കണ്ണൂർ: മൂന്നാമത് പി അനന്തൻ സ്മാരക മാധ്യമ അവാർഡ് പ്രമുഖ മാധ്യമപ്രവർത്തകൻ വെങ്കിടേശ് രാമകൃഷ്ണന് നൽകും.സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കോഴിക്കോട് ദേശാഭിമാനി മാനേജറുമായിരുന്ന പി അനന്തന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

മാധ്യമരംഗത്തെ മഗ്ര സംഭാവന പരിഗണിച്ചാണ് വെങ്കിടേശ് രാമകൃഷ്ണന് അവാർഡ് നൽകുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാണ് വെങ്കിടേശ്. സമ്മർദ്ദങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങാതെ, മതനിരപേക്ഷ മൂല്യങ്ങൾക്കുവേണ്ടിയും ഭരണകൂട ധിക്കാരങ്ങൾക്കെതിരെയും വെങ്കിടേശ് ധീരമായ ഉറച്ച നിലപാടുകൾ സ്വീകരിച്ചുവരുന്നു.

ദി ഹിന്ദു ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ ഫ്രണ്ട് ലൈനിന്റെ ഡൽഹി ബ്യൂറോചീഫും സീനിയർ അസോസിയേറ്റ് എഡിറ്ററുമാണ്. ദേശാഭിമാനിയിലൂടെയാണ് പത്രപ്രവർത്തന രംഗത്തേക്ക് വരുന്നത്. 36 വർഷമായി അച്ചടി- ശ്രാവ്യ - ദൃശ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു. ടെലഗ്രാഫ്, ബിബിസി, ഡൽഹി ആ സ്ഥാനമായുള്ള തേർഡ് ഐ ടി.വി, ദേശാഭിമാനി പബ്ലിക്കേഷൻസിന്റെ മലയാളം ആനുകാലികങ്ങൾ എന്നിവയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇന്ത്യ വിഷൻ ന്യൂസ് സ്ഥാപകടീമിന്റെ തലപ്പത്തുമുണ്ടായിരുന്നു. ഒട്ടേറെ വെബ് പോർട്ടലുകളിൽ ഇടപെടാറുണ്ട്.

ദേശീയ - സാർവദേശീയ രാഷ്ട്രീയം, സാമൂഹ്യനീതി, മത നിരപേക്ഷത, പൊതുജനാരോഗ്യം, പരിസ്ഥിതി മേഖലകളിൽ വെങ്കിടേശ് രാമകൃഷ്ണൻ നൽകിവരുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നുും അവാർഡ് കമ്മിറ്റി വിലയിരുത്തി. കണ്ണൂർ സ്വദേശിയാണ് വെങ്കിടേശ് . ഭാര്യ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. ചിത്ര വെങ്കിടേശ്വരൻ. ആരോഗ്യ - വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിച്ച് സന്നദ്ധ സേവനത്തിന് നേതൃത്വം വഹിക്കുന്നു. മകൾ ലക്ഷ്മി വെങ്കിടേശ് - ബംഗ്ലൂർ.

പത്രപ്രവർത്തകരായ കെ വി .കുഞ്ഞിരാമൻ ( ചെയർമാൻ) , കെ ബാലകൃഷ്ണൻ ,എഴുത്തുകാരൻ എം കെ മനോഹരൻ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ശിൽപ്പവും പ്രശംസാപത്രവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
പെരളശ്ശേരിയിൽ മാർച്ച് മൂന്നാംവാരത്തിൽ നടക്കുന്ന എ കെ ജി ദിനാചരണ പരിപാടിയിലാണ് അവാർഡ് നൽകുക.