കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിലെ പരാജയത്തിന്റെ കാരണം സിപിഎമ്മിനും കോൺഗ്രസിനുമൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അതു വിജയിയായ പി സി ജോർജു തന്നെ വെളിപ്പെടുത്തുന്നു. പൂഞ്ഞാറിൽ തന്റെ വിജയത്തിനു കാരണമായാത് എസ്ഡിപിഐ എന്ന സംഘടനയാണെന്നാണു പി സി ജോർജ് എംഎൽഎ പറയുന്നത്.

ഈ നവ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനത്തെ തീവ്രവാദി മുദ്ര കുത്തി മാറ്റി നിർത്തിയതിനെതിരായ ജനവിധിയാണു പൂഞ്ഞാറിൽ കണ്ടത്. എല്ലാ മുന്നണികളും കൈവിട്ട തനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്ന പാർട്ടിയാണ് എസ്ഡിപിഐ. അതുകൊണ്ട് തന്നെ പൂഞ്ഞാറിലെ വിജയം എസ്ഡിപിഐയുടേത് തന്നെയാണെന്നും പി സി ജോർജ് പറയുന്നു.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സംഘടിപ്പിച്ച ജന മഹാസമ്മേളനത്തിൽ സംസാരിക്കവെയാണു പി സി ജോർജിന്റെ പരാമർശം. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്, പൂഞ്ഞാർ മണ്ഡലങ്ങളിലുണ്ടായ തോൽവികളെക്കുറിച്ചു സിപിഐ(എം) അന്വേഷണം നടത്തിയിരുന്നു. ഈ രണ്ടു മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്കു പതിച്ചിരുന്നു. ഇരുമണ്ഡലങ്ങളിലും വീഴ്ചപറ്റിയെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു ചുമതല വഹിച്ചവരിൽ നിന്നു വിശദീകരണം തേടാനൊരുങ്ങുകയാണ് സിപിഐ(എം). പൂഞ്ഞാർ മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ ഇടതുതരംഗം ഉണ്ടായിട്ടും വട്ടിയൂർക്കാവിലും പൂഞ്ഞാറിലും ഇടതുപക്ഷത്തിന് കാലിടറുകയായിരുന്നു. പൂഞ്ഞാറിൽ എല്ലാ രാഷ്ട്രീയസമവാക്യങ്ങളും തെറ്റിച്ച് സ്വതന്ത്രനായി മൽസരിച്ച പി.സി. ജോർജാണ് ജയിച്ചത്. ഇരുപത്തിയേഴായിരത്തിലധികം വോട്ടിനായിരുന്നു പി സിയുടെ ജയം. എൽഡിഎഫിന് ഇവിടെ മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ. പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തിരഞ്ഞെടുപ്പിൽ നേരിട്ട് ഇടപെട്ടിട്ടും ഇടതുപക്ഷത്തിന്റെ പൂഞ്ഞാറിലെ തോൽവി വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് എന്താണു തന്റെ വിജയത്തിന്റെ കാരണം എന്നു പറഞ്ഞു പി സി തന്നെ രംഗത്തെത്തിയത്.

നരേന്ദ്ര മോദിയുടെ അന്താരാഷ്ട്രതലത്തിലെ പ്രചാരണത്തിൽ തർക്കമില്ലെന്നും എന്നാൽ, ആഭ്യന്തരതലത്തിൽ വരുമ്പോൾ സംഘപരിവാരത്തെ പരിപോഷിപ്പിക്കും വിധം വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് മോദി നടത്തുന്നതെന്നും പി സി ജോർജ് കോഴിക്കോട്ടു പറഞ്ഞു. ഈ രീതിയിൽ തന്നെയാണ് മോദിയുടെ യാത്രയെങ്കിൽ ചെറുത്തുനിൽപിന്റെ രാഷ്ട്രീയം ഉയർന്നു വരുന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മുസ്ലിം സമൂഹത്തിന് ഏകീകൃതമായ നേതൃത്വത്തിന്റെ ദാരിദ്ര്യമാണ് നിലവിലുള്ളത്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തവരിൽ കൂടുതലും പണ്ഡിതന്മാരും മുസ്ല്യാരുമായിരുന്നു. മുസ്ലിങ്ങളുടെ പുരോഗതിക്ക് അവരെ മാതൃകയാക്കണം. അത്തരത്തിലുള്ള നേതൃത്വങ്ങളെ വാർത്തെടുക്കാൻ പോപുലർ ഫ്രണ്ടിന് കഴിയും. 99 ശതമാനം വിശ്വാസികളുള്ള കേരളത്തിൽ പിണറായി വിജയനെപോലുള്ള നാസ്തികൻ ഭരിക്കുന്നത് എങ്ങനെയാണെന്നും അത് സമൂഹത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്നും പി സി ജോർജ് പറഞ്ഞു.