- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരംമുറിക്കാൻ മന്ത്രി നിർദ്ദേശിച്ചാൽ ഉത്തരവിടേണ്ട ബാധ്യത ഉദ്യോഗസ്ഥനില്ല; മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ പ്രേരണ, സമ്മർദം എന്നിവ അന്വേഷിക്കണം; ശശീന്ദ്രൻ മന്ത്രിപ്പണി ചെയ്താൽ മതി; പാർട്ടി കാര്യം നോക്കാൻ പ്രസിഡന്റും മറ്റു നേതാക്കളുമുണ്ട്: പി.സി.ചാക്കോ
പത്തനംതിട്ട: ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനിട്ട ഉത്തരവ് കൊണ്ടായിരിക്കാം മരംമുറി നടന്നതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. ഒരു മന്ത്രി പറഞ്ഞുവെന്ന് വച്ച് ഒരു ഉദ്യോഗസ്ഥനും അങ്ങനെ ഒരു ഉത്തരവ് ഇറക്കേണ്ട ബാധ്യതയില്ല. മന്ത്രി ഉത്തരവിടാൻ പറഞ്ഞാൽ എതിർക്കുന്ന എത്രയോ ഉദ്യോഗസ്ഥരുണ്ട്. മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ പ്രേരണ, സമ്മർദം എന്നിവ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മരംമുറി സംബന്ധിച്ച് യാതൊരു ബന്ധവും ഇപ്പോഴത്തെ മന്ത്രിക്കില്ല. മുൻപിരുന്നവർക്ക് ഉണ്ടോയെന്ന് അന്വേഷിക്കണം. അതിനാണ് സംസ്ഥാന സർക്കാർ സംയുക് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മന്ത്രിമാരും പാർട്ടിക്കാരും ഉദ്യോഗസ്ഥരും ചേർന്നാൽ തീർച്ചയായും അഴിമതി നടക്കുമെന്നും എന്നാൽ, ഈ വിഷയത്തിൽ അങ്ങനെ ഉണ്ടായതായി തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി മന്ത്രിയുടെ പ്രവർത്തനം വിലയിരുത്താൻ സമയമായിട്ടില്ല. അദ്ദേഹം കയറിയിട്ട് ഒരു മാസമായതല്ലേ ഉള്ളൂ. കൊല്ലത്ത് പാർട്ടി പ്രവർത്തകർ തമ്മിലുള്ള വിഷയത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ലായിരുന്നു. ആരെയും ഫോൺ വിളിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. മന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യുക. പാർട്ടി കാര്യങ്ങൾ നോക്കാൻ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ഇവിടെയുണ്ട്. ഇനി പാർട്ടി സംബന്ധമായി പരാതികൾ ലഭിച്ചാൽ അത് നേതൃത്വത്തിന് കൈമാറുക. അദ്ദേഹം പാർട്ടി കാര്യങ്ങളിൽ ഇടപെട്ടാൽ ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാകും. അതു കൊണ്ടാണ് കൊല്ലം സംഭവത്തിൽ അദ്ദേഹത്തിന് ജാഗ്രത കുറവുണ്ടായി എന്ന് പാർട്ടി വിലയിരുത്തിയത്. ആക്ഷേപം ഉണ്ടായപ്പോൾ അന്വേഷിച്ച് നടപടി എടുത്തു. മന്ത്രിയെ പാർട്ടി പൂർണമായും പിന്തുണച്ചു. അദ്ദേഹം അഞ്ചു വർഷവും തുടരാനാണ് പാർട്ടി തീരുമാനിച്ചത്. പിന്നെയുള്ളത് സാഹചര്യം പോലെ തീരുമാനിക്കപ്പെടേണ്ടതാണെന്നും ചാക്കോ പറഞ്ഞു.
ഇബ്രാഹിം സുലൈമാൻ സേട്ട് രൂപീകരിക്കുമ്പോൾ ഐഎൻഎല്ലിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇപ്പോഴുള്ള നേതൃത്വത്തിന് പക്വതയില്ല. അതു കൊണ്ടാണ് തെരുവിൽ തമ്മിൽ തല്ലുന്നത്.
കെവി തോമസ് വരുമെങ്കിൽ അദ്ദേഹത്തെ എൻസിപി സ്വീകരിക്കുമെന്നും ചാക്കോ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് നേതൃത്വത്തിന്റെ കണ്ണിലെ കരടായ ആളാണ് അദ്ദേഹം. തോമസ് സിപിഎമ്മിലേക്ക് പോകുന്നതായി അറിയില്ല. അദ്ദേഹം യച്ചൂരിയുമായി സൗഹൃദം ഉണ്ട്. അതു കൊണ്ടാകാം സന്ദർശനം നടത്തിയത്. കെവി തോമസ് കോൺഗ്രസിൽ ഒരു പാട് അവഗണന സഹിക്കുന്നുണ്ടെന്നും പിസി ചാക്കോ പറഞ്ഞു.
പുതുതായി വന്നവർ എൻസിപിയിലെ മുൻകാല നേതാക്കളെ ഒതുക്കുന്നുവെന്ന് തോന്നിയിട്ടില്ല. പാർട്ടിയുടെ ഭാരവാഹികൾ മാറിയേക്കാം. ഭിന്നാഭിപ്രായമില്ല എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും പിസി ചാക്കോ പറഞ്ഞു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ സ്വാഗതം പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്