തിരുവനന്തപുരം: പീഡന കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ പി സി ജോർജ്ജ് പിണറായിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത്. തനിക്കെതിരെ പീഡന കേസ് പിണറായി കെട്ടിച്ചമച്ചതിന് പിന്നിൽ ഫാരീസ് അബൂബക്കറാണെന്ന് ജോർജ്ജ് ആരോപിച്ചു. പിണറായിക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയാ തലവൻ ഫാരിസ് അബൂബക്കറാണ്. ഫാരിസ് അബൂബക്കർ അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഇടക്കിടക്കുള്ള അമേരിക്കൻ യാത്രകൾ പരിശോധിക്കണമെന്ന് പിസി ജോർജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയും പി സി ജോർജ്ജ് ആരോപണങ്ങൾ ഉന്നയിച്ചു. ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനങ്ങളും ബന്ധങ്ങളും അന്വേഷിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

'അഴിമതി കണ്ടാൽ മിണ്ടാതിരിക്കാൻ പറ്റില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും ഞാൻ യാചിച്ചിട്ടില്ല. ആ എന്നോട് പിണറായിയും കുടുംബവും ഇങ്ങനെ ചെയ്യരുത്. ഇതെല്ലാ വെളിച്ചത്തുകൊണ്ടു വരാനുള്ള യുദ്ധമാണിത്. നൂറ് ശതമാനം സ്വർണ ക്കടത്ത് കേസിൽ പിണറായിക് പങ്കുണ്ട്. ഇതിൽ നിന്ന് പിന്നോട്ട് പോകില്ല'- പിസി ജോർജ് കൂട്ടിച്ചേർത്തു.

ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് ജോർജ് നേരത്തെ പറഞ്ഞിരുന്നു. കേസന്വേഷണത്തോട് നൂറ് ശതമാനം സഹകരിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ജനപക്ഷം നേതാവ് പി സി ജോർജ്. പിണറായി വിജയനെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്നും പി സി ജോർജ്ജ് വ്യക്തമാക്കി.

ജോർജ്ജ് പറഞ്ഞത് ഇങ്ങനെ: പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണെന്നം ജോർജ്ജ് ആരോപിച്ചു.

2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം. 2004ൽ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു.

വീണ വിജയൻ പിന്നീട് ഒറാക്കിൾ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആർക്കിടെക്ട് എന്ന ഐടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാർജ് എടുത്തത്. പിണറായി വിജയന്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ൽ ആ പദവിയിൽ നിന്ന് എക്സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേർന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു.

എക്സലോജിക്കിൽ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു. ഇത് ഇ.ഡി അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ എന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. തുടക്കത്തിൽ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ പിന്നീട് അതിനെ അനുകൂലിച്ചു. ഇപ്പോൾ അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു. തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം. വീണ വിജയന്റെ എക്സലോജിക്ക് കമ്പനി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണം.

ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സർക്കാർ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് ഞാൻ സംശയിക്കുന്നു. കേരളത്തിലെ തൊഴിൽ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങൾ സർക്കാർ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങൾ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങൾ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്.

താൻ ആർക്കുനേരേയും ഗൂഢാലോചന നടത്തിയിട്ടില്ല. ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവെപ്പിച്ചതാണ് എന്റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനിൽക്കില്ല.വി എസ് ആണ് തന്റെ ഗുരു. അധികാരമോഹിയല്ല ഞാൻ. പിണറായി വിജയന്റെ ഭാര്യയും മകളുമെല്ലാം അഴിമതിക്കാരാണ്. ഇതെല്ലാം വെളിച്ചെത്തുകൊണ്ടുവരാൻ ഞാൻ തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് പുറകോട്ട് പോവില്ല. ശക്തമായി പോരാടുമെന്നും പിസി ജോർജ് പറഞ്ഞു.