- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒവൈസി ബിജെപിയുടെ ബി ടീമായി ഇനിയും തുടരും! ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റു നേടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കുമെന്ന് ഒവൈസിയുടെ പ്രഖ്യാപനം; തങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നും വോട്ടു ഭിന്നിപ്പിക്കുന്നവർ എന്ന വിമർശനത്തിന് മറുപടി
ഹൈദരാബാദ്: കോൺഗ്രസിനും മറ്റു സെക്യുലർ പാർട്ടികൾക്കും ഭീഷണിയായി ഒവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടി. ബിഹാറിൽ ചുവടുറപ്പിച്ച ശേഷം അടുത്ത പടിയായി മറ്റു സംസ്ഥാനങ്ങളിലേക്കും ചുവടു വെക്കുകയാണ് ഒവൈസിയും കൂട്ടരും. ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന സൂചന നൽകി ഒവൈസി രംഗ്തതെത്തി.
ബിഹാറിലെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉവൈസി. ബിഹാർ വിജയത്തിൽ സന്തോഷവാനാണെന്നും സീമാഞ്ചൽ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഉവൈസി കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്ട്രീയപാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി.
''നിങ്ങൾ ഞങ്ങളോട് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് പറയുന്നത്. നിങ്ങൾ (കോൺഗ്രസ്) മഹാരാഷ്ട്രയിൽ ശിവസേനയുടെ മടിയിലാണ് ഇരിക്കുന്നത്. ഞങ്ങളെന്തിനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഞാൻ പശ്ചിമബംഗാളിലും ഉത്തർ പ്രദേശിലുമെല്ലാം മത്സരിക്കും എന്നാണ്'' -ഉവൈസി പ്രതികരിച്ചു. മുസ്ലിം വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന ബംഗാളിലും ഉത്തർപ്രദേശിലും ഉവൈസി മത്സരിച്ചേക്കുമെന്ന വാർത്ത മമത ബാനർജിയും സമാജ് വാദി പാർട്ടിയും അടക്കമുള്ളവർ നെഞ്ചിടിപ്പോടെയാണ് വീക്ഷിക്കുന്നത്.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ആരുമായി സഖ്യമുണ്ടാക്കുമെന്നത് അപ്പോൾ പറയുമെന്നും ഉവൈസി കൂട്ടിച്ചേർത്തു. വോട്ട് ഭിന്നിപ്പിക്കുന്ന ഉവൈസി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.
എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു . മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയുടെ പാർട്ടിയെ ബിജെപി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ