- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടവുകളിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിച്ച് മുഖ്യമന്ത്രി; മാണിക്കെതിരായ കേസ് അന്വേഷണ ഉദ്യോഗസ്ഥരുടെ തലയിൽ ചാരിയത് നിഷ്പക്ഷനെന്ന പ്രതീതി സൃഷ്ടിക്കാൻ; സർക്കാർ ധനമന്ത്രിക്കൊപ്പമെന്നു പറഞ്ഞ് അനുനയത്തിനും ശ്രമം; പി സി ജോർജ് പുറത്തായേക്കുമെന്നും സൂചന നൽകി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തന്ത്രങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെല്ലാൻ രാഷ്ട്രീയത്തിൽ ആരും ഉണ്ടാകില്ലെന്നു നിസംശയം പറയാം. തന്റെ നേർക്ക് പരസ്യമായി ഉയർന്ന വിവിധ ആരോപണങ്ങളെപ്പോലും നിസാരമായി ഒരു മൂലയ്‌ക്കൊതുക്കാൻ ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞിട്ടുണ്ട്. എത്ര വലിയ ആരോപണങ്ങൾ വന്നാലും അതിൽ നിന്നെല്ലാം ഒരു ചെറിയ പോറൽ പോലുമേൽക്കാതെ ര
തിരുവനന്തപുരം: തന്ത്രങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെല്ലാൻ രാഷ്ട്രീയത്തിൽ ആരും ഉണ്ടാകില്ലെന്നു നിസംശയം പറയാം. തന്റെ നേർക്ക് പരസ്യമായി ഉയർന്ന വിവിധ ആരോപണങ്ങളെപ്പോലും നിസാരമായി ഒരു മൂലയ്‌ക്കൊതുക്കാൻ ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞിട്ടുണ്ട്. എത്ര വലിയ ആരോപണങ്ങൾ വന്നാലും അതിൽ നിന്നെല്ലാം ഒരു ചെറിയ പോറൽ പോലുമേൽക്കാതെ രക്ഷപ്പെടാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും ഒടുവിലായിതാ, ബാർ കോഴക്കേസിലും തന്റെ അടവുകളിലൂടെ മുഖം രക്ഷിക്കാനുള്ള ശ്രമം വ്യാഴാഴ്ചയും മുഖ്യമന്ത്രി നടത്തിയിരിക്കുന്നു. ധനമന്ത്രി കെ എം മാണിക്കെതിരെ കേസ് വന്നിട്ടും ആരോപണവിധേയനായ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കേരള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണമാണ് മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ മുഖ്യമന്ത്രിയുടെ ഉരുണ്ടുകളി.
അന്വേഷണ ഉദ്യോഗസ്ഥരാണ് കെ എം മാണിക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഷ്ട്രീയമായ ഒരു ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. മാണിക്കും കെ ബാബുവിനും രണ്ട് നീതിയെന്ന സ്ഥിതിയുണ്ടാകില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ ഒരു വാദഗതി കൂടി ഉണ്ടെന്നു സമ്മതിക്കുകയും ചെയ്തു. കേസെടുക്കാരുതായിരുന്നു എന്ന വാദവും നിലനിൽക്കുന്നുണ്ട്.
ഇതിലൂടെ താൻ ഒരു കാര്യത്തിലും പക്ഷപാതിത്വം കാണിക്കില്ലെന്നു വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കെ എം മാണിക്കു പിന്നിൽ യുഡിഎഫും സർക്കാരും ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിച്ചതിലൂടെ ധനമന്ത്രിയെയും കൈയിലെടുക്കാനുള്ള ശ്രമവും ഉമ്മൻ ചാണ്ടി നടത്തി. അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കാര്യത്തിൽ ഇടപെടാത്ത സർക്കാരാണ് തങ്ങളുടേതെന്നു കാട്ടാനുള്ള നീക്കമാണ് ഇന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയത്.
പി സി ജോർജിന്റെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നു സൂചിപ്പിച്ച മുഖ്യമന്ത്രി ജോർജ് പുറത്തേക്കു തന്നെയെന്നാണ് സൂചന നൽകിയത്. മുന്നണിയിലെ ഘടകകക്ഷി പറയുന്ന തീരുമാനത്തിന് വില നൽകുമെന്ന് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞതോടെ പി സി ജോർജിന് ചീഫ് വിപ്പ് സ്ഥാനം നഷ്ടമാകുമെന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ജോർജിനെ മാറ്റുന്നു എന്ന വാർത്തയാകും തിങ്കളാഴ്ച കേരളം കേൾക്കുകയെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.
സോളാർ കേസും പാമൊലിൻ കേസും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ തനിക്കെതിരെ ഉയർന്നിട്ടും എൽഡിഎഫിന്റെ ശക്തമായ സമരങ്ങൾ ഉയർന്നുവന്നിട്ടും കുലുങ്ങാതെ നിന്നയാളാണ് ഉമ്മൻ ചാണ്ടി. തന്റെ തന്ത്രങ്ങളിലൂടെ എതിരാളികളെ തറപറ്റിച്ച ഉമ്മൻ ചാണ്ടി അടവുനയത്തിലൂടെ മന്ത്രിമാർക്കെതിരായ ഭിന്നതയും പരിഹരിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ്. മാണിക്കെതിരെ കേസെടുത്ത നടപടിയെ അന്വേഷണ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച മുഖ്യമന്ത്രി പി സി ജോർജിനെതിരായി നടപടി എടുക്കുമെന്നു വ്യക്തമാക്കി മാണിയെയും അനുനയിപ്പിച്ചിരിക്കുകയാണ്.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ