മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി രാജകുടുംബത്തിന് സമ്മാനമായ നൽകിയ മൂങ്ങപ്പെട്ടി മലപ്പുറം ചാലിയാറുകാരന്റെ കരവിരുതിൽ മെനഞ്ഞെടുത്തത്. നിലമ്പൂർ തേക്കിന്റെ കാതൽകൊണ്ട് നിർമ്മിച്ച മൂങ്ങയുടെ ആകൃതിയുള്ളതാണ് പെട്ടി. അഞ്ച് അറകളുണ്ട്. കുരുമുളക്, ഏലം തുടങ്ങിയവ നിറച്ചാണ് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചത്. മലപ്പുറം ചാലിയാർ നമ്പൂരിപ്പൊട്ടി സ്വദേശി ബിച്ചാവയുടെ കരവിരുതിൽ മെനഞ്ഞെടുത്ത മൂങ്ങപ്പെട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമായി അബുദാബി കൊട്ടാരത്തിലുണ്ടാകും.

യുഎഇ സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി അബുദാബി രാജകുടുംബാംഗവും യുഎഇ സാംസ്‌കാരിക മന്ത്രിയുമായ ഷൈഖ് നഹ്യാൻ ബിൻ മുബാറഖിന് കേരളത്തിന്റെ ഉപഹാരമായി ഇത് സമ്മാനിച്ചത്. തുന്നൽക്കാരനായിരുന്ന ബിച്ചാവ കാൽപതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയാണ് മനസ്സിൽ തോന്നിയ രൂപങ്ങൾ മുളയിൽ മെനഞ്ഞുതുടങ്ങിയത്.

വൈദഗ്ധ്യം തിരിച്ചറിഞ്ഞ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഇവ വാങ്ങിത്തുടങ്ങി. ഇപ്പോൾ ബിച്ചാവ ജീവിതം നെയ്യുന്നത് കരകൗശലവസ്തുക്കളുടെ വിൽപ്പനയിലൂടെയാണ്. സാംസ്‌കാരിക വകുപ്പിനും പലതരം ഉപഹാരപ്പെട്ടികൾ ഊരാളുങ്കൽ വഴി നിർമ്മിച്ചുനൽകുന്നുണ്ട്. മില്ലുകളിൽനിന്നാണ് ആവശ്യമായ മര ഉരുപ്പടി വാങ്ങുന്നത്. കഥകളി, കാളവണ്ടി, അണ്ണാറക്കണ്ണൻ, വേഴാമ്പൽ തുടങ്ങിയവയുടെ നിർമ്മാണത്തിലാണിപ്പോൾ.