തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ സ്ത്രീ പീഡനക്കേസിൽ അകത്തായത് കൈവെള്ളയിലെ മൂന്ന് കറുത്തപാടുകൾ മൂലമെന്ന് പി.സി ജോർജ്ജ്. വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്ത് അടുത്തടുത്തായി മൂന്ന് പാടുകൾ ഉള്ളതിനാൽ സ്ത്രീ സംബന്ധമായ കേസിൽ ജയിലിൽ പോകുമെന്നാണ് ജ്യോതിഷ വിധി. ഇക്കാര്യം ഒരു പ്രമുഖ ജ്യോതിഷ പണ്ഡിതൻ തന്നോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിലിൽ സന്ദർശ്ശിച്ചപ്പോൾ ബിഷപ്പിന്റെ കൈ വെള്ള പരിശോധിച്ചപ്പോൾ ഇത്തരത്തിൽ മൂന്ന് പാടുകൾ കണ്ടിരുന്നുവെന്നും പി.സി മറുനാടൻ മലയാളിയോട് പറഞ്ഞു. പിതാവിന്റെ ജാതകത്തിൽ ജയിലിൽ കിടക്കാനുള്ള വിധി ഉള്ളതുകൊണ്ടുമാണ് ഇങ്ങനെയൊക്കെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പി.സി ജോർജ്ജ് പ്രമുഖ ജ്യോതിഷനുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം മനസ്സിലാക്കിയത്. കൈവെള്ളയിൽ പാടോ മറുകോ ഉണ്ടെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയാണെങ്കിലും സ്ത്രീ സംബന്ധമായി പേരുദോഷം കേൾക്കുമെന്നും നിർബന്ധമായും ഒന്നു നോക്കണമെന്നും ജ്യോതിഷി പറഞ്ഞു. ഇന്നലെ ബിഷപ്പിനെ കാണാൻ ജയിലിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കെവെള്ളയാണ് ആദ്യം പരിശോധിച്ചത്. പിതാവിന്റെ കൈയിൽ നല്ല മുഴപ്പിൽ മൂന്ന് പാടുകൾ കിടക്കുന്നു. കണ്ടപ്പോൾ താൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് എന്നും പിസി പറഞ്ഞു. പിതാവ് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ജ്യോതിഷി പറഞ്ഞ വിവരം പറഞ്ഞു. അടുത്ത് ജയിൽ സൂപ്രണ്ടും എല്ലാവരും ഉണ്ടായിരുന്നു എന്നും ജോർജ്ജ് പറഞ്ഞു.

അതേസമയം ജയിലിൽ കഴിയുന്ന ബിഷപ്പ് തന്റെ അവസ്ഥയെപറ്റി ജോർജ്ജിനോട് പറഞ്ഞിതിങ്ങനെയാണ്. ദൈവമാണ് എന്നെ ഭൂമിയിലേക്ക് വിട്ടത്. ആ ദൈവം എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കി, പിന്നീട് ജയിലിലുമാക്കി. ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെ.

ഓതോടൊപ്പം ബിഷപ്പിനെ പ്രകീർത്തിച്ചു കൊണ്ടും യേശുവിനോട് ഉപമിച്ചു കൊണ്ടുമാണ് ജോർജ്ജ് രംഗത്തെത്തിയത്. പി സി പറഞ്ഞത് ഇങ്ങനെ: ദൈവനിശ്ചയം. യേശുവിനെ പിലാത്തോസീനു മുന്നിൽ പട്ടാളം ഹാജരാക്കി. ബറാബാസെന്ന കള്ളനെയും ഹാജരാക്കി. ബിഷപ്പിനെ കൂവിവിളിച്ചവന്മാരെപ്പോലുള്ളവന്മാർ ചരിത്രത്തിൽ ബറാബാസിന് വേണ്ടി വാദിച്ചു. യേശുവിനെ കൂവിയിരുന്നു. അതുപോലെയാണ് ബിഷപ്പിനെയും അവന്മാര് കൂവിവിളിച്ചത്. ചരിത്രത്തിൽ പീലാത്തോസ് കൈകഴുകി. നീതിപീഠങ്ങൾ പീലാത്തോസിനെപ്പോലെ കൈകഴുകരുത്. യേശുവിന്റെ കഥയറിയാവുന്ന നമ്മൾ ചിന്തിക്കണം ശരിയാണോ ഇങ്ങനൊക്കെ ചെയ്യുന്നത്. വിധിയെ തടുക്കാൻ കഴിയില്ല, ജയിലിൽ കിടക്കുമെന്ന് ബിഷപ്പിന്റെ ജാതകത്തിലുണ്ടായിരിക്കും.

അതേസമയം ബിഷപ്പ് നിരപരാധിയാണെന്നും ചിലരുടെ ഗൂഢാലോചനയുടെ ഫലമാണ് ഇത്തരത്തിൽ ഒരു കേസുണ്ടായതെന്നും പിസി ഇപ്പോഴും പറയുന്നു. കേസിന്റെ തുടക്കം മുതൽ ബിഷപ്പിന് അനുകൂലമായിട്ടാണ് പി.സി ജോർജ്ജ് നിൽക്കുന്നത്. 214 മുതൽ പീഡനം തുടങ്ങിയെങ്കിൽ എന്തുകൊണ്ട് കന്യാസ്ത്രീ അന്ന് പരാതി നൽകാൻ തയ്യാറായില്ല എന്ന ചോദ്യമാണ് ജോർജ്ജ് ഉന്നയിച്ചത്. കന്യാസ്ത്രീ പരാതി നൽകിയത് ചില ഗൂഢലക്ഷ്യങ്ങളോടെ ആണെന്നും മോശം സ്ത്രീയാണ് അവരെന്നുമാണ് ജോർജ്ജ് പറയുന്നത്.

കന്യാസ്ത്രീക്കെതിരെ പറയാനുള്ള സാഹചര്യവും ജോർജ്ജ് വിശദീകരിച്ചു. കുറവിലങ്ങാട് പൊലീസിൽ കന്യാസ്ത്രീ നൽകിയ മൊഴി പരിശോധിച്ച ശേഷമാണ് ഞാൻ പ്രതികരിച്ചത്. കന്യാസ്ത്രീയുടെ മൊഴി വായിച്ചത് എന്നെ അത്രക്ക് അരിശം കൊള്ളിച്ചു. ഒരു കന്യസ്ത്രീയുടെ വായിൽ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചുവെന്നാണ് പരാതി. അപ്പോൽ പൊലീസ് ഡോക്ടർമാരെ നിർദ്ദേശിച്ച് മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല. അപ്പോൾ ബലാത്സംഗം ചെയ്‌തെന്ന പരാതിയാക്കിയത്. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രി കൊടുത്ത പരാതിയിൽ പറയുന്നു. ആറാം ദിവസം ഇരുവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രവും പുറത്തുവന്നു. ഇതെങ്ങനെ പീഡനമാകും?

ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് കന്യാസ്ത്രീക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ക്രൈസ്തവ സഭക്കെതിരായി വലിയ നീക്കം നടക്കുന്നുണ്ടെന്നാണ് കൂട്ടിവായിക്കേണ്ടത്. ഇവർ പണം വാങ്ങിത്തന്നെയാണ് ഇങ്ങനെയൊരു പരാതി നൽകിയിരിക്കുന്നത്. പെരുമ്പാവൂർ കോടനാട് പൊലീസ് സ്റ്റേഷന് എതിർവശം നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്. 20 സെന്റ് സ്ഥലം ജ്യേഷ്ഠത്തിക്കും 20 സെന്റ് സഹോദരനുമാണ്. അവിടെ സഹോദരൻ വലിയ ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നു. സഹോദരി വലിയൊരു രണ്ടു നില വീടും വെച്ചു. മൂന്ന് വർഷത്തിനിടക്കാണ് ഇതൊക്കെ ഉണ്ടായത്. ഇതിനൊക്കെ ഇത്രയും കാശ് എവിടെ നിന്നും കിട്ടി?

ഇന്ത്യയുടെ അകത്തും പുറത്തു ക്രൈസ്തവ സഭയെ അവഹേളിക്കാനായി വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിവാദങ്ങൾ. ഇവർ നല്കിയ പണം വാങ്ങിയിട്ടാണ് ഇത്തരത്തിൽ ഒരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. ക്രൈസ്തവ സഭയെ അവഹേളിക്കാൻ ഏറ്റവും എളുപ്പം മെത്രാന്മാരെയും അച്ചന്മാരെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നതാണ്. അതിനായി പണം മുടക്കി ഓരോന്നിനെ പിടിക്കും. അതിൽ ഒരാളാണ് കന്യാസ്ത്രീ.

ബിഷപ്പ് അറസ്റ്റിലായപ്പോൾ ബിഷപ്പിനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് ിസി പറഞ്ഞിരുന്നു. പാവവത്താൻ പൊട്ടൻ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. അയാളെ പിടിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസുണ്ടാക്കിയതാണ്. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയിൽ സംശയമുണ്ട്. കത്തോലിക്ക സഭയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്നാണ് തന്റെ വിശ്വാസമെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് നേരത്തെ കോട്ടയം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിലാണ് ആരോപിച്ചിരുന്നു.

പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോർജ് പറഞ്ഞു. ചിത്രങ്ങൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറിൽനിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചിരുന്നു.