ന്യൂഡൽഹി: മദർ തെരേസ സ്ഥാപിച്ച സന്ന്യാസസമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട നടപ്പാക്കാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി ചിദംബരം ആരോപിച്ചു.

'കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവനകൾ നിഷേധിക്കുന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ ദരിദ്രർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മദർ തെരേസയുടെ സ്മരണയോടുള്ള ഏറ്റവും വലിയ അപമാനമാണിത്' ചിദംബരം ട്വീറ്റ് ചെയ്തു.

ക്രിസ്മസ് നാളിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയത്. ചട്ടങ്ങളിൽ ചിലത് പാലിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. 'ചില ഹാനികരമായ വിവരങ്ങൾ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത്. വർഗീയ കലാപങ്ങളും തീവ്രവാദപ്രവർത്തനങ്ങളും അടിച്ചമർത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ക്രിസ്ത്യൻ ജീവകാരുണ്യപ്രവർത്തനങ്ങളേയും മാനുഷികപ്രവർത്തനങ്ങളേയും അടിച്ചമർത്താനല്ല' ചിദംബരം പറഞ്ഞു.


മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചത് നടുക്കമുണർത്തുന്നതാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര നടപടിയോടെ ഉപവിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികൾക്കും മറ്റുള്ളവർക്കും ഭക്ഷണവും മരുന്നും വാങ്ങാൻ നിർവാഹമില്ലാതായെന്നും അവർ പറഞ്ഞു.

അതേ സമയം കേന്ദ്രം ആരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിറക്കിയത്. വിദേശ സംഭാവനനിയന്ത്രണച്ചട്ടത്തിന്റെ (എഫ്.സി.ആർ.എ.) ലൈസൻസ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഈ മാസം 25-ന് നിരസിച്ചിട്ടുണ്ട്. 31 വരെ അവർക്ക് സംഭാവന സ്വീകരിക്കാൻ ലൈസൻസുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷനൽകിയിരുന്നതായും അതനുസരിച്ച് നടപടിയെടുത്തിട്ടുണ്ടെന്നും എസ്.ബി.ഐ. അറിയിച്ചതായും മന്ത്രാലയം പത്രക്കുറിപ്പിലറിയിച്ചു.