രവാസി വകുപ്പ് ഇല്ലാതാകുന്നത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകുമെങ്കിലും ഗുജറാത്തിൽ നിന്നുള്ള പ്രവാസികൾക്ക് കേന്ദ്രസർക്കാർ പ്രത്യേക സംവിധാനം ഒരുക്കി എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.