- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചിട്ടും ഹാജരായില്ല; ജാമ്യ ഉപാധി ലംഘിച്ചുവെന്ന് ആരോപണം; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം ഹാജരാകാമെന്ന് പറഞ്ഞത് ദുരുദ്ദേശപരം; ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും; 'തൃക്കാക്കര പ്രചാരണത്തിന്' പിന്നാലെ പി.സി. ജോർജിന് നിയമക്കുരുക്ക് മുറുക്കാൻ ഫോർട്ട് പൊലീസ്
കൊച്ചി: ജാമ്യ ഉപാധി ലംഘിച്ചെന്ന പേരിൽ പിസി ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി പൊലീസ്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജാമ്യ ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഫോർട്ട് പൊലീസ് പിസി ജോർജിനെതിരെ നിയമ നടപടിക്ക് നീക്കം നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചിട്ടുംഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ഇക്കാര്യം വ്യക്തമാക്കി ഫോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പി.സി. ജോർജിനോട് ഹാജരാവാൻ ഫോർട്ട് പൊലീസ് എ.സി.പി. നോട്ടീസ് നൽകിയത്. എന്നാൽ ഹാജരാവാൻ കഴിയില്ലെന്ന് പി.സി. ജോർജ് അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാവണമെന്ന് കാണിച്ച് മറ്റൊരു നോട്ടീസ് കൂടി നൽകിയെങ്കിലും ഹാജരാവാൻ കഴിയില്ലെന്നായിരുന്നു പി.സി. ജോർജിന്റെ മറുപടി.
ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലവും മുൻ നിശ്ചയിച്ച പ്രകാരം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതിനാലും ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പിസി പൊലീസിനെ അറിയിക്കുകയായിരുന്നു.
നിലവിലെ ആരോഗ്യ അവസ്ഥയിൽ എറണാകുളം പോയതിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ കഴിയുന്നതല്ലെന്നും പിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹാജരാകാമെന്നും തെളിവെടുപ്പിന്റെ ഭാഗമായി ശബ്ദപരിശോധന നടത്തുന്നതിന് താൻ താമസിക്കുന്ന ഈരാട്ടുപേട്ടയുടെ സമീപപ്രദേശങ്ങളിൽ എവിടെയങ്കിലും ഇതിന് വേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തിയാൽ നന്നായിരുന്നുവെന്നും പിസി പറഞ്ഞിരുന്നു.
എന്നാൽ പിസി ഇന്ന് തൃക്കാക്കരയിലെത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നത് ജാമ്യഉപാധിയുടെ ലംഘനമാണെന്നാണ് പൊലീസ് വാദം. ആരോഗ്യപ്രശനങ്ങളും മറ്റും ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം ഹാരജാകാമെന്ന് പറഞ്ഞത് ദുരുദ്ദേശപരമെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ നടപടി എടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയതിന് ശേഷമാവും ഹൈക്കോടതിയെ സമീപിക്കുക. വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാവുമെന്ന ഉപാധിയിലാണ് പി.സി. ജോർജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ശ്രമമെന്ന് പി സി ജോർജ് ആരോപിച്ചിരുന്നു. താൻ സത്യങ്ങൾ വിളിച്ചു പറയുന്നതും വി എസിന്റെ ആളായതുമാണ് പിണറായിയുടെ വൈരാഗ്യത്തിന്റെ കാരണം. വിഎസിന്റെ ആളു തന്നെയാണ്. വി എസ് പോയതിന് ശേഷം കേരളത്തിൽ കമ്മ്യൂണിസത്തിന് പകരം സ്റ്റാലിനിസവും പിണറായിസവുമാണുള്ളത്. നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് അറസ്റ്റിന് വിധേയനായത്. പിണറായിക്ക് കഴിവില്ലാത്തതിനാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ തന്റെ അറസ്റ്റ്. ഇപ്പോൾ മുളച്ചുപൊങ്ങിയ ചെറു പാർട്ടികൾ പിണറായിയുടെ ബി ടീമാണ്. സുറിയാനി വീടുകളിൽ റോഷി അഗസ്റ്റിനും ലാറ്റിൻ ക്രിസ്ത്യൻ വീടുകളിൽ ആന്റണി രാജുവും ഈഴവവീടുകളിൽ മണിയാശാനും മുസ്ലിം വീടുകളിൽ മുഹമ്മദ് റിയാസുമാണ് കയറിയിറങ്ങുന്നത്. ജാതി നോക്കിയാണ് ഇടതുപക്ഷം വോട്ട് പിടിക്കുന്നത്.
20 ദിവസമായി വിഡി സതീശൻ മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണ്. ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശൻ. 1959ൽ ഇഎംഎസിന്റെ സർക്കാർ അങ്കമാലിയിൽ 7 ക്രൈസ്തവരെയാണ് വെടിവെച്ചുകൊന്നത്. കമ്മ്യൂണിസ്റ്റുകാരാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നത്.
മികച്ച വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ഇപ്പോൾ തല തിരിഞ്ഞ അവസ്ഥയിലാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താതിരിക്കാനാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതെന്നും അത് അനുസരിക്കാൻ സൗകര്യമില്ലെന്നും പി സി ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തവേയാണ് പി സി മാധ്യമങ്ങളോട് പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ