തിരുവനന്തപുരം: അഴിമിതി വിരുദ്ധമുന്നണിയുടെ സ്ഥാനാർത്ഥി കെ ദാസിന് അരുവിക്കരയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മറുതന്ത്രവുമായി പിസി ജോർജ് രംഗത്ത് എത്തും. തെരഞ്ഞെടുപ്പിൽ ഏറെ പിന്നിൽപോയാൽ ജോർജ്ജിന് അത് രാഷ്ട്രീയ തിരിച്ചടിയാകും. അതുകൊണ്ടാണ് പുതിയ നീക്കം.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതി അവസാനിച്ചതിനാൽ ദാസിന്റെ പേര് വോട്ടിങ് മിഷനിലുണ്ടാകും. എങ്കിലും മത്സരരംഗത്ത് നിന്ന് പിന്മാറുന്നതായി സ്വയം പ്രഖ്യാപിച്ച് ഇടതു പക്ഷ സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകാനാണ് പിസി ജോർജിന്റെ നീക്കം. അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷവുമായി സഹകരിക്കേണ്ട പ്രസക്തി ഉയർത്തിയാകും പിന്മാറ്റം. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജോർജ്ജും തമ്മിൽ ഇക്കാര്യത്തിൽ ആശയ വ്യക്തത വന്നുകഴിഞ്ഞു.

അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി ഒ രാജഗോപാൽ എത്തിയതോടെ വോട്ടിങ്ങിൽ സാമുദായിക ധ്രൂവീകരണം ഉറപ്പായിക്കഴിഞ്ഞു. നായർ-ഈഴവ വോട്ടുകളിൽ വിള്ളലുണ്ടാകും. ഈ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരമുയർത്താവുന്ന മറ്റ് വോട്ടുകൾ ഭിന്നക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യും. ശബരിനാഥന്റെ വിജയത്തിന് സഹായകമാകുന്ന നാടാർ വോട്ടുകൾ ലക്ഷ്യമിട്ടാണ് ദാസിനെ മത്സര രംഗത്തുള്ളത്. എന്നാൽ രജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചാൽ യുഡിഎഫ് ജയിക്കുമെന്ന സാഹചര്യമുണ്ടായി. ശക്തമായ ത്രികോണമാണ് അരുവിക്കരയിലുള്ളത്. അതുകൊണ്ട് ഓരോ വോട്ടും നിർണ്ണായകമാണ്. അതിനാലാണ് പിസി ജോർജിന്റെ പുതിയ നീക്കം. യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചാൽ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി തനിക്കാകും കിട്ടുകയെന്ന് ജോർജിനറിയാം. സ്വന്തം സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞാൽ പ്രതിസന്ധി ഇരട്ടിയാകും.

കഴിഞ്ഞ ദിവസങ്ങളിൽ ജോർജും ദാസും ചേർന്നുള്ള റോഡ് ഷോ അഴിമതി വിരുദ്ധ മുന്നണി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മണ്ഡലത്തെ ഇളക്കിമറിച്ചാലും വോട്ട് കിട്ടില്ലെന്ന തിരിച്ചറിവ് വന്നതോടെ ജോർജ് റോഡ് ഷോയ്ക്ക് എത്തിയില്ല. വിജയം അനിവാര്യമായ ഇടതുമുന്നണിയുടെ ജോർജുമായി സംസാരിക്കാൻ തയ്യാറായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിൽ ജോർജുമായി സഹകരിക്കുമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം എത്തുന്നത്. ബാർ കോഴയിൽ വിജിലൻസ് അന്വേഷണമില്ലെന്ന് പ്രഖ്യാപിച്ചാൽ ഉടനെ ദാസിന് വോട്ട് ചെയ്യരുതെന്നും സിപിഎമ്മിനെ വിജയിപ്പിച്ച് ഉമ്മൻ ചാണ്ടിക്ക് തിരിച്ചടി നൽകണമെന്ന വാദവുമായി ജോർജ് സജീവമാകും. എന്നാൽ നാടാർ വോട്ടുകൾ ദാസ് പരമാവധി പിടിക്കട്ടേ എന്ന ചിന്തയും ഇടതു ക്യാമ്പിലുണ്ട്.

അതുകൊണ്ട് തന്നെ സിപിഎമ്മിന് കിട്ടാൻ ഇടയില്ലാത്ത നാടാർ വോട്ടുകൾ സമാഹിരിക്കുന്ന സ്ഥാനാർത്ഥിയായി ദാസിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്. വളരെ കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടൂക്കൂ. വി എസ് അച്യൂതാന്ദന്റെ നേരിട്ടുള്ള പ്രചരണം മണ്ഡലത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കിയ ശേഷമാണ് അന്തിമ നിലപാടുകൾ ഉണ്ടാവുക. വിഎസിന്റെ ജനസമ്മിതിയിൽ സിപിഎമ്മിന് പ്രതീക്ഷ ഏറെയാണ്. പ്രചരണത്തിൽ സിപിഐ(എം) ഏറെ മുന്നിലാണെന്നാണ് വിലയിരുത്തൽ. ശബരിനാഥന് വേണ്ടി നേതാക്കളാണുള്ളതെന്നും സാധാരണ കോൺഗ്രസുകാർ സജീവമല്ലെന്ന നിഗമനവും ഉണ്ട്. എന്നാൽ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം കണക്കുകൂട്ടൽ തെറ്റിച്ചു. തുടക്കത്തിൽ വിജയകുമാറിന് പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷ കണക്ക് കൂട്ടിയവർ ഇപ്പോൾ ശക്തമായ മത്സരമെന്ന നിലപാടിലാണുള്ളത്.

അതായത് പോരാട്ടത്തിന്റെ ചൂട് സിപിഐ(എം) തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ജോർജുമായി വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നത്. എന്നാൽ ജോർജിനെ ഒപ്പം കൂട്ടാമെന്ന ഉറപ്പ് സിപിഐ(എം) കൊടുക്കില്ല. വിശദമായ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ എന്നാണ് അറിയുന്നത്. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവുമായും ആശയ വിനിമയം നടത്തും. എന്നാൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് തടിയൂരുന്നത് തന്നെയാണ് നല്ലതെന്ന ഉറച്ച അഭിപ്രായത്തിൽ ജോർജ്ജ് എത്തിക്കഴിഞ്ഞു. അതിന് അനുയോജ്യമായ സമയം കാത്തിരിക്കുകയാണ് മുൻ ചീഫ് വിപ്പ്. മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കുന്നതാണ് യോജിച്ച സമയമെന്നാണ് കിട്ടിയ രാഷ്ട്രീയ ഉപദേശം.