കോട്ടയം: രാഷ്ട്രീയ കേരളത്തിലെ ഒറ്റയാൻ തന്നെയാണ് പി സി ജോർജ്ജ്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിയമസഭയിലേക്ക് വിജയിച്ചു കയറിയ ചരിത്രമുള്ള വ്യക്തി. എന്നാൽ, അടുത്തകാലത്തായി ജോർജ്ജിന് തിരിച്ചടികളുടെ കാലമാണ്. മുന്നണികളില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന ജോർജ്ജ് ഇപ്പോൾ. ഇതിനിടെ തന്നെ രാഷ്ട്രീയ കേരളത്തെ നടക്കുന്ന ബോംബുകൾ പൊട്ടിക്കുകയും ചെയ്യുന്നു. ഇപ്പോൾ കേരളം ഭരിക്കുന്നു മുന്നണിയുടെ കണ്ണിൽ കരടാണ് അദ്ദേഹം.

എന്തോ രഹസ്യം കൈവശമുണ്ടെന്നും അത് ഏതുനിമിഷവും വെളിപ്പെടുത്തുമെന്നുമുള്ള പ്രതിച്ഛായയാണ് പി.സി.ജോർജിന്. അതുകൊണ്ട് തന്നെ ജോർജ്ജിനെ വിടാതെ പിന്തുടരുന്നുണ്ട് പൊലീസ്. ഓരോ പത്രസമ്മേളനവേദിക്ക് സമീപവും രഹസ്യപ്പൊലീസ് വിവരം ശേഖരിക്കുന്നു. അദ്ദേഹത്തിന്റെ യാത്രാവിവരങ്ങൾ എടുത്ത് പിന്തുടരുന്നു.

ഇപ്പോൾ വിവാദമായ സ്വർണക്കടത്ത് വെളിപ്പെടുത്തലിലും ജോർജ് ഒരുഭാഗത്തുണ്ട്. സ്വപ്ന പറഞ്ഞ പല കാര്യങ്ങളും തന്റെ കൈവശം അവർതന്നെ എഴുതിത്ത്തന്നത് ഉണ്ടെന്ന് ജോർജ് വ്യക്തമാക്കിയിരുന്നു. അതിന് തെളിവായി, അവർ കൂടിക്കാഴ്ചയിൽ എഴുതിനൽകിയ കത്തും പുറത്തുവിട്ടു. അന്ന് കോട്ടയം പ്രസ്‌ക്ലബ്ബിനുമുന്നിൽ ഉയർന്ന മൂന്ന് പൊലീസുദ്യോഗസ്ഥരാണ് വിവരം ശേഖരിക്കാനെത്തിയത്.

സ്വപ്നയുടെ വെളിപ്പെടുത്തലിനുപിന്നിൽ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ജോർജിന്റെ പത്രസമ്മേളനവിവരങ്ങളും ചേർത്താണ് ഈ നിഗമനത്തിലെത്തിയത്. പുറത്തുവന്ന സരിത-ജോർജ് സംഭാഷണത്തിലും സ്വർണക്കേസ് പരാമർശിക്കുന്നുണ്ട്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ജോർജ് സരിതയോട് പറയുന്നതാണ് ശബ്ദരേഖ.

താൻ എല്ലാവരുമായും കാണാറും സംസാരിക്കാറുമുണ്ടെന്ന് ജോർജ് പറയുന്നു. ക്രൈം നന്ദകുമാറും താനും സ്വപ്നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗൂഢമായല്ല ഇതൊന്നും. ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന നിലപാടിലാണ് ജോർജ്്.

യു.ഡി.എഫ്.സർക്കാരിന്റെകാലത്തുണ്ടായ സോളാർ കേസിലും തനിക്ക് പലകാര്യങ്ങളും അറിയാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇരകൾ തന്നെ തേടിവരികയാണ്. അവരോട് കാണിക്കുന്ന വിശ്വസ്തതമൂലമാണ് തനിക്ക് വിവരങ്ങൾ കിട്ടുന്നത്. സരിത നൽകിയ പരാതിയിൽ താൻ സിബിഐ.ക്ക് മൊഴിനൽകാൻ ചെല്ലാത്തതാണ് അവരുടെ പരിഭവത്തിന് കാരണം. സരിതയും സർക്കാരുമായാണ് ഗൂഢാലോചന. തനിക്ക് അവരോട് ദേഷ്യമില്ലെന്നും ജോർജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്നാണ് പി.സി. ജോർജിന്റെ പ്രവചനം. പകരം മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിനാണ് പി.സി. ജോർജ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇ.പി. ജയരാജൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്നാണ് പി.സി. ജോർജിന്റെ പക്ഷം. ഇപ്പോഴത്തെ സിപിഎമ്മിന് ഇ.പി. ജയരാജനെ പോലെ ഒരാളെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാനാകുക എന്ന പരിഹാസരൂപേണയാണ് പി.സി. ജോർജ് പറയുന്നത്. ഇ.പി. ജയരാജൻ മഠയൻ ആണ് എന്നും ജോർജ് ആരോപിച്ചു.

കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ കൊള്ള നടത്തി എന്ന് വിശ്വസിക്കുമ്പോൾ സിപിഎം. എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നാണ് ജോർജിന്റെ ചോദ്യം. വി എസ്. അച്യുതാനന്ദന് ശേഷം കൊള്ളാവുന്ന ആരും ആ പാർട്ടിയിൽ ഇല്ലേ എന്നും പി.സി. ചോദിച്ചു. ഇ.പി. ജയരാജൻ വെറും മഠയൻ മാത്രമായതുകൊണ്ട് എന്തും പറഞ്ഞോട്ടെ, ക്ഷമിക്കാം. പക്ഷെ കോടിയേരിയും, എം.എ. ബേബിയും, യെച്ചൂരിയും, കാരാട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും പി.സി. ജോർജ് ചോദിച്ചു.

ഇവർ മിണ്ടാതിരിക്കുന്നത് ഒന്നുകിൽ ഭയപ്പെടുന്നതുകൊണ്ടാണ്. അല്ലെങ്കിൽ പിണറായി വിജയന്റെ കപ്പം വാങ്ങിയാണ് അവർ ജീവിക്കുന്നത്. ഷൈലജ ടീച്ചറെ പോലുള്ള ഒരാളെ മുഖ്യമന്ത്രിയാകാൻ സിപിഎം. തയ്യാറാകില്ല എന്നും പി.സി. ജോർജ് പറഞ്ഞു. അവർ അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് ആണെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. ഈ കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകാൻ അതുകൊണ്ടുതന്നെ ഇ.പി. ജയരാജനാണ് യോഗ്യൻ എന്നും പി.സി. ജോർജ് പരിഹസിച്ചു.

ഏതായാലും മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസത്തിനുള്ളിൽ രാജിവെക്കും എന്നാണ് പി.സി. ജോർജ് പ്രവചിക്കുന്നത്. ഇതിനായി നിയമപരമായ എല്ലാ മാർഗ്ഗവും സ്വീകരിക്കും. രാഷ്ട്രപതിയേയും ഗവർണറെയും സമീപിക്കും. ഈ കൊള്ളയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് ശ്രമം എന്നും പി.സി. ജോർജ്ജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.