ന്യൂഡൽഹി: ബിഹാറിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചു മുതിർന്ന നേതാവ് പി ചിദംബരം. 'ഞങ്ങൾ വിധി അംഗീകരിക്കുന്നു. ബീഹാറിലെ പ്രകടനത്തിൽ ഞങ്ങൾ നിരാശരാണ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സി.ഡ.ബ്ല്യു.സി) ഇത് കൃത്യമായി അവലോകനം ചെയ്യുകയും ഞങ്ങളുടെ നിലപാടിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തുകയും ചെയ്യും'', ചിദംബരം പറഞ്ഞു. ഇക്കാര്യം എൻഡി ടിവിയാണ് റിപ്പോർട്ടു ചെയ്തത്.

ബീഹാറിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തെ ശരിക്കും അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന രിപ്പോർട്ടുകൾ. സഖ്യത്തിന് ഏറ്റ തോൽവിയെക്കാളും തെരഞ്ഞെടുപ്പിൽ പാർട്ടി കാഴ്ചവെച്ച മോശം പ്രകടനമാണ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തോൽവി തുടരുമോ എന്ന ഭയം കോൺഗ്രസിനുണ്ട്.

ബീഹാറിൽ പാർട്ടിക്ക് പിഴവ് പറ്റിയെന്ന് ഏറ്റ് പറഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തെ രംഗത്തെത്തിയിരുന്നു. ആർ.ജെ.ഡിയുടേയും ഇടതുപാർട്ടികളുടേയും അത്ര മികച്ച രീതിയിൽ തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ലെന്നും അവരെപ്പോലെ ഞങ്ങൾക്കും സീറ്റുകൾ നേടാനായിരുന്നെങ്കിൽ ബീഹാറിൽ മഹാസഖ്യം അധികാരമേൽക്കുമായിരന്നെന്നും അൻവർ പറഞ്ഞിരുന്നു.