തിരുവനന്തപുരം: കമൽഹാസൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ അടുത്തിടെ തമിഴിൽ വലയി ഹിറ്റായ ഷോ ആയിരുന്നു. നടൻ ആരവ് വിജയിയായ ഷോയിൽ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയത് മലയാളിയായ തമിഴ്‌നടി ഓവിയ ആയിരുന്നു. ചാനൽ ഷോയിൽ ആരവുമായി പ്രണയത്തിലായിരുന്നു ഓവിയ. ഈ പ്രണയത്തെ കുറിച്ച് അവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഷോയെ ഹിറ്റാക്കിയതിലും ഇരുവരുടെയും പ്രണയത്തിനും ഒരു പങ്കുണ്ട്. ഈ പ്രണയത്തെ കുറിച്ച് ഓവിയ വനിതക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ആരവ് എല്ലാകാര്യത്തിലും എനിക്ക് സപ്പോർട്ടായി നിന്നിരുന്നു എന്നാണ് ഓവിയ പറഞ്ഞത്. അടുപ്പം പ്രണയമാണെന്ന് ഞങ്ങൾ ഇരുവരും തെറ്റിദ്ധരിച്ചു. ഇപ്പോൾ കാര്യങ്ങൾ സംസാരിച്ചു തീർത്ത് നല്ല സുഹൃത്തുക്കളായെന്നും നടി പറഞ്ഞു. ഷോയിൽ ഓവിയയുടെ എലിമിനേഷനും വലിയ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് ഓവിയ പറയുന്നത് ഇങ്ങനെ: എലിമിനേറ്റ് ആവുകയോ ഷോ തീരുകയോ ചെയ്യാതെ വീട്ടിൽ നിന്നും പുറത്തുപോകാൻ അവകാശം ഉണ്ടായിരുന്നില്ല. നടിമാരായ നമിത, ഗായത്രി രഘുറാം എന്നിവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

പലപ്പോഴും അത് വഴക്കിന്റെ വക്കിലെത്തി. സമ്മർദ്ദം താങ്ങാനാകാത്ത അവസ്ഥയിലാണ് താൻ സ്വിമ്മിങ് പൂളിലേക്ക് ചാടി ശ്വാസമടക്കി കിടന്നത്. മറ്റ് മത്സരാർത്ഥികളാണ് എന്നെ രക്ഷപെടുത്തിയത്. സൈക്കോളജിസ്റ്റ് കൗൺസിലിങ് തന്നെ അവിടെ നിർത്താൻ ശ്രമിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല. സംഭവം വിവാദമായപ്പോൾ അന്വേഷണത്തിന് പൊലീസ് വന്നു. പുറത്തിറങ്ങി ഒരു മാസത്തോളം ബഹളങ്ങളിൽ നിന്നൊഴിഞ്ഞു തൃശ്ശൂരിലെ വീട്ടിൽ വന്നു നിന്നു. അങ്ങനെ പതിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തി.

ഷോയിൽ എല്ലാ ആഴ്‌ച്ചയും ഞാൻ എലിമിനേഷന്റെ വക്കിലെത്തും. പ്രേക്ഷകർ വോട്ടു ചെയ്ത് എന്ന രക്ഷപെടുത്തും ഇത്രയും ജനപിന്തുണ ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഓന്റെ പേരിൽ ഓവിയ ആർമ്മിയൊക്കെ രൂപപ്പെട്ടിട്ടുണ്ടെന്ന കാര്യമൊക്കെ പുറത്തെത്തിയപ്പോഴാണ് അറിഞ്ഞതെന്നും നടി പറയുന്നു. റിയാലിറ്റി ഷോകൾ വ്യാജമായിരുന്നു എന്നായിരുന്നു തന്റെ ധാരണയെന്നു നടി തുറന്നു പറയുന്നു. ഇതുപോലൊരു പരിപാടിയിൽ പങ്കെടുക്കുന്നവരെല്ലാം ചാമ്പ്യന്മാരാണ്. പേടിയുള്ളവർക്ക് പോകാൻ പറ്റില്ല. ഫോൺ, ഇന്റർനെറ്റ് തുടങ്ങി യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും ഇല്ലാതെയാണ് ഷോയിൽ കഴിഞ്ഞത്.

15 സെലബ്രിറ്റികൾ ഒരു വീട്ടിൽ കഴിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഓവിയ പറയുന്നു. ബാത്ത് റൂമിൽ ഒഴികെ എല്ലായിടത്തും ക്യമാറയുണ്ട്. വസ്ത്രത്തിൽ ഘടിപ്പിച്ച മൈക്ക് എപ്പോഴും ഓൺ ചെയ്തിരിക്കും. കൂട്ടത്തിൽ ഒരാളാകും ടീം ലീഡർ. നമ്മുടെ നല്ലതും മോശമായ സ്വഭാവങ്ങളെല്ലാം ആലുകൾ കണ്ടുകൊണ്ടിരിക്കയാണ്. ഈ പരിപാടി കഴിഞ്ഞും സമൂഹത്തിലേക്ക് വരേണ്ടവരാണല്ലോ നമ്മളെന്നും സെലബ്രിറ്റികളെ ആശങ്കയിലാക്കുന്ന കാര്യമാണെന്നും ഏവിയ പറഞ്ഞു.

പത്തു വർഷത്തെ അഭിനയ ജീവിതത്തിൽ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്. ലക്ഷക്കണക്കിന് ആരാധകർ നടിക്ക് വേണ്ടി വോട്ട് ചെയ്തിട്ടും നടി സ്വയം പരിപാടിയിൽ നിന്ന് പുറത്തുപോകുകയായിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഓവിയ പറഞ്ഞത്. 'ഞാൻ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്ക് ആ ഇഷ്ടം നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാലാണ് ഞാൻ ഷോ വിട്ട് പുറത്തിറങ്ങുന്നതെന്നായിരുന്നു.



അനുഭവങ്ങൾക്കും സ്നേഹം ലഭിക്കുന്നതിനും വേണ്ടിയാണ് ഞാൻ ബിഗ് ബോസിന്റെ ഹൗസിൽ എത്തിയത്. ഈ ഷോയ്ക്ക് ഞാൻ തടസ്സം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാർത്ഥ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ സന്തോഷവതിയാണ്ഓവിയ പറഞ്ഞു. ടെലിവിഷൻ താരമാണ് ആരവ്. ഇസ് പ്യാർ കോ ക്യാ നാം ദൂൻ, മഹാഭാരതം എന്നീ ഹിന്ദി സീരിയലിൽ അഭിനയിച്ചതിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ്.

2007 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂർവ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തിൽ ശ്രദ്ധ നേടാനായില്ല. ബിഗ് ബോസ് പരിപാടിയിലൂടെ തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളായി നടി മാറി.