കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് പി സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെയും വെണ്ണലയിലെയും വിദ്വേഷ പ്രസംഗ കേസിലും ജോർജ്ജിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസിൽ മാത്രമാണ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാരിവട്ടത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി ജാമ്യത്തോടെ പി.സി.ജോർജിന് ജയിൽ മോചിതനാകാൻ സാധിക്കും.

വെണ്ണലയിലെ കേസിൽ എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോർജിന് മുൻകൂർ ജാമ്യവും അനുവദിച്ചു. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി.സി. ജോർജ് മുൻ എംഎൽഎ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും ജാമ്യം അനുവദിക്കുമ്പോൾ കോടതി കണക്കിലെടുത്തു.

അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാകണമെന്നും ഹൈക്കോടതി ജോർജിനോടു നിർദ്ദേശിച്ചു. അതേസമയം, ജാമ്യവ്യവസ്ഥ ലംഘിച്ചാൽ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തുടരെ തുടരെ കുറ്റം ആവർത്തിക്കുകയാണ് ജോർജെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിക്കുന്നത്. കൂട്ട് പ്രതികളെ കണ്ടെത്താൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് ആവശ്യം. ഒപ്പം പിസിയുടെ പ്രസംഗവുമായി ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ശബ്ദ സാമ്പിൾ എടുക്കേണ്ടകുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കോടതി പരിഗണിച്ചെങ്കിലും കേസുമായി സഹകരിക്കണം എന്ന നിർദേശത്തോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് കോടതി പി.സി.ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിലാണ് പി.സി.ജോർജിനെ പാർപ്പിച്ചിരിക്കുന്നത്. ആർ ബാലകൃഷ്ണപ്പിള്ള, എം വി ജയരാജൻ, മുൻ ഐജി കെ. ലക്ഷ്മണ എന്നിവരെ പാർപ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോർജിനെയും പാർപ്പിച്ചത്.