കോട്ടയം: പി സി ജോർജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസിന്റെ നീക്കം. ഞായറാഴ്ച ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാൻ നാളെ 11 മണിക്ക് ഹാജരാകണം. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അദ്ദേഹത്തെ ചോദ്യം ചെയ്യും. തൃക്കാക്കരയിൽ നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ പിസി ജോർജ് തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസിന്റെ നീക്കം.

തൃക്കാക്കരയിൽ സത്യം വിളിച്ചു പറയുമ്പോൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുഖ്യമന്ത്രിയുടെ ഭയമാണ് നാളെ ഫോർട്ട് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് തന്നതിന് പിന്നിലെന്ന് പി.സി ജോർജ്ജ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. തൃക്കാക്കരയിൽ നാളെ എത്താൻ പാടില്ല. പതിനൊന്നു മണിക്ക് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. നോട്ടീസ് നേരിട്ടെത്തിച്ചത് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്‌പെക്ടറാണ്. ഇനി എന്ത് വേണമെന്ന് അഭിഭാഷകരുമായി കൂടിയാലോചിച്ചിട്ട് തീരുമാനിക്കാമെന്നും ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉൾപ്പെടെ പറയാനുള്ള കാര്യങ്ങൾ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോർജ് പറഞ്ഞിരുന്നു. അതിനിടെ, ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നതനുസരിച്ച് നാളെ തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നാൽ അദ്ദേഹത്തിന് തൃക്കാക്കരയിലേക്ക് പോകാൻ കഴിയില്ല. അത് തടയുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ നാടകമാണ് ഇപ്പോൾ അരങ്ങേറുന്നതെന്നാണ് പി.സി ജോർജ് അനുകൂലികൾ പറയുന്നു.



തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി പി.സി ജോർജിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

കോടതി നൽകിയ ഉപാധികൾ അനുസരിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് ഹാജരായില്ലെങ്കിൽ അത് കോടതി നിർദ്ദേശത്തിന്റെ ലംഘനമായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കാനും വീണ്ടും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും പൊലീസിന് സാധിക്കും.

പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചിത്. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോർജ് വ്യക്തമാക്കിയിരുന്നു.

33 വർഷമായി നിയമസഭാംഗമായിരുന്ന പി സി ജോർജ് നിയമത്തിന്റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി.

സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോർജിന്റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാൽ ഇനിയും ഇത്തരം പ്രസംഗം ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.

എന്നാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളിൽ ജാമ്യം നൽകിയത്. തുടർന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പി സി ജോർജ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങി. ബിജെപി പ്രവത്തകർ ജയിൽ കവാടത്തിൽ സ്വീകരണം നൽകിയിരുന്നു.