തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനും ഹാസ്യസാഹിത്യകാരനുമായിരുന്ന പി സി സനൽകുമാർ അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാവിലെ വസതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേനൽ പൂക്കൾ, കലക്ടർ കഥ എഴുതുകയാണ്, പരാതീയം, ഊമക്കത്തിന് ഉരിയാടാ പയ്യൻ, ഒരു ക്ലൂ തരുമോ, നിങ്ങൾ ക്യൂവിലാണ് തുടങ്ങിയവ പ്രധാന കൃതികളാണ്. നിരവധി പാരഡി ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1989ൽ ഫിലിം ക്രിട്ടിക്‌സ് അവാർഡും 2004ൽ സാഹിത്യ അക്കാഡമിയുടെ അവാർഡും സനൽകുമാറിന് ലഭിച്ചിട്ടുണ്ട്. കലക്ടർ കഥ എഴുതുകയാണ് എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

തിരുവനന്തപുരം നർമകൈരളിയുടെ സജീവപ്രവർത്തകനായിരുന്നു. ഫേസ്‌ബുക്കിലും സ്ഥിരം സാന്നിധ്യമായിരുന്നു പി സി സനൽകുമാർ. നിരവധി ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.