ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുൻ ചീഫ് വിപ്പ് പി സി ജോർജിന്റെ പുതിയ വെളിപ്പെടുത്തലുകൾ. മന്ത്രിമാർക്ക് കൂടുതൽ തുക നൽകാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് പി സി ജോർജ് പറഞ്ഞു. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലൻസിനു മുന്നിൽ മൊഴി നൽകിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ജോർജിന്റെ പരാമർശം.

പാലായിലും തിരുവനന്തപുരത്തും വച്ചാണ് തുക നൽകിയതെന്നും പി സി ജോർജ് പറഞ്ഞു. ഒരു കോടി രൂപ മാണിക്ക് മൂന്നു തവണയായി നൽകിയെന്ന് രാജ്കുമാർ ഉണ്ണി പറഞ്ഞതായും ജോർജ് വെളിപ്പെടുത്തി.

പത്തു കോടി രൂപ കെ ബാബുവിനും കൊടുത്തു. അഞ്ചു കോടി രൂപ കിട്ടിയേ തീരു എന്ന് കെ എം മാണി വാശി പിടിച്ചതായും പി സി ജോർജ് പറഞ്ഞു. തന്നെക്കാൾ ജൂനിയറായ മന്ത്രിക്ക് ഇത്രയും തുക കൊടുത്തതിനാലാണ് അഞ്ചു കോടി എന്ന കാര്യത്തിൽ കെ എം മാണി വാശി പിടിച്ചതെന്നും ബാറുടമ പറഞ്ഞതായി പി സി ജോർജ് മാദ്ധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ കാര്യങ്ങൾ തുറന്നു പറഞ്ഞ് പാർട്ടിയെ കുഴപ്പത്തിലാക്കണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പാർട്ടിയിൽ താൻ ഒന്നുമല്ലാതായ ഘട്ടത്തിലാണ് വെളിപ്പെടുത്തലെന്നും പി സി ജോർജ് പറഞ്ഞു.