കോട്ടയം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ചു പി സി ജോർജ്ജ്. കെ ടി ജലലീലിന്റെ പരാതിയിൽ സ്വപ്ന സുരേഷിനെതിരെ എടുത്ത കേസിൽ താനെങ്ങനെ പ്രതിയായെന്ന് മനസ്സിലാകുന്നില്ലെന്ന് പി സി ജോർജ് പ്രതികരിച്ചു.. കേസിൽ രണ്ടാം പ്രതിയാണ് താൻ. എന്നാൽ എങ്ങനെയാണ് താൻ പ്രതിയായതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താൻ ചെയ്ത കുറ്റം. സരിതയെ ഞാൻ ഫോണിൽ വിളിച്ചതാണ് ഇപ്പോൾ സഖാക്കളുടെ പ്രശ്നമെന്നും പി സി ജോർജ് പറഞ്ഞു. ലഹളക്കും സംഘർഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഒരായിരം കേസെടുക്കണമെന്ന് പി സി ജോർജ് പറഞ്ഞു.

ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ നടത്തുന്ന പ്രസ്താവനക്കെതിരേ കേസെടുക്കാനാണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്തും? ഒരു സ്ത്രീയെ 16 മാസം ജയിലിൽ പിടിച്ചിട്ട് പീഡിപ്പിച്ച ചരിത്രം അവർ പറഞ്ഞു. അവർ ഒരു കുറിപ്പ് തന്നു, അതിൽ പറഞ്ഞ കാര്യം പത്രക്കാർക്ക് കൊടുത്തു. അതാണ് താൻ ചെയ്ത മഹാപാപം.

കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന പലർക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് എതിരേ അടക്കം ആരോപണമുണ്ടായിട്ടുണ്ട്. പക്ഷേ, ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനോ ഭാര്യക്കോ മക്കൾക്കോ എതിരേ ആരോപണം വന്നിട്ടില്ല. മുഖ്യമന്ത്രി താൻ നിരപരാധിയാണെന്ന് പറഞ്ഞ് ചാടുന്നതെന്തിനാണെന്ന് പി സി ജോർജ് ചോദിച്ചു.

സ്വപ്നയുടെ മൊഴിയാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. പിണറായിക്ക് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവർ അങ്ങേരെ കുളമാക്കും. മിക്കവാറും ഇ പി ജയരാജനാകാനാണ് സാധ്യതയെന്നും പി സി ജോർജ് പറഞ്ഞു.