- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ മുസ്ലിംലീഗിന് ആശ്വസിക്കാം; എഐഎംഐഎമ്മിന്റെ പ്രവർത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അസദുദ്ദീൻ ഒവൈസി; ലീഗിനെ ശല്യം ചെയ്യേണ്ടേന്ന് തീരുമാനം; ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നും ഒവൈസിയുടെ പ്രഖ്യാപനം; നീക്കം ടിആർഎസുമായി കൈകോർത്ത് ഹൈദരാബാദ് കോർപറേഷൻ ഭരിക്കാൻ
ഹൈദരാബാദ്: അടുത്തകാലത്തായി ബിജെപിയെ വളർത്തി സ്വയം വളരുന്ന പാർട്ടിയായി മാറിയിരിക്കയാണ് അസദുദ്ദീൻ ഒവൈസി പ്രസിഡന്റായ എഐംഐഎം. ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ നേടി ഈ ഒവൈസിയുടെ പാർട്ടി ഇക്കുറി അത്ഭുതം കാട്ടിയത് സ്വന്തം കോട്ടയായ ഹൈദരാബാദിൽ സീറ്റുകൾ നിലനിർത്തിക്കൊണ്ടാണ്. ഒവൈസിയുടെ പാർട്ടിക്ക് ഇപ്പോൾ ഒരു പാൻ ഇന്ത്യൻ അനുഭാവം ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കും ഒവൈസിയുടെ പാർട്ടി എത്തുമോ എന്ന ആശങ്കകളും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കേരളത്തിലേക്ക് ഒവൈസിയും കൂട്ടരും എത്തിയാൽ അത് തിരിച്ചടിയാകുക മുസ്ലിംലീഗിനാകും എന്നുറപ്പാണ്. എന്നാൽ, ലീഗുകാർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലേക്കും ആസാമിലേക്കും പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കില്ലെന്ന് ആവർത്തിച്ച് എഐംഐഎം മേധാവി അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചു. അസാമിൽ ബദറുദ്ദീൻ അജ്മൽ നേതൃത്വം നൽകുന്ന ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (എഐയുഡിഎഫ്) കേരളത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അവരെ ശല്യം ചെയ്യാനില്ല. എന്നാൽ അവർ ആവശ്യപ്പെടുകയാണെങ്കിൽ അവിടേക്ക് പോകുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
ഹൈദരാബാദ് കോർപ്പറേഷൻ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായ ശേഷം നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു ഉവൈസി ഇക്കാര്യം വ്യക്തമാക്കിയത്. കോർപ്പറേഷൻ തെരെഞ്ഞെടുപ്പ് ഫലം ത്രിശങ്കുവിലായതോടെ ടിആർഎസ് എഐഎംഐഎം സഖ്യപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നായിരുന്നു പൊതു നിരീക്ഷണമെങ്കിലും സഖ്യത്തെ കുറിച്ച് പ്രതികരിക്കാൻ ഉവൈസി തയ്യാറായില്ല. അതേസമയം സഖ്യത്തിനുള്ള സാധ്യത കൂടുതലാണ് താനും. സംസ് ഥാനത്ത് ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന് ഒവൈസി പ്രതികരിച്ചു.
'ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബിജെപിയോട് പോരാടും. തെലങ്കാനയിലെ ജനങ്ങൾ ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് തടയുമെന്ന് ഉറപ്പുണ്ട്. 44 സീറ്റുകളിൽ ഞങ്ങൾ വിജയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ബന്ധപ്പെടുകയും അവരുടെ പ്രവർത്തനം അടുത്തദിവസം മുതൽ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു -ഒവൈസി പറഞ്ഞു. 'സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.ആർഎസ് ശക്തമായ രാഷ്ട്രീയ പാർട്ടിയാണ്. അവർ തെലങ്കാനയുടെ പ്രാദേശിക വികാരത്തെ പ്രതിനിധീകരിക്കുന്നു. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം കെ. ചന്ദ്രശേഖർ റാവു അവലോകനം ചെയ്യുമെന്ന് ഉറപ്പുണ്ട്' -ഒവൈസി കൂട്ടിച്ചേർത്തു.
ബിജെപി ഹിന്ദു വോട്ടുകൾ കേന്ദ്രീകരിച്ചേക്കും എന്ന ഭയം കൊണ്ടാണ് സഖ്യ കക്ഷിയായ എഐഎംഐഎമ്മിനെ മാറ്റി നിർത്തി ടിആർഎസ് എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എന്നാൽ ടിആർഎസിന് അനുകൂലമാകുന്ന നിലപാടുകളായിരുന്നു തെരെഞ്ഞെടുപ്പിൽ ഒവൈസിയുടേത്. സ്വന്തം സ്ഥാനാർത്ഥികളില്ലാത്ത പലയിടത്തും റാവുവിന്റെ പാർട്ടിക്ക് വോട്ട് കൊടുക്കാനായിരുന്നു ആഹ്വാനം. സഖ്യ തീരുമാനം നാളെയെ ഉണ്ടാകൂ എന്ന് അറിയിച്ചെങ്കിലും ടിആർഎസുമായി ചേർന്ന് കോർപ്പറേഷൻ ഭരിക്കുക എന്നത് തന്നെയാകും ഒവൈസിയുടെ മുന്നിലുള്ള ഏക വഴി.
150 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) 55 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞതവണ ഇവർക്ക് 99 സീറ്റുകളുണ്ടായിരുന്നു. അതേസമയം, നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 48 സീറ്റുകൾ നേടി വൻ മുന്നേറ്റമാണ് നടത്തിയത്. എ.ഐ.എം.ഐ.എം 44 സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസ് രണ്ട് സീറ്റിലൊതുങ്ങി.
മറുനാടന് മലയാളി ബ്യൂറോ