- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; കന്യാസ്ത്രീയുടെ മൊഴി തിരുത്തി ബലാൽസംഗ കേസാക്കിയത് പൊലീസ്; കന്യാസ്ത്രീകളും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ഫ്രാങ്കോ; ഭാവിയിൽ പിള്ളേർ പഠിക്കേണ്ട കേസാണിത്: പി സി ജോർജ്ജിന്റെ പ്രതികരണം
കോട്ടയം: ഫ്രാങ്കോ നിരപരാധിയാണെന്ന് താൻ പറഞ്ഞത് വ്യക്തമായി പരിശോധിച്ചിട്ടെന്ന് പിസി ജോർജ്. അന്ന് തന്നെ വിളിച്ച് വഴക്കുണ്ടാക്കിയവരുണ്ട്. എന്നാൽ താൻ സാക്ഷി മൊഴികൾ പരിശോധിച്ചും കന്യാസ്ത്രീയെ പരിശോധിച്ച ഡോക്ടറോട് സംസാരിച്ചതിന് ശേഷവുമാണ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയാണെന്ന് പറഞ്ഞത്. പരാതിക്കാരി ആദ്യം കുറവിലങ്ങാട് പൊലീസിൽ നൽകിയ മൊഴി ഇപ്പോഴുള്ളത് പോലല്ല. രാത്രി ബിഷപ്പിന്റെ മുറിയിലെത്തിയപ്പോൾ ബിഷപ്പ് കയറിപിടിച്ചു എന്നതായിരുന്നു ആദ്യ മൊഴി. എന്നാൽ മെഡിക്കൽ പരിശോധന റിപ്പോർട്ടിന്റെ ഭാഗമായി പൊലീസുകാരാണ് കേസ് മാറ്റിയതും 13 തവണ ബലാൽസംഗം ചെയ്തു എന്ന് എഴുതിച്ചേർത്തതും.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചില കന്യാസ്ത്രീകൾ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. പഞ്ചാബിൽ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ച് കേരളത്തിലേയ്ക്ക് വന്ന കന്യാസ്ത്രീയാണ് പരാതിക്കാരിയെന്നും പിസി ജോർജ് ആരോപിച്ചു. അവർ നാലു പേരുണ്ട്. പിന്നെ ഒരാൾ വയനാട്ടിൽ നിന്നും വരുന്നുണ്ട്. ഇവരെല്ലാവരും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്മാരെ മുഴുവൻ പ്രതിയാക്കി ഇത് തേഞ്ഞുമാഞ്ഞ് പോകാൻ താൻ സമ്മതിക്കില്ലെന്നും പിസി ജോർജ് പറഞ്ഞു.
പൊലീസുകാരും കന്യാസ്ത്രീകളും തമ്മിൽ അവിശുദ്ധബന്ധമുണ്ടെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. ഈ വിധി ഇന്ത്യൻ നീതിന്യായചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്. കന്യാസ്ത്രീ രഹസ്യമൊഴി നൽകിയപ്പോൾ ജഡ്ജി പോലും ചമ്മിപ്പോയി. പറഞ്ഞതൊക്കെ കളവാണെന്ന് കന്യാസ്ത്രീ തന്നെ സമ്മതിക്കുന്ന നിലയിലേയ്ക്ക് എത്തിയെന്നും പിന്നെങ്ങനെ കോടതി ഫ്രാങ്കോയെ ശിക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ മുതൽ എന്നെ വിളിച്ചവരൊടെല്ലാം ഫ്രാങ്കോയെ വെറുതേവിടുമെന്ന് പറഞ്ഞിരുന്നു.
ഈ കേസിൽ പൊലീസ് വിളിച്ചപ്പോൾ അദ്ദേഹം ഹാജരായത് നിരപരാധിയായതുകൊണ്ടാണ്. അദ്ദേഹം വന്ന് മൊഴി കൊടുത്തിട്ട് പോകട്ടെ എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ പൊലീസുകാർ കളം മാറ്റിയപ്പോൾ ഞാനെന്ത് ചെയ്യാനെന്ന് പറഞ്ഞ് പിണറായി കൈമലർത്തിയെന്നും പിസി ജോർജ് വെളിപ്പെടുത്തി. ഫ്രാങ്കോ കേരളത്തിലെത്തിയപ്പോൾ പൊലീസുകാർ തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുത്ത് നൽകിയിട്ട് ബിഷപ്പിന് പണത്തിന്റെ അഹങ്കാരമാണെന്ന് പ്രചരിപ്പിച്ചു.
വിധി പറഞ്ഞ ജഡ്ജിയെ എനിക്കറിയാം. പഠിക്കുന്ന കാലം മുതലെ മാന്യനായൊരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. ഏതെങ്കിലും ജാതിയോടൊ മതത്തോടൊ രാഷ്ട്രീയത്തോടോ ചായ്വില്ലാത്ത അദ്ദേഹം നീതിപൂർവമായ വിധിയാണ് പറഞ്ഞതെന്നും പിസി ജോർജ് പറഞ്ഞു. ഭാവിയിൽ പിള്ളേർ പഠിക്കേണ്ട ഒരു കേസാണ് ഇത്. ബിഷപ്പിനെ കുരുക്കാൻ നോക്കിയ കുറ്റക്കാരെ ശിക്ഷിക്കാനുള്ള വിശദമായ പഠനം താൻ ആരംഭിക്കാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ. അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്പി കെ. സുഭാഷ്, എസ്ഐ എംപി. മോഹൻദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. അഡ്വ. കെ. രാമൻ പിള്ളയും സി.എസ്. അജയനും പ്രതിഭാഗത്തിനുവേണ്ടി ഹാജരായി.
കേസ് ഇങ്ങനെ2014നും 2016നും ഇടയിൽ കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2017 ജൂൺ 27ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയെങ്കിലും മൊഴി എടുക്കാൻ പോലും തയ്യാറായില്ല. ഇതിനെതിരെ കന്യാസ്ത്രീകൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും 2018 സെപ്റ്റംബർ 21ന് അറസ്റ്റ് ചെയ്തതും. 25 ദിവസം ഫ്രാങ്കോ റിമാൻഡിൽ കഴിഞ്ഞു. കുറ്റപത്രം വൈകിപ്പിക്കാനും നീക്കമുണ്ടായി. സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ സമരം പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളാണുള്ളത്. ഇതിൽ 33 പേരെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതിയും തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ