ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു എന്നതിന്റെ കുമ്പസാരമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് സഹമന്ത്രിയുടേയും രാജിയെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം.

എല്ലാം ശരിയായി നടന്നാൽ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കും, എന്നാൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അതിന്റെ ഉത്തരവാദി മന്ത്രിമാരാവുമെന്നം അദ്ദേഹം കുറ്റപ്പെടുത്തി. സമ്പൂർണമായ അനുസരണയ്ക്കും ചോദ്യം ചെയ്യപ്പെടാത്ത അനുസരണയ്ക്കും ഒരു മന്ത്രി കൊടുക്കുന്ന വില അതാണെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. പുതിയ മന്ത്രിസഭയ്ക്ക് മുന്നോടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹർഷവർധനും ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയും രാജി പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് നിർണായക സ്ഥാനങ്ങളിലുള്ള ഇവരുടെ രാജി മഹാമാരിയെ കൈകാര്യം ചെയ്തതിലെ പിഴവ് സമ്മതിക്കുന്നതാണെന്നാണ് ചിദംബരം പ്രതികരിക്കുന്നത്.