കൊച്ചി: പുനരുപയോഗിക്കാവുന്ന ഊർജ്ജരംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗ്രീൻകോ ഇന്ത്യയിലേയ്ക്ക് അടിയന്തരമായി മെഡിക്കൽ ഓക്‌സിജൻ എത്തിച്ചു. മെഡിക്കൽ ഓക്‌സിജന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 1000 വലിയ മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് അഞ്ച് കാർഗോ വിമാനങ്ങളി ലായി എത്തിക്കുന്നത്. ആദ്യത്തെ വിമാനത്തിൽ 200 വലിയ മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഇന്ന് ഹൈദരാബാദിൽ എത്തി. മിനിട്ടിൽ പത്ത് ലിറ്റർ ഓക്‌സിജൻ ലഭ്യമാക്കാൻ സഹായിക്കുന്ന ഇവ മഹാമാരിയുടെ മാരകമായ രണ്ടാം തരംഗത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തി പകരും.

കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള വിതരണശൃംഖലയിൽനിന്നായി ലഭ്യമാക്കിയ അഞ്ച് കാർഗോ വിമാനങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നും അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ നാല് വിമാനങ്ങൾകൂടി വലിയ മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ കോൺസൻട്രേറ്ററുകളുമായി എത്തുമെന്നും ഗ്രീൻകോ എംഡിയും സിഇഒയുമായ അനിൽ ചാലമസെട്ടി പറഞ്ഞു.

ടിയർ 2, ടിയർ 3 നഗരങ്ങളിൽ രോഗികൾക്ക് പ്രീ-ഐസിയു സൗകര്യങ്ങൾ ഒരുക്കുന്നതിനും പോസ്റ്റ് ഐസിയു സ്റ്റെബിലൈസേഷനും ഇത് സഹായിക്കും. ആരോഗ്യസംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യത്തിനും പിന്തുണ സംവിധാനങ്ങൾക്കും കടുത്ത വെല്ലുവിളി ഉയർത്തിയ കോവിഡിന്റെ രണ്ടാം തരംഗത്തെയും പടരുന്ന പുതിയ മാരകമായ ഇനത്തെയും ചെറുക്കുന്നതിന് ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് അർബൻ ഡവലപ്‌മെന്റ്, ഇൻഡസ്ട്രീസ് ആൻഡ് ഐടി ഇ & സി വകുപ്പ് മന്ത്രി കെ.ടി. രാമറാവു, ചീഫ് സെക്രട്ടറി സോമേഷ് കുമാർ എന്നിവർ ചേർന്ന് ഓക്‌സിജൻ സിലിണ്ടർ എത്തിച്ച വിമാനത്തെ സ്വീകരിച്ചു. ഗ്രീൻകോ സഹസ്ഥാപകൻ അനിൽ ചാലമലസെട്ടി, മഹേഷ് കൊല്ലി എന്നിവരും ആദ്യ കാർഗോ വിമാനത്തെ വരവേൽക്കാൻ എത്തിയിരുന്നു.

ഗ്രീൻകോ സ്ഥാപകർക്ക് മന്ത്രി കെ.ടി. രാമറാവു നന്ദി അറിയിച്ചു. രോഗികൾക്ക് ആശ്വാസം എത്തിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്നും ഓക്‌സിജൻ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.