കോട്ടയം: ചതുഷ്‌കോണ മത്സരംകൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറിൽ പോളിങ് ശതമാനം വർധിച്ചത് പിസി ജോർജിനെ തുണക്കും. എല്ലാ എക്‌സിറ്റ് പോളുകളും ജോർജിന് വിജയം പ്രവചിക്കുന്നു. ഇത്തവണ 78.55 ശതമാനമാണു പൂഞ്ഞാറിലെ പോളിങ്. കഴിഞ്ഞ തവണ 69.99 ശതമാനമായിരുന്നു. ജോർജിന് അനുകൂലമാണ് ഈ പോളിങ് എന്നാണ് പ്രവചനം. ഇതോടെ ജോർജിന്റെ ആത്മവിശ്വാസം കൂടി. എന്നാൽ പാലയിൽ കെഎം മാണി തോൽക്കുമെന്നാണ് വിലയിരുത്തൽ. ഇതും ജോർജിന്റെ സന്തോഷം കൂട്ടുന്നു.

പൂഞ്ഞാറിൽ പോളിങ് ശതമാനം വർധിച്ചത് തങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നു നാലു സ്ഥാനാർത്ഥികളും ഒരു പോലെ വാദിക്കുന്നു. ആദ്യ മണിക്കൂറികളിൽ മറ്റു മണ്ഡലങ്ങളിലേതിൽനിന്നു വ്യത്യസ്തമായി പൂഞ്ഞാറിൽ പോളിങ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഈരാറ്റുപേട്ട മേഖലയിൽ രാവിലെ മുതൽ ശക്തമായിരുന്നു പോളിങ്ങെങ്കിൽ ഇതര മേഖലകളിൽ കുറവായിരുന്നു. ആദ്യ മണിക്കൂറിലെ എട്ടു ശതമാനത്തിൽനിന്ന് ഉച്ചയ്ക്ക് 12ന് 32.8 ശതമാനത്തിലേക്കും രണ്ടിന് 56 ശതമാനത്തിലേക്കുംപോളിങ് ഉയർന്നു. അഞ്ചിന് 70.3 ശതമാനമായതോടെ 2011 ലേതിനെ കടത്തിവെട്ടി.

വിജയിക്കുമെന്നും പോളിങ് ശതമാനം ഉയർന്നതു ശുഭപ്രതീക്ഷയാണു നൽകുന്നതെന്നും പി.സി. ജോർജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് എക്‌സിറ്റ് പോൾ ഫലമെത്തിയത്. സ്വതന്ത്രനായി പിസി ജോർജ് നിയമസഭയിൽ എത്തുമെന്ന് ഏവരും പ്രവചിച്ചു. ഇതിനൊപ്പമാണ് പാലയിൽ മാണിയുടെ തോൽവിയുടെ വിലയിരുത്തൽ. എന്തായാലും പാലായിൽ കടുത്ത മത്സരമാണ് മാണി നേരിട്ടത്. ഇത് തന്നെ പിണക്കിയതുകൊണ്ടാണെന്ന് ജോർജ് പറയുന്നു. പാലായിൽ തനിക്ക് ശക്തിയുള്ളിടത്ത് ജോർജ് പ്രചരണത്തിന് എത്തിയിരുന്നു. ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനാണ് വോട്ട് ചോദിച്ചത്. മാണി തോൽക്കുകയും താൻ ജയിക്കുകയും ചെയ്യുന്നത് ഇരട്ടി മധുരമാകുമെന്നാണ് ജോർജിന്റെ വിലയിരുത്തൽ.

അതിനിടെ കേരളാ കോൺഗ്രസിൽ നിന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പിളർന്ന ജനാധിപത്യ കേരളാ കോൺഗ്രസും ജയിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ എക്‌സിറ്റ് പോൾ ഫലം അത്ര ശുഭകരവുമല്ല. ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും പൂഞ്ഞാറിൽ പിസി ജോസഫും ചങ്ങനാശ്ശേരിയിൽ കെസി ജോസഫും തോൽക്കുമെന്ന് പറയുന്നു. എന്നാൽ തിരുവനന്തപുരത്ത് ആന്റണി രാജുവിന് പ്രതീക്ഷയുമുണ്ട്. ഇവിടെ ബിജെപിയുടെ ശ്രീശാന്തുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ആന്റണിരാജുവെന്നാണ് പ്രവചനം. അങ്ങനെ വന്നാലും ജനാധിപത്യ കേരളാ കോൺഗ്രസിന് നിയമസഭയിൽ അംഗ സംഖ്യയാകും.

എന്നാൽ മാണിയുടെ കേരളാ കോൺഗ്രസ് തകരുമെന്നും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും ചങ്ങനാശ്ശേരിയിൽ കെസി ജോസഫും ജയിക്കുമെന്നാണ് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ.