- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡന കേസിൽ പി സി ജോർജ്ജിന് അനുകൂലമായി വീണ്ടും വിധി; ഇനി മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാൻ പോകണ്ടന്ന് കോടതി; രണ്ടാം ജാമ്യ വ്യവസ്ഥ കോടതി റദ്ദാക്കിയതോടെ ശനിയാഴ്ച്ചകളിലേക്കുള്ള തിരുവനന്തപുരം യാത്ര പി.സിക്ക് ഒഴിവായി; ജോർജ്ജിന്റെ അറസ്റ്റ് സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും മജിസ്‌ട്രേട്ട് കോടതി
തിരുവനന്തപുരം: നിരവധി തട്ടിപ്പു കേസിൽ പ്രതിയായ യുവതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന പി സി ജോർജ്ജിന് അനുകൂലമായി വീണ്ടും വിധി. പി സി ജോർജ് ഇനി സിറ്റി മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാൻ പോകണ്ടന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു .പി സി യെ അറസ്റ്റ് ചെയ്ത് ജൂലൈ 2 ന് ഹാജരാക്കിയ വേളയിൽ അനുവദിച്ച ജാമ്യ ഉത്തരവിലെ രണ്ടാം ജാമ്യ വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്.
നേരത്തെ ജാമ്യം നൽകിയ ഉത്തരവിൽ 3 മാസക്കാലത്തേക്ക് എല്ലാ ശനിയാഴ്ചയും 10 നും 1 മണിക്കും ഇടയിൽ ചെല്ലാനായിരുന്നു വിധിച്ചിരുന്നത്. ഈ ജാമ്യ വ്യവസ്ഥ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് പി സി സമർപ്പിച്ച ഹർജിയിലാണ് മജിസ്‌ട്രേട്ട് അഭിനി മോൾ രാജേന്ദ്രന്റെ ഉത്തരവ്. 2022 ഫെബ്രുവരി 10 ന് വൈകിട്ട് നാലു മണിക്ക് താൻ മകനുമൊത്ത് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ റൂം നമ്പർ 404 ൽ ചെന്നപ്പോൾ പി സി തന്റെ മകനെ പുറത്ത് നിർത്തി തന്നെ മാത്രം മുറിയിൽ കയറ്റി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ബലപ്രയോഗം നടത്തിയെന്നുമാണ് പരാതി.
സംഭവം നടന്നുതു കഴിഞ്ഞ് അഞ്ച് മാസങ്ങൾ കഴിഞ്ഞ ജൂലൈ 2 ന് ഉച്ചക്ക് 12.45 മണിക്കാണ് ഇര സ്റ്റേഷനിൽ പരാതി നൽകിയത്. ഉപദ്രവിച്ചതിന് യാതൊരു മെഡിക്കൽ രേഖകളുകളും ഉണ്ടായിരുന്നില്ല. പി സി യെ മറ്റൊരു കേസിൽ ഫോർട്ട് അസി.കമ്മീഷണർ വിളിപ്പിച്ച സമയത്താണ് ഇരയുടെ പരാതിയിൽ പൊടുന്നനെ മ്യൂസിയം പൊലീസ് കേസെടുത്ത് തൽക്ഷണം നന്ദാവനം എ ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
റിമാൻഡ് അപേക്ഷ സഹിതം വൈകിട്ട് 6.40 ന് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ രാത്രി 9.15 മണി വരെ ഇരു ഭാഗവും വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം പീഡന പരാതിയിൽ പി.സി.ജോർജിന്റെ അറസ്റ്റ് സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് മജിസ്‌ട്രേട്ട് കോടതി ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ജൂലൈ 2 ന് പ്രതിക്ക് ജാമ്യം നൽകിയ ഉത്തരവിലാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ പൊലീസിന്റെ കൃത്യവിലോപങ്ങൾ അക്കമിട്ട് നിരതിയത്. പരാതി നൽകാൻ 5 മാസം വൈകിയതിന് യാതൊരു വിശദീകരണവുമില്ല. ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചക്ക് 12.40 മണിക്കാണെന്ന് കോടതി കണ്ടെത്തി. മറ്റൊരു കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ച ശേഷം മറ്റൊരു കേസിൽ ഉടൻ അറസ്റ്റ് നടന്നതിൽ ദുരൂഹതയുണ്ട്. പരാതിക്കാരിയുടെ മുൻ കാല ചരിത്രം വച്ച് നിയമ നടപടികൾ അറിയാവുന്ന വ്യക്തിയാണ്.
പൊതുപ്രവർത്തകനും മുൻ എംഎൽഎയുമായ പ്രതിയെ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 41 (എ) പ്രകാരമുള്ള നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ അറസ്റ്റ് പാടുള്ളു. ഇവിടെ അത്തരത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറസ്റ്റ് സംബന്ധിച്ച സുപ്രീം കോടതിയുടെ യാതൊരു മാർഗ്ഗ നിർദ്ദേശങ്ങളും പൊലീസ് പാലിച്ചിട്ടില്ലെന്നും നടപടിക്രമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പൊലീസ് നിയമ നടപടികളെ ദുരുപയോഗം ചെയ്തതെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.