- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാർട്ടി; ലീഗിനെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ? താൻ യുഡിഎഫിലേക്കില്ല, ഉമ്മൻ ചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തത്; ഉമ്മൻ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തും; പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിക്കും; തുറന്നടിച്ചു പി സി ജോർജ്ജ്
കോട്ടയം: മുന്നണി പ്രവേശനത്തിന് വഴിമുടക്കി ഉമ്മൻ ചാണ്ടിയും കൂട്ടരും നിന്നപ്പോൾ യുഡഎഫിനോട് കട്ടപ്പലിപ്പിൽ പി സി ജോർജ്ജ്. യുഡിഎഫ് പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പിസി ജോർജ് തുറന്നടിച്ചു. ജനപക്ഷം സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ താൻ മത്സരിക്കുമെന്നും തന്റെ പിന്തുണ ജനങ്ങളാണെന്നും പിസി ജോർജ് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയുമായി ചർച്ച നടത്തുന്നുണ്ട്. തീരുമാനം മാർച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മൻ ചാണ്ടിക്ക് ഭയമാണ്. ഉമ്മൻ ചാണ്ടിയുടേത് പൊയ്മുഖമാണ്. ഉമ്മൻ ചാണ്ടിക്കെതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തും. കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടും. യുഡിഎഫ് നേതാക്കന്മാർക്ക് മര്യാദയില്ല. നാല് മാസം മുൻപ് യുഡിഎഫ് നേതാക്കൾ തന്നെ മുന്നണിയിൽ ചേരാൻ സമീപിച്ചിരുന്നു. കോട്ടയത്തുൾപ്പടെ യുഡിഎഫിന് തിരിച്ചടിയുണ്ടാകും. താൻ ജനപക്ഷസ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പിസി ജോർജ് വിമർശിച്ചത്. യുഡിഎഫ് ജിഹാദികളുടെ പാർട്ടിയായി മാറിയെന്ന് പിസി ജോർജ് ആരോപിച്ചു.
'എനിക്ക് യുഡിഎഫിന്റെ അഭിപ്രായമൊന്നും കേൾക്കേണ്ട കാര്യമില്ല. എനിക്കവരുടെ പിന്തുണയും വേണ്ട. യുഡിഎഫിന്റെ പ്രവർത്തകരുണ്ട് വളരെ മാന്യന്മാരാണ്. നേതാക്കന്മാർ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണ്. അതിന്റെ ചരിത്രമൊക്കെ ഞാൻ പത്രസമ്മേളനം നടത്തി പറയാൻ പോവുകയാണ്. ഞാൻ പൂഞ്ഞാറിൽ ജനപക്ഷം സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാൽ മുസ്ലിം ജിഹാദികളുടെ പാർട്ടിയല്ലേ. അവരല്ലേ ഇപ്പോൾ പാർട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാർട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗ് ഇപ്പോൾ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോൾ ആ പാർട്ടിയെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ?. ,' പിസി ജോർജ് പറഞ്ഞു.
'മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തിൽ വർധിച്ചു വരികയാണ്. ഇത് മറ്റ് മതസ്ഥർ വേദനയോടെ നോക്കിക്കാണുകയാണ്. അവരെല്ലാം പ്രതികരിക്കും,' പിസി ജോർജ് പറഞ്ഞു. യുഡിഎഫ് പ്രവേശം തടഞ്ഞത് ഉമ്മൻ ചാണ്ടിയാണെന്നും മിക്ക നേതാക്കളും തന്നെ സ്വീകരിക്കണമെന്നും പറഞ്ഞിട്ടും ഉമ്മൻ ചാണ്ടി ഇത് തടഞ്ഞെന്നും പിസി ജോർജ് ആരോപിച്ചു.
യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയ പശ്ചാത്തലത്തിലാണ് പി സി ജോർജ്ജ് എൻഡിഎ ലക്ഷ്യമാക്കി നീങ്ങുന്നത്. പി.സി ജോർജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശവും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിർപ്പ് ഉയർത്തിയത്. പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയതോടെ പൊതുസ്വതന്ത്രൻ എന്ന വാഗ്ദാനം യുഡിഎഫ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനോട് പി സി ജോർജിന് താൽപര്യമില്ല.
പ്രാദേശിക നേതാക്കളുടെ എതിർപ്പ് ശക്തമായി തുടരുന്നതിനിടെയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസിന്റെ സമരപന്തലിലെത്തിയ പിസി ജോർജ്ജിനെ സംസ്ഥാന വൈസ് പ്രസിഡന്റ് റിജുൽ മാക്കുറ്റി നിശിതമായി വിമർശിച്ചത്. യൂത്ത് കോൺഗ്രസിന്റെ സമരപന്തലിൽ നിരാഹാരമിരിക്കുന്ന റിയാസ് മുക്കോളി, എൻഎസ് നുസൂർ , റിജിൽ മാക്കുറ്റി എന്നിവരെ ആദരിക്കാനെത്തിയപ്പോഴായിരുന്നു പിസി ജോർജിനെ റിജുൽ വിമർശിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളിൽ നിന്നടക്കം വിയോജിപ്പ് ശക്തമായതോടെയാണ് പി സി ജോർജിന്റെ നിലപാട് മാറ്റം.
അതേ സമയം എൽഡിഎഫ് നേതൃത്വം ദീർഘനാളായി അകലം പാലിക്കുന്നതിനാൽ ഉദ്യോഗാർത്ഥികളുടെ സമര വിഷയത്തിലടക്കം ഇടതുപക്ഷത്തെ നിശിതമായി വിമർശിച്ചാണ് പി സി ജോർജ് വേദിയിൽ നിന്നും മടങ്ങിയത്. ഈ രാഷ്ട്രീയ നീക്കം പിസി ജോർജും സ്ഥിരീകരിച്ചിട്ടുണ്ട്. എൻഡിഎയിൽ നിന്നു ക്ഷണിച്ചിരുന്നു. ഞങ്ങളുടെ പാർട്ടി ഘടക കക്ഷിയായാൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ എൻഡിഎയ്ക്ക് വിജയിക്കാം. രണ്ടു സീറ്റുകൾ ഞങ്ങൾ ചോദിക്കും. യുഡിഎഫുമായും ചർച്ചയുണ്ട്. 27 വരെ കാത്തിരിക്കും. അതു കഴിഞ്ഞാൽ മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഏതു മുന്നണിയെന്ന് ഇപ്പോൾ പറയുന്നില്ല എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
പിസി ജോർജ് അനുകൂല നിലപാട് എടുത്തില്ലെങ്കിൽ പാലായിൽ പിസി തോമസ്് മത്സരിക്കും. കോട്ടയത്ത് പി.സി. തോമസ് എത്തിയതോടെ ജില്ലയിൽ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുകയാണ്. ഇതിനൊപ്പമാണ് മുൻ ഘടക കക്ഷി ജനപക്ഷത്തെ തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നത്. പൂഞ്ഞാറിനു പുറമേ ബിജെപിക്കു സ്വാധീനമുള്ള ഒരു മണ്ഡലം കൂടി പി.സി. ജോർജിന് നൽകാനും എൻഡിഎയിൽ നീക്കമുണ്ട്. പാർട്ടിയുടെ മുന്നൊരുക്കം പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു. പിന്നാലെയാണ് യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് ചർച്ചകൾ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ