- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് മലയാളിയുടെ മസ്തിഷ്ക്കത്തിൽവച്ച ഒളിക്യാമറ; 'ഒഴിവുദിവസത്തെ കളി' അവിസ്മരണീയമായ ദൃശ്യാനുഭവം; അരമണിക്കൂർ നീളുന്ന ഒറ്റഷോട്ട് ക്ലൈമാക്സിൽ ഞെട്ടിച്ച് സനൽകുമാർ ശശിധരൻ!
അവാർഡ് സിനിമയെന്നത് ഒരു ചീത്തപ്പേരായി മാറിയ നാടാണ് നമ്മുടേത്.മറ്റു രാജ്യങ്ങളിലൊക്കെ അവാർഡ്, തീയേറ്റുകളിലേക്കുള്ള സിനിമയുടെ പ്രവേശവും വാണിജ്യവിജയവും ഉറപ്പിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലത് നേരെ തിരിച്ചാണ്.അതിന് പ്രേക്ഷകരെമാത്രം കുറ്റം പറയുന്നതിലും കാര്യമില്ല. പതിഞ്ഞ സംഭാഷണവും, നരച്ച ഷോട്ടുകളും, മന്ദതയും വിരസതയും, പരസ്പര ബന്ധമില്ലാത്ത രംഗങ്ങളുമൊക്കെയായി എന്തൊക്കെയോ കാട്ടിക്കൂട്ടിയ വട്ടുകേസുകളായാണ്, മലയാളി സാധാരണ പ്രേക്ഷകർ നമ്മുടെ ഭൂരിഭാഗം അവാർഡ് സിനിമകളെ കണ്ടത്.( അടുത്തകാലത്ത് ഈ അവസ്ഥ ഗണ്യമായി മാറിയിട്ടുണ്ടെങ്കിലും) എന്നാൽ ഇപ്പോൾ തീയേറ്ററുകളിലുള്ള, കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയ 'ഒഴിവുദിവസത്തെ കളി' ഒന്നു കണ്ടുനോക്കൂ. അവധി ദിവസമായ ഒരു പോളിങ്ങ് ദിനത്തിൽ അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന കളിയുടെ കുരുക്കിൽ പ്രേക്ഷകരും പെട്ടുപോവുന്ന അതിതീക്ഷ്ണമായ അനുഭവം. മന്ദതയും ബോറടിയുമില്ലായെ, ഒരു സി.സി.ടി.വിയിൽനിന്നൊക്കെ നമ്മുടെ ജീവിതം നാംതന്നെ കാണുന്നതുപോലുള്ള അപൂർവത. ചിത്രം അവസാനിക്
അവാർഡ് സിനിമയെന്നത് ഒരു ചീത്തപ്പേരായി മാറിയ നാടാണ് നമ്മുടേത്.മറ്റു രാജ്യങ്ങളിലൊക്കെ അവാർഡ്, തീയേറ്റുകളിലേക്കുള്ള സിനിമയുടെ പ്രവേശവും വാണിജ്യവിജയവും ഉറപ്പിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലത് നേരെ തിരിച്ചാണ്.അതിന് പ്രേക്ഷകരെമാത്രം കുറ്റം പറയുന്നതിലും കാര്യമില്ല. പതിഞ്ഞ സംഭാഷണവും, നരച്ച ഷോട്ടുകളും, മന്ദതയും വിരസതയും, പരസ്പര ബന്ധമില്ലാത്ത രംഗങ്ങളുമൊക്കെയായി എന്തൊക്കെയോ കാട്ടിക്കൂട്ടിയ വട്ടുകേസുകളായാണ്, മലയാളി സാധാരണ പ്രേക്ഷകർ നമ്മുടെ ഭൂരിഭാഗം അവാർഡ് സിനിമകളെ കണ്ടത്.( അടുത്തകാലത്ത് ഈ അവസ്ഥ ഗണ്യമായി മാറിയിട്ടുണ്ടെങ്കിലും) എന്നാൽ ഇപ്പോൾ തീയേറ്ററുകളിലുള്ള, കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയ 'ഒഴിവുദിവസത്തെ കളി' ഒന്നു കണ്ടുനോക്കൂ. അവധി ദിവസമായ ഒരു പോളിങ്ങ് ദിനത്തിൽ അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന കളിയുടെ കുരുക്കിൽ പ്രേക്ഷകരും പെട്ടുപോവുന്ന അതിതീക്ഷ്ണമായ അനുഭവം. മന്ദതയും ബോറടിയുമില്ലായെ, ഒരു സി.സി.ടി.വിയിൽനിന്നൊക്കെ നമ്മുടെ ജീവിതം നാംതന്നെ കാണുന്നതുപോലുള്ള അപൂർവത. ചിത്രം അവസാനിക്കുമ്പോൾ ജനം തീയേറ്ററിൽ കൈയടിയോടെ എഴുന്നേറ്റ് നിൽക്കയാണ്്. ഈ പടം വിതരണത്തിനെടുത്ത സംവിധായകൻ ആഷിക് അബുവും ഹൃദയംഗമായ അഭിനന്ദം അർഹിക്കുന്നു.സമാന്തര സിനിമയും വ്യാവസായിക സിനിമയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നുവെന്നതുകൂടി ഈ പടത്തിന്റെ പ്രത്യേകതയാവട്ടെ.
മലയാളിയുടെ മസ്തിഷ്‌കത്തിൽവച്ച ഒരു ഒളിക്യാമറയാണ് ഈ സിനിമ. മലയാളി പൊതുസമൂഹം ഒളിപ്പിച്ചുവച്ച ജീവിത യാഥാർഥ്യങ്ങളെ ഇത്രമേൽ തീക്ഷ്ണമായി ചിത്രീകരിച്ച പടം, അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. രോഹിത് വെമൂലമാരുടെ കാലത്ത് കീഴാളന്റെ ജീവിതത്തോടുള്ള കൃത്യമായ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ് ഈ പടം. ഒറ്റഷോട്ടിൽ അരമണിക്കുറിലേറെ വരുന്ന ഈ പടത്തിന്റെ കൈ്‌ളമാക്‌സിലെ കളി, ചങ്കിടിപ്പോടെ മാത്രമേ കണ്ടിരിക്കാനാവൂ.അരാഷ്ട്രീയതയിൽ തുടങ്ങി സ്ത്രീവിരുദ്ധതയിലേക്കും ജാതീയതയിലേക്കും അവസാനം ഹിംസാത്മകതയിലേക്കും നീങ്ങുന്ന ആ സുഹൃദ് സംഘത്തിന്റെ പരിണാമം വിറയലോടെ മാത്രമെ കണ്ടിരിക്കാൻ കഴിയൂ.ടി.വി ചന്ദ്രന്റെ 'കഥാവശേഷനാണ്' ഇതുപോലൊരു ഷോക്ക് മുമ്പ് സമ്മാനിച്ചത്. അതേ ടി. വി ചന്ദ്രനൊക്കെ ഇപ്പോൾ ഒരേ പാറ്റേണിലുള്ള ട്രാഷ് സിനിമകൾ എടുത്തുകൊണ്ടിരിക്കുന്ന കാലത്ത് ,തീർച്ചയായും ഈ പടത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരനെ മലയാള സിനിമ കാത്തിരിക്കയായിരുന്നെന്ന് പറയാം.
ഇതൊരു കൃത്യമായ രാഷ്ട്രീയ ചിത്രം
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ വിവിധ ദൃശ്യങ്ങളിലാണ് സിനിമ തുടങ്ങുന്നതെന്നതും യാദൃശ്ചികമല്ല.വിമോചന സമരത്തിനുശേഷം കേരളത്തിൽ ഇത്ര ശക്തമായ ജാതിരാഷ്ട്രീയത്തിനും വർഗീയ ധ്രുവീകരണത്തിനും വഴിമരുന്നിട്ട അരുവിക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം ഈ പടത്തിന്റെ മിക്ക രംഗങ്ങളിലും കാണാം. തെരഞ്ഞെടുപ്പ് ദിവസം ആഘോഷിക്കാനാണ്, മധ്യവയസ്സിലേക്ക് കടക്കുന്ന അഞ്ചുസുഹൃത്തുക്കളുടെ തീരുമാനം. ഉപേക്ഷിക്കപ്പെട്ടതുപോലെ കിടക്കുന്നു ഒരു ഇറിഗേഷൻ ഗസ്റ്റ്ഹൗസിൽ വനക്കാഴ്ചകൾകണ്ടും, പുഴയിൽ കുളിച്ചും മദ്യപാനവും പാട്ടും കൂത്തുമായി അവർ തങ്ങളുടെ ഒഴിവുദിനം അർമാദിക്കയാണ്്. പ്രത്യക്ഷത്തിൽ എല്ലാവരും ഒരേ സ്വഭാവക്കാരാണെന്ന് പ്രേക്ഷകന് തോന്നുമെങ്കിലും വൈകാതെതന്നെ അത് അങ്ങനെയല്ലന്ന് മനസ്സിലാവും. ഗൾഫിൽപോയി ചെയ്ത് അത്യാവശ്യം സമ്പന്നനായി വന്ന ഒരാൾ, അയാളുടേപോലെ തന്നെയുള്ള മനോഘടനയുള്ള മറ്റൊരാൾ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് മുങ്ങിയ ഒരു സർക്കാർ ഉദ്യോഗസ്ഥൻ, സുഹൃത്തുക്കൾ തിരുമേനിയെന്ന് വിളിക്കുന്ന ഒരു നമ്പൂതിരി,കറുത്തവനും കൂട്ടത്തിൽ മാനസികമായി ദുർബലനുമെന്ന് തോന്നിക്കുന്ന ദാസൻ എന്നിവരാണ് ഈ സംഘത്തിലുള്ളത്.ഗസ്റ്റ്ഹൗസിന്റെ വാച്ചറായ മെല്ലിച്ച ഒരുത്തനും അവർക്ക് ഭക്ഷണമുണ്ടാക്കാനായി വന്ന ഗീതയുമായാൽ സിനിമയായി.
ഇതിനിടയിലേക്ക് പ്രേക്ഷകരെ കാഴ്ചക്കാരെന്ന രീതിയിൽ കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകൻ. മദ്യം നന്നായി ഉള്ളിൽ ചെല്ലുമ്പോഴും അവരുടെ പൂച്ചുകൾ അവർ അറിയാതെ തന്നെ പുറത്ത് ചാടുന്നു. അരാഷ്ട്രീയതയിൽ തുടങ്ങുന്ന അവരുടെ ചർച്ചകൾ പലപ്പോഴും സ്ത്രീവിരുദ്ധമാണ്.അവർക്ക് കപ്പയും കോഴിക്കറിയും ഉണ്ടാക്കാനായി ഗസ്റ്റ് ഹൗസിലത്തെിയ ഗീതയെന്ന സ്ത്രീയോടുള്ള സമീപനം അത് വ്യക്തമാക്കുന്നു. അഞ്ചിൽ മൂന്നുപേരെങ്കിലും അവളെ പ്രാപിക്കാനായി മുട്ടി നോക്കുന്നു.അതിലുള്ള സമീപനത്തിൽ മാത്രമാണ് അവർ വ്യത്യാസം കാണിക്കുന്നത്. കൂട്ടത്തിൽ ജനാധിപത്യപുരോഗമനവാദിയെന്ന് തോന്നിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻപോലും ബലം പ്രയോഗിക്കാതെ അവളുടെ സമ്മതത്തോടെ ബന്ധപ്പെടാം എന്ന ആശയക്കാരനാണ്. എന്നാൽ ഏത് തൊഴിലെടുത്തു ജീവിക്കുന്ന പെൺകുട്ടിക്കും അവളുടേതായ അന്തസുണ്ടെന്ന് അയാൾ ഓർക്കുന്നില്ല. വലിയ പുരോഗമനം പറയുമ്പോഴും, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവാതെ വ്യാജ മെഡിക്കൽ സർട്ടിഫിക്കേറ്റിന്റെ പിൻബലത്തിൽ അവധിയെടുത്താണ് അയാൾ ഈ കൂട്ടായ്മയിൽ എത്തിയതുതന്നെ.ഏത് ലൈംഗിക ബന്ധത്തിലും അൽപ്പം ആക്രമണത്തിന്റെ സ്വഭാവമുണ്ടെന്ന് പറയുന്ന അയാളുടെ കൂട്ടുകാരനാവട്ടെ, സ്വന്തം ഭാര്യയെക്കുറിച്ച് ചെറിയൊരു പരാമർശം വന്നതുപോലും താങ്ങാനാവുന്നില്ല. ഏതോ ഒരു പെണ്ണിനെക്കുറിച്ച് പറഞ്ഞപ്പോൾ കുടംബത്തുള്ള ഭാര്യയെ ഇങ്ങോട്ട് വലിച്ചിഴക്കുന്നതെന്തിനാണെന്നാണ് അയാളുടെ ക്ഷോഭം. കുടുംബം എന്ന വ്യവസ്ഥിതിയുടെ സംരക്ഷകനായി നിന്നുകൊണ്ടുതന്നെ തന്റെ സ്വാർഥതക്കായി ഏതറ്റവുംവരെ പോകുന്ന ശരാശരി മലയാളി പുരുഷന്റെ ഹിപ്പോക്രസി വ്യക്തം. കൂട്ടത്തിൽ നായകനെന്ന് തോന്നിക്കുന്ന പ്രവാസി, ഗീതയെ കയറിപ്പിടിച്ച് തല്ലും വാങ്ങുന്നു.എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ മാന്യനായി അയാളും നടക്കുന്നു. പലഘട്ടത്തിൽ അയാളുടെ ഈഗോ ചുരമാന്തി പുറത്തുചാടുന്നത് കാണാം. മദ്യലഹരിയിൽ തന്നെ സുഹൃത്ത് നീയെന്ന് വിളിച്ച്‌പോയതുപോലും അയാൾക്ക് വലിയ അപരാധമാണ്. ഒരുഘട്ടത്തിൽ ചൂടായ അയാൾ പറയുന്നത് 'എൻേറത് തിന്ന് എന്നെ കുറ്റം പറയുന്നോടാ' എന്നാണ്.
അടിയന്തരാവസ്ഥയോടുള്ള ആരാധനയിൽനിന്ന് അവരുടെ രാഷ്ട്രീയബോധം സംവിധായകൻ കാട്ടിത്തരുന്നു. അവരിൽ രണ്ടുപേർക്കെങ്കിലും സമയത്തിന് സർക്കാർ ജീവനക്കാർ ജോലിക്കത്തെിയ, ട്രെയിനുകൾ സമയത്തിന് ഓടിയ മനോഹരമായ കാലമാണ് അടിയന്തരാവസ്ഥ.
ദലിത്‌ലിംഗ സ്വത്വരാഷ്ട്രീയപരമായ ഒരു ഡയലോഗ് പോലും ഈ പടത്തിൽ തുന്നിച്ചേർത്തിട്ടില്ല. കാണുന്ന പ്രേക്ഷകർക്ക് എങ്ങനെയും വ്യാഖ്യാനിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന.അതുതന്നെയാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
പുരുഷത്വം ആഘോഷിക്കുക്കയാണെന്ന് പറയുമ്പോഴും കോഴിക്കറിക്കായി കോഴിയെ കൊല്ലാൻ പോലും അവർക്കാർക്കം കഴിയുന്നില്ല. കറുത്തവനും കീഴാളനുമായ ദാസനാണ് ആ ജോലി ചെയ്യേണ്ടിവരുന്നത്. നേരത്തെ പ്‌ളാവിൽ കയറി ചക്കയിടാനും അവർ ഉപയോഗിച്ചത് ദാസനെയാണ്. ദാസൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതല്ല ഇതൊക്കെയെന്ന് വ്യക്തം. സൗഹൃദങ്ങളിൽപോലും മലയാളി ഒളിപ്പിച്ചുവെക്കുന്ന സവർണപൊതുബോധം അയാളെയും കീഴ്‌പ്പെടുത്തുകയാണ് പിന്നീട് നാം അറിയുന്നത്.പല രംഗങ്ങളിലും സോഡ പൊട്ടിക്കുന്നതും മദ്യം ഒഴിച്ചുകൊടുക്കുന്നതും ഇതേ ദാസനാണ്.എന്തുകൊണ്ട് തിരുമേനിയൊക്കൊണ്ട് ആരും ഈ പണിയൊന്നും ചെയ്യിക്കുന്നില്‌ളെന്ന്,ഒരു ഡയലോഗുപോലും പറയാതെ സിനിമ നമ്മോട് ചോദിക്കുന്നു. അതുപോലെതന്നെ ദാസന്റെ കറുപ്പിനെ പരിഹസിച്ചതിന്റെപേരിൽ അയാൾ ഒരിക്കൽ സംഘത്തലവനോട് ഉടക്കുന്നുമുണ്ട്.
കൂട്ടത്തിൽ പറയട്ടെ അരുവിക്കര ഉപതെരെഞ്ഞെടുപ്പിന്റെ പോളിങ്ങ് ശതമാനത്തെക്കുറിച്ചൊക്കെ എന്തെങ്കിലും അറിയേണ്ടത് ദാസനുതന്നെയാണ്. ആ പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ ബംഗ്‌ളാവിലെ ടീവി നോക്കുന്നതും അയാൾ തന്നെ.മറ്റുള്ളവർക്ക് ആരും ജയിച്ചാലും കണക്കാണ്.ജാതി പാർട്ടികൾ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്‌ളെന്നും അതിലെ ജനാധിപത്യവാദി ഒരിക്കൽ ദാസനെ ഓർമ്മിപ്പിക്കുന്നു.
ദാസനുകിട്ടുന്ന പരിഗണനയുടെ നേരെ തിരച്ചാണ് തിരുമേനിക്ക് കിട്ടുന്നത്. 'കോഴിയെ പിന്നെ തിരുമേനി കൊല്ലുമോ' എന്ന ചോദ്യത്തിൽതന്നെ എല്ലാമുണ്ട്. പക്ഷേ സംസാരത്തിലും പ്രകൃതത്തിലും തികഞ്ഞ സ്വാത്വികനാണ് അയാൾ. നമ്പൂതിരിയാണ് കാട്ടിലെ ഈ സ്ഥലം കൂട്ടുകാർക്ക് കാണിച്ചുകൊടുക്കുന്നത്. മദ്യം തീർന്നുപോയപ്പോൾ തിരുമേനി ഏറെ കഷ്ടപ്പെട്ടാണ് അത് സംഘടിപ്പിച്ചു കൊടുക്കുന്നത്.പക്ഷേ സമൂഹത്തിലെ അബോധമായ സവർണബോധം അയാളെ, ദാസനിൽനിന്ന് ഉയരത്തിൽ മാറ്റിനിർത്തുകയാണ്.
ഒടുക്കത്തെ കളിയിൽ സംഭവിച്ചത്
അങ്ങനെ പരസ്പരും കലഹിച്ചും, ഒത്തുതീർപ്പിലത്തെിയും മദ്യപിച്ചും പുകവലിച്ചും പാട്ടുപാടിയും ഒരു ദിനം അനുഭവിക്കുന്ന അവർ,അവസാനം നേരംപോകതെ കുട്ടികൾ കളിക്കുന്ന ഒരു കളി കളിക്കുന്നു. കള്ളനും, പൊലീസും, രാജാവും മന്ത്രിയുമായുള്ള കുട്ടികളുടെ ചിരപുരാതനമായ കളി. തുണ്ടുപേപ്പറിൽ എഴുതിയിട്ട് നറുക്കെടുക്കും. പൊലീസായി നറുക്കുകിട്ടുന്നവർ കള്ളനെ കണ്ടത്തെണം. കള്ളനെ തെറ്റായി കണ്ടത്തെിയാൽ പൊലീസിന് ശിക്ഷയുണ്ട്. ഒടുക്കം കള്ളനും. നറുക്കെടുപ്പിൽ പെടുത്താതെ അവർ തിരുമേനിയെ ന്യായാധിപ പദവിയിൽ വാഴിക്കയാണ്. നമ്പൂരിയല്ലായെ ആരാണ് അതിന് യോഗ്യൻ എന്ന സവർണപൊതുബോധം അവിടെയും അയാൾക്ക് മുതൽക്കുട്ടാവുന്നു.
കളിച്ചു കളിച്ച് ഈ കളികാര്യമാവുന്നു. അധികാരവും ജാതിയും ഭരണകൂടവുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന സമകാലീന ഇന്ത്യൻ അവസ്ഥ ഓർക്കുന്നവർക്ക് വിറയലോടെമാത്രമേ ഈ ചിത്രത്തിന്റെ കൈ്‌ളമാക്‌സ് കാണാൻ കഴിയൂ.പക്ഷേ നിങ്ങൾ പൂർണമായും യുക്തിയുടെ ഭാഗത്തിനിന്ന് ചിന്തിക്കുന്ന ആളാണെങ്കിൽ അൽപ്പം യുക്തിരാഹിത്യം ഈ കൈ്‌ളമാക്‌സിൽ ആരോപിക്കാവുന്നതുമാണ്.
എന്നുവച്ച് വെറും ജാതിഭാന്ത്രന്മാരോ അർധ ഫാസിസ്റ്റുകളോ അല്ല ഇവർ അഞ്ചുപേരും. അവരുടെയാക്കെ ഉള്ളിലുള്ള ജനാധിപത്യവിരുദ്ധതയുടെയും ഹിപ്പോക്രസിയുടെയും അംശങ്ങൾ പലപ്പോഴായി പുറത്തുചാടുന്നുവെന്നേയുള്ളൂ.അതുകൊണ്ട് തന്നെയാണ് ഉൽബുദ്ധനെന്ന് നടിക്കുന്ന മലയാളിയുടെ മസ്തിഷക്കത്തിൽ ഘടിപ്പിച്ച ഒളിക്യാമറയായി ഈ ചിത്രം മാറുന്നതും.
സംവിധായകനാണ് താരം
പന്ത്രണ്ട് വർഷം മുമ്പ് ഉണ്ണി ആർ എഴുതിയ ഇതേ പേരിലുള്ള കഥയെ ഉപജീവിച്ചാണ് സനൽകുമാർ ശശിധരൻ സിനിമയെടുത്തത്. എന്നാൽ ഉണ്ണിയുടെതന്നെ'ലീല'യെപ്പോലെ കഥ വായിച്ച് സിനിമ കണ്ടവർക്ക് കടുത്ത നിരാശ സമ്മാനിക്കുന്നില്ല ഈ പടം.മറിച്ച് കഥയേക്കാൾ സിനിമ എത്രയോ മുകളിൽ പോയിരിക്കുന്നു.
കഥയിൽ നാലുപേർ മാത്രമായിരുന്നെങ്കിൽ സിനിമയിൽ അഞ്ചാമനെയും, ഒരു ദലിതയെന്ന് തോന്നിക്കുന്ന സ്ത്രീകഥാപാത്രത്തെയുമൊക്കെയിട്ട് ഉണ്ണിയുടെ കഥയെ പൊളിച്ചു പണിതിരിക്കയാണ് സനൽ.അതാണ് ഈ പടത്തിന്റെ വിജയവും.കഥയിലെ സൂചനകളും സാധ്യതകളും സംവിധായകൻ നന്നായി വികസപ്പിച്ചു.ചെറുകഥയുടെ കോപ്പിയല്ല, സ്വതന്ത്രമായ പുനരാഖ്യാനവുമാണ് ഇവിടെ സംഭവിച്ചത്. രഞ്ജിത്തിന്റെ 'ലീലക്ക്' പറ്റിയ ഒരു കുഴപ്പവും ഇതുതന്നെയാണ്. കഥ മാത്രംവച്ച് തിരക്കഥയില്ലാതെയെടുത്ത പടമെന്ന അപുർവതയും ഇതിനുണ്ട്. രാജീവ് രവിയുടെ ചിത്രങ്ങൾ ഒഴിവാക്കിയാൽ, മലയാള സിനിമ നാളിതുവരെ കണ്ടിട്ടില്ലാത്ത ഒരു പരീക്ഷണം തന്നെയാണിത്. ഒരു വിവാഹ വീഡിയോ ആൽബത്തിലെന്നപോലെ നടന്മാർ അഭിനയിക്കുകയല്ല, സ്വാഭാവികമായ പെരുമാറുന്നതുപോലെയാണ് തോനുന്നത്. ഇതിൽ അഭിജ ശിവകയെമാത്രമാണ് മുമ്പ് സിനിമയിൽ കണ്ട് പരിചയം തോന്നുന്നത്.( നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സ്‌കൂൾ ബസ് തുടങ്ങിയ മുമ്പുകണ്ട സിനിമകളിലെ തനിയാവർത്തനമാണ് അഭിജക്ക് ഈ പടത്തിലെ ഗീതയും.ഇരുനിറം ആയതുകൊണ്ടാവണം സ്ഥിരമായി വേലക്കാരി വേഷങ്ങളിലാണ് അഭിജ.നിറത്തിന്റെ രാഷ്ട്രീയം പറയുന്ന ഈ ചിത്രത്തിലും!) മറ്റ് അഭിനേതാക്കളായ നിസ്താർ സേട്ട്, അരുൺ നായർ,ബൈജു നെറ്റോ,പ്രദീപ് കുമാർ,ശ്രീധർ, എന്നിവരൊക്കെ ശ്രദ്ധേയാമാവുന്നത് സ്വാഭാവികതകൊണ്ടാണ്. അല്ലാതെ ഈ പടത്തിൽ ആരും അഭിനയിച്ച് തകർക്കുന്നില്ല.
ആദ്യചിത്രമായ 'ഒരാൾപൊക്കം'ത്തിൽ നിന്ന് തീർത്തും വേറിട്ടൊരു ചിത്രമൊരുക്കിയതിലും സനൽകുമാർ ശശിധരൻ എന്ന സംവിധായകൻ പൂർണമായും വിജയിച്ചു.
പക്ഷേ ആദ്യരംഗങ്ങളിലെ ചില ഷോട്ടുകൾ വല്ലായെ നീണ്ടുപോയതും സംഭാഷണ വ്യക്തതയില്ലാത്തതുമാണ് ഈ പടത്തിലെ ഏക കല്ലുകടിയായി തോന്നിയത്.എന്നാൽ പടം പുരോഗമിക്കുമ്പോൾ ഈ പരിമിതി മറികടക്കുകയും ചടുലമാവുകയും ചെയ്യുന്നു. ഛായാഗ്രാഹകൻ ഇന്ദ്രജിത്തും, സംഗീതസംവിധായകൻ ബേസിൽ ജോസഫും ഒരു നാച്ചുറ്വൽ സിനിമ ആവശ്യപ്പെടുന്നത് നൽകിയിട്ടുണ്ട്.
വാൽക്കഷ്ണം: ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഏറ്റവും വലിയ അഭിനന്ദനം കൊടുക്കേണ്ടത് ഇത് തീയേറ്റുകളിൽ എത്തിക്കുന്നതിന് കാരണക്കാരനായ സംവിധായകൻ ആഷിക്ക് അബുവിനെ തന്നെയാണ്.അവാർഡ് സിനിമയെന്ന് പറഞ്ഞ് പെട്ടിയിലിക്കേണ്ട ഒരു പടം ഇന്ന് ഈ മഴക്കാലത്തും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുകയാണ്.മൂലധനകേന്ദ്രീകൃത താൽപ്പര്യം മാത്രം തെളിയുന്ന നമ്മുടെ ചലച്ചിത്രമേഖലയെ നവീകരിക്കാൻ ആഷിക്ക് അബുവിനെപ്പോലുള്ളവർ ശ്രമിക്കുന്ന്, നമ്മുടെ സൂപ്പർതാരങ്ങളും സൂപ്പർ സംവിധയകരുമൊക്കെ കണ്ടുപടിക്കട്ടെ.