- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സ്കൂളുകളുടെ കേമം പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി തന്നെ തുരങ്കം വെക്കുന്നു; മകന് എയ്ഡഡ് സ്‌കൂളിൽ ജോലി ഉറപ്പിക്കാൻ പി ഗഗാറിൻ നടത്തിയത് വൻ കള്ളക്കളികൾ; സർക്കാർ സ്‌കൂളിൽ നിന്നും ടി സി വാങ്ങിയത് രാത്രി എട്ടിനും; അസാധാരണ ഇടപെടൽ അധികാരത്തിന്റെ ഹുങ്കിൽ തന്നെ; സിപിഎമ്മിൽ മറ്റൊരു ബന്ധു നിയമന വിവാദം
കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ താൽപ്പര്യമെടുത്തു നടത്തിയ ബന്ധു നിയമനം വിവാദമാകുന്നു. സ്വന്തം മകന് എയ്ഡഡ് കോളേജിൽ ജോലി ഉറപ്പിക്കാൻ വേണ്ടി ഗഗാറിന്റെ ഇടപെടലിൽ അസാധാരണ കാര്യങ്ങൾ നടന്നുവെന്ന ആരോപണമാണ് ശക്തമാകുന്നത്. സർക്കാർ സ്‌കൂളിൽ നിന്നു ആറാം പ്രവൃത്തിദിവസം രാത്രി 8നു ടിസി വാങ്ങി കുട്ടികളെ എയ്ഡഡ് സ്‌കൂളിൽ ചേർത്തു ഡിവിഷൻ തികയ്ക്കാൻ ശ്രമം നടത്തിയത് ഗഗാറിന്റെ മകൻ പി ജി രഞ്ജിത്തിന് വേണ്ടിയായിരുന്നു. ഈ നീക്കം മാധ്യമങ്ങളിലൂടെ വാർത്ത ആയതോടെ വിവാദമായിരിക്യാണ്.
ഓഫിസ് സമയം കഴിഞ്ഞു സമ്പൂർണ പോർട്ടൽ റീസെറ്റ് ചെയ്താണു ടിസി നൽകിയതെന്നു വിവരാവകാശ രേഖകളിൽ വ്യക്തമാണ്. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി വിദ്യാഭ്യാസ വകുപ്പ് അധികൃതരുൾപ്പെടെ ഒത്തു കളിച്ചെന്ന ആരോപണവമാണ് ഇതോടെ ശക്തമാകുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ 3 പേർ ചുമതലയേറ്റ ശേഷമാണ് വെള്ളമുണ്ട എയുപി സകൂളിലേക്കു മറ്റു സ്‌കൂളുകളിലെ കുട്ടികൾ ടിസി വാങ്ങിയെത്തുന്നത്. തരുവണ ഗവ. സ്‌കൂളിൽ നിന്ന് ആറാം പ്രവൃത്തി ദിനത്തിൽ മാത്രം 4 കുട്ടികൾക്കു വെള്ളമുണ്ട സ്‌കൂളിലേക്കു ടിസി നൽകിയതായി വിവരാവകാശ രേഖകളിലുണ്ട്.
ആറാം പ്രവൃത്തി ദിനം നടപടികൾ പൂർത്തിയാക്കി സമ്പൂർണ വെബ്‌സൈറ്റിൽ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയതിനു ശേഷവും അസാധാരണ നീക്കത്തിലൂടെ സൈറ്റ് റീസെറ്റ് ചെയ്തു രാത്രി 8നു 2 കുട്ടികൾക്കു ടിസി നൽകി. സൗജന്യ യാത്രയും യൂണിഫോമും വാഗ്ദാനം ചെയ്തിരുന്നുവെന്നാണു രക്ഷിതാക്കൾ പറയുന്നത്. വീടിനു തൊട്ടടുത്ത സർക്കാർ സ്‌കൂളിൽ നിന്നാണു 4 കിലോമീറ്റർ അകലെയുള്ള എയ്ഡഡ് സ്‌കൂളിലേക്ക് കുട്ടികൾ ടിസി വാങ്ങിയത്.
വഞ്ഞോടുള്ള മറ്റൊരു എയ്ഡഡ് സ്‌കൂളിൽ നിന്നും കുട്ടികളെ വെള്ളമുണ്ട സ്‌കൂളിലേക്കു മാറ്റിയിട്ടുണ്ട്. ആറാം പ്രവൃത്തി ദിനം ആർക്കു ടിസി നൽകിയാലും അതു തെറ്റാണെന്ന് മാനന്തവാടി എഇഒ പറയുന്നു. എന്നാൽ, രക്ഷിതാവ് ആവശ്യപ്പെട്ടാൽ ടിസി നൽകാൻ ബാധ്യതയുണ്ടെന്നും മേലുദ്യോഗസ്ഥൻ സമ്പൂർണ വെബ്‌സൈറ്റ് റീസെറ്റ് ചെയ്തു നൽകിയതിനാലുമാണ് ടിസി നൽകിയതെന്ന് തരുവണ യുപി സ്‌കൂൾ പ്രധാനാധ്യാപകൻ പറയുന്നു.
അതേസമയം വിഷയത്തിൽ തന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് പി ഗഗാറിൻ പറയുന്നത്. സർക്കാർ സ്‌കൂളിൽ നിന്നു കുട്ടികളെ വഴിവിട്ട നീക്കങ്ങളിലൂടെ എയ്ഡഡ് സ്‌കൂളിലെത്തിച്ചിട്ടുണ്ടോയെന്ന് ആ സ്‌കൂൾ അധികൃതരോടാണു ചോദിക്കേണ്ടത്. ഇതിൽ എന്നെയോ മകനെയോ സിപിഎമ്മിന്റെ ഏതെങ്കിലും ആളെയോ കക്ഷിയാക്കേണ്ടതില്ല. സ്വാധീനം ചെലുത്താൻ ഞാനോ പാർട്ടിയുടെ ആരെങ്കിലുമോ അദ്ധ്യാപകരോടോ രക്ഷിതാക്കളോടോ സംസാരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. എന്റെ മകനായി എന്നതു കൊണ്ട് തൊഴിൽ അന്വേഷിച്ച് എവിടെയങ്കിലും പോകാൻ പറ്റില്ലെന്നു വരുന്നതു ശരിയല്ലെന്ന് ഗഗാറിൻ പറഞ്ഞു.
അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി വെള്ളമുണ്ട എയുപി സ്‌കൂൾ മാനേജർ വി എം മുരളീധരനും രംഗത്തുവന്നു. പി.ജി. രഞ്ജിത്തിന്റേത് 3 മാസത്തേക്കുള്ള താൽക്കാലിക നിയമനമാണ്. നാലു മണിക്കു മുൻപേ അപേക്ഷ നൽകിയ കുട്ടികൾക്കാണു ടിസി നൽകിയത്. സമ്പൂർണ പോർട്ടൽ ഹാങ് ആയതിനാൽ ടിസി അടിച്ചു വരാൻ വൈകി എന്നതു മാത്രമേയുള്ളൂ. ജോലി സ്ഥിരതയ്ക്കായി അദ്ധ്യാപകരിൽ ആരെങ്കിലും രക്ഷിതാക്കളെ സമീപിച്ചിട്ടുണ്ടാകാം. രഞ്ജിത്തിനു നിയമനം നൽകാനായി പുതിയ പോസ്റ്റ് മാനേജ്‌മെന്റ് ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കുട്ടികളെ ചേർക്കേണ്ട കാര്യവുമില്ല. ഭാവിയിൽ വരാനിരിക്കുന്ന ഒഴിവുകളിൽ ചിലപ്പോൾ നിയമിച്ചേക്കാം എന്നേയുള്ളൂവെന്ന് മാനേജർ പറഞ്ഞു.
അതേസമയം വിഷയം പ്രതിപക്ഷ ഏറ്റെടുത്തിട്ടുണ്ട്. എംഎസ്എഫിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റ് സ്‌കൂളിലേക്ക് ഇന്ന് മാർച്ച് നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ