തിരുവനന്തപുരം: പീഡന കേസിൽ പി സി ജോർജ്ജിന് ജാമ്യം അനുവദിച്ചു കോടതി. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 3 ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പൊലീസാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുൻപാകെ ഹാജരാക്കിയത്. റിമാൻഡ് റിപ്പോർട്ടിൽ കുറ്റസമ്മത മൊഴിയെന്ന വിധത്തിലാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക് ഈ നടപടി തുടരണം. 25000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. ഏതെങ്കിലും തരത്തിൽ ജാമ്യ ഉപാധി ലംഘിച്ചാൽ റിമാൻഡിലേക്ക് പോകേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി.

കേസിൽ വിശദമായ വാദമാണ് നടന്നത്. രണ്ട് മണിക്കൂറോളം വിശദമായി തന്നെ ഈ കേസിൽ വാദം കേട്ട ശേഷമാണഅ വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജോർജ്ജിന് ജാമ്യം അനുവദിച്ചത്. പി.സി ജോർജിന്റെ ജാമ്യത്തെ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രതി മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷിയെ ഭീഷണിപ്പെടുത്തും. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തി കൂടിയാണ് പ്രതി തുടങ്ങിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

എന്നാൽ കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകി വിശ്വാസം നഷ്ടപ്പെട്ടയാളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. പ്രതിക്ക് ഹൃദ്രോഗവും രക്തസമ്മർദ്ദവുമുണ്ട്. ജയിലിൽ അടച്ചാൽ മരണം വരെ സംഭവിക്കാമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.

പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന് പ്രതിഭാഗം വാദിച്ചു. അവർ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി.ജോർജിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു.

പരാതിയുണ്ടോയെന്ന് കോടതി ജോർജിനോട് ചോദിച്ചു. തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കോടതിയോട് ജോർജ് പറഞ്ഞു. ശക്തമായ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ജോർജ്ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.