- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജ് പുറത്താകുമെന്ന് ഉറപ്പായി; പുകച്ച് പുറത്തു ചാടിക്കാൻ കോലം കത്തിച്ച് യൂത്ത് ഫ്രണ്ട് രംഗത്ത്; പുറത്താക്കും മുമ്പ് രാജിവച്ച് അഴിമതി വിരുദ്ധ പ്രതിച്ഛായ വർധിപ്പിക്കാൻ ആലോചിച്ച് ചീഫ് വിപ്പും
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ കേരള കോൺഗ്രസിൽനിന്ന് പുറത്തേക്കുള്ള വഴിയിലാണ് ചീഫ് വിപ്പ് പി സി ജോർജ്. പാർട്ടി ചെയർമാൻ കെ എം മാണിയുമായി നിരവധി തവണ വാക് പോരു നടത്തിയ പി സി ജോർജിനെ ഇനി കൂടെ നിർത്തുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് പാർട്ടിയിലെ ഭൂരിപക്ഷവും. എന്നാൽ തന്നെ പുകച്ചു പുറത്താക്കുംമുമ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ കേരള കോൺഗ്രസിൽനിന്ന് പുറത്തേക്കുള്ള വഴിയിലാണ് ചീഫ് വിപ്പ് പി സി ജോർജ്. പാർട്ടി ചെയർമാൻ കെ എം മാണിയുമായി നിരവധി തവണ വാക് പോരു നടത്തിയ പി സി ജോർജിനെ ഇനി കൂടെ നിർത്തുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് പാർട്ടിയിലെ ഭൂരിപക്ഷവും.
എന്നാൽ തന്നെ പുകച്ചു പുറത്താക്കുംമുമ്പ് രാജിവച്ച് പാർട്ടിയോടു വിട പറയാനുള്ള നീക്കത്തിലാണ് പി സി ജോർജ്. അങ്ങനെ ചെയ്ത് താൻ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വക്താവാണെന്ന പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമമാണ് ചീഫ് വിപ്പിന്റെ ഭാഗത്തുനിന്നുള്ളത്. വി എസ്ഡിപിയുമായി ചേർന്ന് അഴിമതി വിരുദ്ധ പോരാട്ടത്തിന് കളമൊരുക്കാനുള്ള നീക്കത്തിലാണ് പി സി ജോർജ്. വിഷ്ണുപുരം ചന്ദ്രശേഖരനുമായി ചേർന്ന് ഇത്തരത്തിൽ സംസ്ഥാനമൊട്ടാകെ അഴിമതി വിരുദ്ധ ശൃംഖലതന്നെ തീർക്കാനുള്ള ശ്രമമാണ് പി സി ജോർജ് നടത്തുന്നത്.
ബാർ കോഴക്കേസിൽ പരസ്പരം ചെളിവാരിയെറിഞ്ഞ് പി സി ജോർജും ധനമന്ത്രി കെ എം മാണിയും നിരവധി തവണ മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് മാണി ഗ്രൂപ്പിനെ നടുക്കടലിൽ മുക്കുന്നത് പി സി ജോർജാണെന്നാരോപിച്ച് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ജോർജിനെ പുകച്ചു ചാടിക്കാനുള്ള നീക്കം മുറുകിയത്.
കോട്ടയത്ത് ടൗണിലൊഴികെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജോർജിന്റെ കോലം കത്തിച്ച് യൂത്ത് ഫ്രണ്ട് എം പ്രതിഷേധ സമരം നടത്തുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും ജോർജിന്റെ കോലം കത്തിച്ചു രോഷം തീർക്കുകയായിരുന്നു യൂത്ത് ഫ്രണ്ടുകാർ. തിരുവനന്തപുരത്ത് കോലം കത്തിക്കാൻ യൂത്ത് ഫ്രണ്ടുകാർ എത്തിയപ്പോൾ ജോർജിന് പിന്തുണയെന്നോണം വി എസ്.ഡി.പി പ്രവർത്തകർ അവിടെ എത്തിയിരുന്നു. കോലം കത്തിക്കാനുള്ള യൂത്ത് ഫ്രണ്ടിന്റെ നീക്കം വി എസ്ഡിപിക്കാർ തടഞ്ഞത് സംഘർഷത്തിനും ഇടയാക്കി.
പുറത്ത് ചാടിക്കാൻ ജോർജിനെ ഒറ്റപ്പെടുത്തിയുള്ള ഉള്ളുകളികൾക്ക് ഇതിനകം ഔദ്യോഗിക നേതൃത്വം തുടക്കം കുറിച്ചെന്നത് പകൽപോലെ വ്യക്തമാണ്. ബാർകോഴ വിവാദം ചർച്ചചെയ്യാൻ ഇന്ന് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി വിളിക്കുമെന്ന് ചെയർമാൻ കെ.എം. മാണി കഴിഞ്ഞ കമ്മിറ്റിയിൽ ഉറപ്പു നല്കിയിരുന്നു. എന്നാൽ കമ്മിറ്റി എന്ന് കൂടണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എംപി പറഞ്ഞത്.
ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റാനായി ഉമ്മൻ ചാണ്ടിയുടെ അനുമതിയും കിട്ടിയിട്ടുണ്ടെന്ന അവകാശമാണ് മാണി ഗ്രൂപ്പ് നേതാക്കൾക്കുള്ളത്. യൂത്ത് ഫ്രണ്ടിനെ രംഗത്തിറക്കി ജോർജിനെതിരെ ഔദ്യോഗിക വിഭാഗം പണി തുടങ്ങിയതും ഇതിന്റെ ഭാഗമാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് പി സി ജോർജിന്റേതെന്നാണ് യൂത്ത് ഫ്രണ്ടിന്റെ വാദം.
പാർട്ടി പുറത്താക്കിയാലേ കാലുമാറ്റ നിരോധന നിരോധന നിയമമനുസരിച്ച് ജോർജിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടാതിരിക്കൂ. പുറത്താക്കാതെ പരമാവധി നാറ്റിച്ച് സ്വയം പുറത്തുപോയാൽ എംഎൽ.എ സ്ഥാനം നഷ്ടമാകും. ഇതിനു വേണ്ടിയുള്ള കളികളാണ് പാർട്ടി നടത്തുന്നത്. എന്തായാലും പാർട്ടിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് പുറത്തുപോകാൻ തന്നെയാണ് ജോർജിന്റെ നീക്കമെന്നാണ് സൂചന. ഇതിനു വേണ്ടി വി എസ്ഡിപിയുമായി ചേർന്നുള്ള അഴിമതിവിരുദ്ധ ശൃംഖലയ്ക്കുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് ജോർ്ജ്.
പാലായിൽ കെ.എം. മാണിക്ക് സ്വീകരണം നല്കിയ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിൽ തന്നെ കൂവി തോല്പിക്കാൻ കുറേപ്പേരെ പാർട്ടി സംഘടിപ്പിച്ചു നിർത്തിയെന്നു ജോർജ് ആരോപിച്ചു. അതിനാലാണ് ആ യോഗത്തിൽ പങ്കെടുക്കാത്തതെന്നും ജോർജ് പറഞ്ഞു. ഇത്തരത്തിൽ പ്രശ്‌നങ്ങൾ പുകയുന്നതിനിടെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ യൂത്ത് ഫ്രണ്ട്(എം)- വി എസ്.ഡി.പി. സംഘർഷം ഉടലെടുത്തത്.
തൊടുപുഴയിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പി.സി ജോർജിന്റെ കോലം കത്തിച്ചു. ബാർ കോഴ വിവാദത്തിൽ മന്ത്രി കെ.എം. മാണി നേരത്തെ രാജിവെക്കേണ്ടതായിരുന്നു എന്ന പി സി ജോർജിന്റെ പരാമർശമാണ് കേരളാ കോൺഗ്രസിനകത്ത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചത്. ഏറെക്കാലമായി പുകയുന്ന പ്രശ്‌നങ്ങൾ ജോർജിന്റെ പരസ്യ പ്രസ്താവനകൾ അതിരുകടന്നതോടെ പൊട്ടിത്തെറിയിലേക്ക് മാറുകയായിരുന്നു.