കണ്ണൂർ: പി.ജയരാജനെന്ന ജനകീയ നേതാവിനെ തഴഞ്ഞ് വീണ്ടും സിപിഎം. ഖാദി ബോർഡ് വൈസ് ചെയർമാനായ പി.ജയരാജൻ ഇനിയും 88 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഒരു അംഗമായി മാത്രം തുടരും. പി.ശശി, പാനോളി വത്സൻ, എൻ ചന്ദ്രൻ, ഡോ.ടി. ശിവദാസ്, ബിജു കണ്ടകൈ എന്നിവർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 അംഗ പുതുമുഖ സംസ്ഥാന കമ്മിറ്റിയംഗങ്ങളായപ്പോൾ പാർട്ടിയിൽ ഏറ്റവും സീനിയർ നേതാക്കളിലൊരാളായ പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം നേടുമെന്ന് അണികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

പി.ജയരാജന് പകരം എം.വി ജയരാജനെയാണ് സിപിഎം ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത്. കൂത്തുപറമ്പ് സ്വദേശിയായ വത്സൻ പാനോളി, പെരളശേരി മാവിലായി സ്വദേശിയായ എൻ. ചന്ദ്രൻ എന്നിവരും സംസ്ഥാന കമ്മിറ്റിയിൽ നവാഗതരായി പ്രവേശിച്ചു. 80 കഴിഞ്ഞ കെ.പി സഹദേവൻ ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവായിട്ടുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എൻ സുകന്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കെ.വി സുമേഷ് എംഎ‍ൽഎ എന്നിവരും ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ കാലയളവിൽ വ്യക്തി പൂജ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് പി.ജയരാജനെ പാർട്ടിയിൽ നിന്നും തരം താഴ്‌ത്തൽ തുടങ്ങിയത്.

2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയരാജൻ ദയനീയമായി പരാജയപ്പെട്ടു. ഇതിനെ തുടർന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകിയുമില്ല. അതിനു ശേഷം ഏറെക്കുറെ പാർട്ടിയിൽ നിന്നും ഒറ്റപെട്ട പി.ജയരാജൻ ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാനെന്ന റോളിലാണ് പ്രവർത്തിക്കുന്നത്.

എന്നാൽ കണ്ണൂരിലെ സിപിഎമ്മിലും അദ്ദേഹം രൂപീകരിച്ച ഐ.ആർ പി.സിയിൽ നിന്നും ജയരാജനെ പതുക്കെ മുള്ളിന്മേൽ വീണ പൂവു പോലെ പാർട്ടി നേതൃത്വം നുള്ളിയെടുത്തു മാറ്റുകയായിരുന്നു. എഴുപതു പിന്നിട്ട പി.ജയരാജന് സിപിഎമ്മിനുള്ളിൽ ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ പോലും വിശ്വസിക്കുന്നില്ല. പിണറായി - കോടിയേരി എന്നീ രണ്ടു നേതാക്കളുടെ കാൽ ചുവട്ടിലായ പാർട്ടിയിൽ ജനസ്വാധീനവും പാർട്ടി അണികളുടെ ആരാധനയും കൈമുതലാക്കിയ ജയരാജനെ ഇനി മുഖ്യധാരയിലേക്ക് അടുപ്പിക്കുമെന്ന് ആരും കരുതുന്നുമില്ല.

വിനയായത് വ്യക്തിപൂജാ വിവാദം

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി.ജയരാജൻ തെറിക്കാനിടയായ കാരണങ്ങളിലൊന്ന് വ്യക്തി പുജാ വിവാദമായിരുന്നു. മയ്യിലിലെ ഒരു കലാ കൂട്ടായ്മയാണ് കണ്ണൂരിലെ ചെന്താരകമല്ലോ പി. ജയരാജൻ എന്ന വാഴ്‌ത്തിപ്പാട്ടുമായി സംഗീത ആൽബം പുറത്തിറക്കിയത്. ഇതു വിവാദമായതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നും കടുത്ത വിമർശനമാണ് പി.ജയരാജൻ നേരിടേണ്ടി വന്നത്. അന്നത്തെ പാർട്ടി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സംഘടനാ ചർച്ചയ്ക്കിടെ അതിരൂക്ഷമായ വിമർശനമാണ് പി.ജയരാജനെതിരെ അഴിച്ചുവിട്ടത്.

ഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ചാണ് പിണറായി ഈ വിഷയത്തിൽ തന്റെ അമർഷം വ്യക്തമാക്കിയത്. അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും എം.വി ഗോവിന്ദനും പി.ജയരാജൻ വ്യക്തി പൂജയിൽ അഭിരമിക്കുന്നുവെന്ന വിമർശനം ഉയർത്തിയിരുന്നു. എന്നാൽ, ഇതെല്ലാം വെറും വിമർശനമാണെന്നാണ് പാർട്ടി അന്വേഷണ സമിതി റിപ്പോർട്ട് കണ്ടെത്തിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.ചന്ദ്രൻ ,എ.എൻ ഷംസീർ, ടി. ഐ മധുസൂദനൻ എന്നിവരാണ് വ്യക്തിപൂജാ വിവാദം അന്വേഷിച്ചത്. എന്നാൽ ഈ സമിതിക്ക് ജയരാജന് വ്യക്തിപൂജാവിവാദത്തിൽ പങ്കുണ്ടെന്ന് കണ്ടെത്താനായില്ല. ജയരാജന്റെ അറിവോ സമ്മതമോ കൂടാതെയാണ് പഴയ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മയ്യിലിലെ കലാ കൂട്ടായ്മ വീഡിയോ ആൽബം തയ്യാറാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുണ്ട്.

ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പി.ജെ.ആർമിയുമായി ജയരാജന് യാതൊരു ബന്ധവുമില്ലെന്നും ഈ കൂട്ടായ്മയെ ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും അന്വേഷണ സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കണ്ണുർ നഗരത്തിലെ തളാപ്പ് അമ്പാടി മുക്കിൽ പിണറായി വിജയനെ അർജുനനായും ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ഫ്ളക്സ് ബോർഡ് വെച്ചതിലും ജയരാജന് അറിവോ പങ്കോയില്ലെന്ന് ആയിരുന്നു റിപ്പോർട്ട്. 

പാർട്ടിയിൽ പിണറായി കോപത്തിന് ഇരയായ പി.ജയരാജന് വലിയ ആശ്വാസമായിരുന്നു അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയറ്റംഗമായി മാറാനുള്ള സാധ്യത തെളിഞ്ഞെങ്കിലും മറിച്ചാണ് സംഭവിച്ചത്. ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവ വിശ്വസ്തരിലൊരാളായി അറിയപ്പെടുന്ന പി.ജയരാജൻ പിന്നീട് പിണറായി വിഭാഗത്തിൽ നിന്നും അകലുകയായിരുന്നു.

പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചുകളയണമെന്ന ലൈൻ അടിസ്ഥാനമാക്കിയാണ് ജയരാജനെ കണ്ണുർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. പിന്നീട് വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ച് തോൽപ്പിക്കുകയും ചെയ്തു. ഇതോടെ പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയംഗമായി ഒതുങ്ങുകയും ചെയ്തു.