തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്കും , വിചാരണ കോടതിയിലേക്കും നീങ്ങുകയാണ്. പി സി ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി വിചാരണ കോടതിയിലും , ജാമ്യം നൽകിയ കോടതി ഉത്തരവിൽ അപാകത ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിലും ആവും അപ്പീൽ സമർപ്പിക്കുക.അതേസമയം, പിസിക്ക് ജാമ്യം കിട്ടാൻ പൊലീസിന്റെ വീഴ്ച കാരണമായെന്ന് വ്യക്തമായി. കോടതിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നതോടെയാണ് അറസ്റ്റിന്റെ കാരണം വ്യക്തമാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് തെളിഞ്ഞത്.

മതവിദ്വേഷ പ്രസംഗത്തിൽ എന്തുകൊണ്ട് പിസി ജോർജിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസിന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഇത് പിസിക്ക് ജാമ്യം അനുവദിക്കാൻ കാരണമായി. മുൻജനപ്രതിനിധി ആയതിനാൽ ഒളിവിൽ പോകുമെന്ന് വിശ്വസിക്കുന്നില്ല. ആരോഗ്യാവസ്ഥയും ജാമ്യത്തിനായി പരിഗണിക്കുന്നതായി കോടതി വ്യക്തമാക്കി. പൊലീസ് ചുമത്തിയത് പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. മുമ്പ് സമാനമായ കേസുകൾ ജോർജിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.

ഒരു മുൻ എംഎൽഎ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യേണ്ടതെന്ന കാര്യം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിക്കു കഴിയുമെന്നും ഇതിനാൽ ജാമ്യം അനുവദിക്കരുതെന്നും മാത്രമേ റിപ്പോർട്ടിലുള്ളൂ. ഇക്കാരണത്താൽ ജാമ്യം അനുവദിക്കുന്നു എന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ആശ കോശിയുടെ ഉത്തരവിൽ പറയുന്നത്.

പൊലീസ് സമർപ്പിക്കേണ്ട ചെക്ക് ലിസ്റ്റിൽ സാധാരണഗതിയിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കിൽ പാലിക്കേണ്ട അഞ്ച് കാരണങ്ങൾ ഉണ്ടാകാറുണ്ട്. പൊലീസിന്റെ റിപ്പോർട്ടിൽ ഇതു കാണുന്നില്ലെന്നു കോടതി മൂന്നു പേജുള്ള ഉത്തരവിൽ പറയുന്നു. 2022 ഏപ്രിൽ 29ന് പി.സി.ജോർജ് നടത്തിയെന്നു പറയുന്ന പരാമർശങ്ങൾ ഗൗരവമുള്ളതാണ്. എന്നാൽ മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ല. ഇക്കാരണത്താൽ പ്രതിയുടെ പ്രായവും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത് പോലെ പ്രതിയെ ജയിലിൽ കിടത്തിയാൽ ജീവന് ആപത്താണ് എന്ന കാര്യവും പരിഗണിച്ചു ജാമ്യം അനുവദിക്കുന്നതായി വിധിയിൽ പറയുന്നു. 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

അതേസമയം, പിസി ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികൾക്കായി പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.

പി സി ജോർജ്ജിന് ജാമ്യം നൽകിയ കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് ജാമ്യം നൽകിയ കോടതിക്ക് എതിരെ കൂടി അപ്പീൽ സമർപ്പിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചത്. ജാമ്യം നൽകിയ കോടതി ഉത്തരവിൽ നിരവധി പാകപിഴവ് ഉണ്ടെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.

സിആർപിസി 41 പ്രകാരം അറസ്റ്റിന്റെ നടപടി ക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മുഖാന്തിരം ഹൈക്കോടതിയിൽ നാളെ തന്നെ സർക്കാർ അപ്പീൽ ഫയൽ ചെയ്യും. ഒപ്പം ജാമ്യ വ്യവസ്ഥ ലംഘിച്ച പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കാൻ മജിസ്ട്രേറ്റ് കോടതിയിലും അപേക്ഷ നൽകും. അതിനിടെ കേസിന്റെ അന്വേഷണ ചുമതല മുതിർന്ന ഉദ്യോഗസ്ഥന് സർക്കാർ കൈമാറി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജി അന്വേഷണം ഏറ്റെടുത്തു .

നേരത്തെ ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ , കേസിന്റെ ഏകോപനത്തിന് മുതിർന്ന ഉദ്യോഗസ്ഥൻ ആവും നല്ലത് എന്ന വിലയിരുത്തലിൽ ആണ് അന്വേഷണം അസിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുത്തത്.

ജാമ്യം ലഭിച്ച പിസി ജോർജ്ജ് മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് മതവിദ്വേഷ പരാമർശങ്ങൾ വീണ്ടും ആവർത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷമായിരിക്കും നാളെ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോർജ്ജിന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു