- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരെയും പീഡിപ്പിക്കില്ല, പിണറായിയുടെ ചില്ലറ വാങ്ങിയുള്ള മര്യാദകേട് ദൈവം ക്ഷമിക്കട്ടെ; പി സി മാത്രമാണ് മാന്യത കാണിച്ചതെന്ന് അവർ പറഞ്ഞതാണ്; എന്റെ ഭാഗത്തു നിന്ന് വൃത്തികേട് ഉണ്ടാവില്ല; സത്യം തെളിയിച്ച് പുറത്തിറങ്ങുമെന്ന് പി സി ജോർജ്ജ്; പരാതിക്കാരിയുടെ പേരു പറഞ്ഞതിനെ ചൊല്ലി ജോർജ്ജും മാധ്യമ പ്രവർത്തകരും തമ്മിൽ തർക്കം
തിരുവനന്തപുരം: പീഡന പരാതിയിൽ താൻ നിരപരാധിയാണെന്ന കാര്യം തെളിയുമെന്ന് പി.സി. ജോർജ്. കേസിലെ വസ്തുത എന്താണെന്ന് താൻ തെളിയിക്കുമെന്നും സത്യം തെളിയിച്ച് പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയാിയരുന്നു ജോർജ്ജ്. തന്നെ അറസ്റ്റു ചെയ്തതു കൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രിയുടെ കൈയിൽനിന്ന് പണം വാങ്ങി പരാതിക്കാരി നടത്തുന്ന മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെയെന്നും പി.സി. പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞാണ് പി.സി. ജോർജ് ആദ്യം സംസാരിച്ചത്. പിന്നീട് പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോയെന്ന് മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ പി.സി.ജോർജ് ക്ഷുഭിതനായി. നിങ്ങളുടെ പേര് പറയാമോ എന്നായിരുന്നു പി.സി.യുടെ മറുചോദ്യം. മാധ്യമപ്രവർത്തകയെ ആക്ഷേപിക്കുന്നരീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ ചൊല്ലി പ്രദേശത്ത തർക്കമുണ്ടായി.
പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്: 'പരാതിക്കാരിയെ യഥാർഥത്തിൽ പീഡിപ്പിച്ചവരെല്ലാം സന്തോഷമായി റോഡിൽ കൂടെ നടക്കുന്നു. ആ സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരൻ പിസി ജോർജാണെന്ന് അവർ തന്നെ പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഇപ്പോൾ അവര് പറയുന്നു, വേണ്ടാധീനമൊന്നുമല്ല, അവരെ പിടിച്ചെന്ന് മാത്രം. വേറൊരു കേസായി.
11 മണിക്ക് കടലാസിൽ എഴുതിക്കൊണ്ട് സ്റ്റേഷനിൽ കൊടുത്തു. സ്വാഭാവികമായും പൊലീസ് കേസെടുത്തു. വളരെ സന്തോഷം. ഞാൻ കോടതിയിൽ പോവുകയാണ്. ഞാൻ നിരപരാധിയാണെന്ന് തെളിയും. അത് നൂറു ശതമാനം ഉറപ്പുപറയുന്നു. ഈയൊരു കാര്യം കൊണ്ടൊന്നും പിണറായി വിജയൻ രക്ഷപ്പെടില്ല. ഇന്ന് ക്രൈംബ്രാഞ്ച് വേറൊരു കേസിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി. ആ കേസിൽ അവർ മാന്യമായി സംസാരിച്ചു. പൊലീസിനോട് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് 11 മണിക്ക് പ്രത്യേകം ഒരു കേസ് ഇവിടെ എടുത്തിരിക്കുന്നത്.
ഞാൻ ഒളിക്കാൻ ഉദ്ദേശിക്കുന്നില്ല. പൊലീസിനൊപ്പം പോയി കോടതിയിൽ പോകും. സ്വാഭാവികമായും റിമാൻഡ് ചെയ്യും. റിമാൻഡ് ചെയ്താൽ സന്തോഷം.അതുകഴിഞ്ഞ് എന്റെ വസ്തുത എന്താണെന്ന് ഞാൻ തെളിയിക്കും. സത്യസന്ധമായി ഇറങ്ങും.
ഞാൻ ഏതായാലും ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല. ഞാൻ പൊതുപ്രവർത്തകനാണ്. എന്റെയടുത്ത് വരുന്ന പെൺകുട്ടികളെ മോളെ ചക്കരേ സ്വന്തമെന്നല്ലാതെ വിളിക്കുകയില്ല. ആ സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാൻ. ഈ പിണറായി വിജയന്റെ ചില്ലറയും വാങ്ങിച്ച് കാണിക്കുന്ന മര്യാദകേടിന് ദൈവം തമ്പുരാൻ അവരോട് ക്ഷമിക്കട്ടെ.
പിസി മാത്രമാണ് മാന്യത കാണിച്ചതെന്ന് അവർ പറഞ്ഞതാണ്. എന്റെ ഭാഗത്തുനിന്ന് വൃത്തികേട് ഉണ്ടാവില്ല. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന കേസിൽ സാക്ഷി പറയണമെന്ന് എന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി ആ കേസ് സിബിഐക്ക് വിട്ടിരിക്കുകയാണ്. സിബിഐ എന്നെ ചോദ്യംചെയ്യാൻ വിളിച്ചിരുന്നു. ഇവർ എന്റെ വീട്ടിൽവന്നു. പത്താം തീയതി ഇവിടെവന്നു.
ആദ്യം ഇവർ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച് പീഡിപ്പിച്ചെന്നാണ്. അത് കേട്ടപ്പോൾ ഉമ്മൻ ചാണ്ടി മര്യാദകേട് കാണിക്കുമോയെന്ന് ഞാൻ സംശയിച്ചു. പിന്നീട് എഴുതി തന്നപ്പോൾ അത് ക്ലിഫ് ഹൗസിൽവച്ചായി. അത് നുണയാണെന്ന് മനസിലായി. എനിക്ക് കള്ളസാക്ഷി പറയാൻ പറ്റിയില്ല. ഇത് പച്ചക്കള്ളമാണെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം'. - പി.സി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ