- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർസെൽ-മാക്‌സിസ് കേസ്: പി.ചിദംബരം ഒന്നാം പ്രതി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം നൽകി; ചിദംബരം അടക്കം ഒൻപത് പേർ പ്രതിപ്പട്ടികയിൽ; കേസ് വീണ്ടും പരിഗണിക്കുക നവംബർ 26 ന്; എൻഫോഴ്സ്മെന്റിന്റെ കുറ്റപത്രം ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയതിന് പിന്നാലെ; കാർത്തിയുടെ ഇ-മെയിൽ വിവരങ്ങൾ പിടിച്ചെടുത്തെന്നും ആവശ്യത്തിന് തെളിവുകൾ കിട്ടിയെന്നും ഇഡി
ന്യൂഡൽഹി:എയർസെൽ മാക്‌സിസ് അഴിമതി കേസിൽ കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി.ചിദംബരം ഒന്നാം പ്രതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അനുബന്ധ കുറ്റപത്രം നൽകിയിരിക്കുന്നത്. ചിദംബരം അടക്കം ഒൻപത് പേർ പ്രതിപ്പട്ടികയിലുണ്ട്. കേസ് വീണ്ടും നവംബർ 26 ന് പരിഗണിക്കും. നേരത്തെ സിബിഐ ചിദംബരത്തെയും, മകൻ കാർത്തി ചിദംബരത്തെയും പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധകുറ്റപത്രം സമർപ്പിച്ചത്. ചിദംബരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കരരാമൻ, നാലുമാക്‌സിസ് കമ്പനികൾ എന്നിവയുടെ പേരും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ജൂണിൽ കാർത്തി ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. തങ്ങളുടെ പക്കൽ ആവശ്യത്തിന് തെളിവുകളുണ്ടെന്നാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. കാർത്തി ചിദംബരത്തിന്റെയും കൂട്ടാളികളുടെയും ഇ-മെയിൽ വിവരങ്ങൾ പിടിച്ചെടുത്തെന്നും വിലപ്പെട്ട തെ
ന്യൂഡൽഹി:എയർസെൽ മാക്‌സിസ് അഴിമതി കേസിൽ കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി.ചിദംബരം ഒന്നാം പ്രതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അനുബന്ധ കുറ്റപത്രം നൽകിയിരിക്കുന്നത്. ചിദംബരം അടക്കം ഒൻപത് പേർ പ്രതിപ്പട്ടികയിലുണ്ട്. കേസ് വീണ്ടും നവംബർ 26 ന് പരിഗണിക്കും. നേരത്തെ സിബിഐ ചിദംബരത്തെയും, മകൻ കാർത്തി ചിദംബരത്തെയും പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു.
ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധകുറ്റപത്രം സമർപ്പിച്ചത്. ചിദംബരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കരരാമൻ, നാലുമാക്‌സിസ് കമ്പനികൾ എന്നിവയുടെ പേരും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ജൂണിൽ കാർത്തി ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. തങ്ങളുടെ പക്കൽ ആവശ്യത്തിന് തെളിവുകളുണ്ടെന്നാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. കാർത്തി ചിദംബരത്തിന്റെയും കൂട്ടാളികളുടെയും ഇ-മെയിൽ വിവരങ്ങൾ പിടിച്ചെടുത്തെന്നും വിലപ്പെട്ട തെളിവുകൾ കിട്ടിയെന്നും അവർ അവകാശപ്പെടുന്നു.
പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും നവംബർ ഒന്നുവരെയാണ് സിബിഐ പ്രത്യേക കോടതി അറസ്റ്റിൽ നിന്ന് പരിരക്ഷ നൽകിയിട്ടുള്ളത്. കേസിൽ ചിദംബരത്തെയും മകനയും പ്രതികളാക്കി ജൂലൈ 19നു സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. അനുബന്ധ കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചിട്ടുള്ളത്. മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്.
600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് സിബിഐയുടെ ആരോപണം. ഇതിനായി കമ്പനിയിൽ നിന്ന് 26 ലക്ഷം രൂപ കാർത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഊഹാപോഹങ്ങളുടെയും കള്ളത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിബിഐയും, എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റും തനിക്കും മകനുമെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് ചിദംബരത്തിന്റെ വാദം.
മുൻ ടെലികോം മന്ത്രി ദയാനിധി മാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഫയൽ ചെയ്ത കുറ്റപത്രത്തിൽ സിബിഐ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. മാരനും കേസിലെ ആരോപണവിധേയരായ മറ്റുള്ളവർക്കുമെതിരെ വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസി പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി, കോടതി ഇവരെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചിരുന്നു.
ഐഎൻഎക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയിരുന്നു. ന്യൂഡൽഹി ജോർബാഗിലെ ഫ്‌ളാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, യുകെയിലെ സോമർസെറ്റിലുള്ള വീട്, സ്‌പെയിനിലെ ബാർസിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പിഎംഎൽഎ) അനുസരിച്ചാണു നടപടിയെന്നു എൻഫോഴ്‌സ്‌മെന്റ് അധികൃതർ വ്യക്തമാക്കി.
കാർത്തിയുടെയും അമ്മ നളിനിയുടെയും പേരിലുള്ള ജോർബാഗിലെ ഫ്‌ളാറ്റിനു 16 കോടി രൂപ വിലവരും. സോമർസെറ്റിലെ വീടിന്റെ മൂല്യം 8.67 കോടി രൂപയും ടെന്നിസ് ക്ലബിന്റേത് 14.57 കോടി രൂപയുമാണ്. ചെന്നൈയിലെ ബാങ്കിലെ 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടുകെട്ടിയിട്ടുണ്ട്. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്(എഎസ്സിപിഎൽ) എന്ന കമ്പനിയുടെ പേരിലുള്ളതാണ് ഈ നിക്ഷേപം. കാർത്തിക്കു ബന്ധമുള്ള എഎസ്സിപിഎൽ കമ്പനി വഴി വാസൻ ഹെൽത്ത് കെയറിൽ ഉൾപ്പെടെ ഒട്ടേറെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് അധികൃതർ വ്യക്തമാക്കി.