- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്
കൊച്ചി: രണ്ടില ചിഹ്നം പി ജെ ജോസഫ് വിഭാഗത്തിന് കിട്ടാനുള്ള സാധ്യത മങ്ങുമ്പോൾ ജോസ് കെ മാണി വിഭാഗത്തിന് വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ജോസ് കെ. മാണി നേതൃത്വം നൽകുന്ന ഗ്രൂപ്പിനു കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവു ശരിവച്ച സിംഗിൾ ജഡ്ജിയുടെ വിധിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിക്കാത്തത് ജോസഫിനെ സംബന്ധിച്ചിടത്തോളം വലിയ പ്രഹരമാണ് ഏൽപ്പിച്ചത്.
സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ പി.ജെ. ജോസഫ് നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, തിരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടെ എതിർ കക്ഷികൾക്കു നോട്ടിസ് നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ജനുവരി ആദ്യവാരം പരിഗണിക്കാൻ മാറ്റി.
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഗസ്റ്റ് 30ലെ ഉത്തരവാണു തർക്കത്തിന് ആധാരം. അതു ചോദ്യം ചെയ്യുന്ന ഹർജി ഇക്കഴിഞ്ഞ 20നു സിംഗിൾ ജഡ്ജി തള്ളിയതാണ് അപ്പീലിൽ കലാശിച്ചത്. പാലാ സ്ഥാനാർത്ഥിയുടെ കാര്യത്തിലുള്ള വ്യത്യസ്ത നിലപാട് ഉൾപ്പെടെ വസ്തുതകൾ പരിഗണിച്ചു പാർട്ടിയിൽ എതിർ ചേരികളുണ്ടെന്നു കമ്മിഷൻ കണ്ടെത്തിയതിലും സാധ്യമായ രീതിയിൽ ഭൂരിപക്ഷം നോക്കി ചിഹ്നം അനുവദിച്ചതിലും അപാകതയില്ലെന്നായിരുന്നു സിംഗിൾ ജഡ്ജിയുടെ വിധി. തുടർന്നു തിരഞ്ഞെടുപ്പു കമ്മിഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് പക്ഷത്തിനു രണ്ടില അനുവദിക്കുകയും ചെയ്തു.
എന്നാൽ, സിംഗിൾ ജഡ്ജിയുടെ വിധി നിയമപരമല്ലെന്നു ജോസഫിന്റെ അപ്പീലിൽ പറയുന്നു. ചെയർമാന്റെ മരണശേഷം പാർട്ടി ഭരണഘടനയനുസരിച്ചു താനാണു ചുമതല വഹിക്കുന്നതെന്നും പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പി ജെ ജോസഫിന് അദ്ദേഹം കാണിച്ച രണ്ട് മണ്ടത്തരങ്ങൾ തന്നെയാണ് കേരളാ കോൺഗ്രസ് ചിഹ്നം നഷ്ടമാക്കാൻ ഇടയാക്കിയത്. പാലയിൽ സ്ഥാനാർത്ഥി മത്സരിച്ചപ്പോൾ രണ്ടില ചിഹ്നം അനുവദിക്കാത്തതും രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയ തീരുമാനവുമായിരുന്നു ഇത്. രണ്ട് അധിക എംപിമാർ ഉള്ളതു കൂടി പരിഗണിച്ചു കൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചിഹ്നം ജോസ് കെ മാണിക്ക് നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് കിട്ടുന്നതോടെ അവർക്ക് അനായാസം വിജയിച്ചു കയറാൻ അത് അവസരം ഒരുക്കുകയും ചെയ്യും. ഇതോടെ സ്വന്തം പാർട്ടി ഉണ്ടാക്കുക എന്നതാകും ജോസഫിന് മുന്നിലുള്ള പോംവഴി. അങ്ങനെ പാർട്ടി ഉണ്ടാക്കാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യവും ഉണ്ടാകും. ഇതെല്ലാം ജോസഫിന് മുന്നിലുള്ള പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതാണ്. പാലാ ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നഷ്ടപ്പെട്ട രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസിനു (എം) തിരിച്ചു കിട്ടുമ്പോൾ മാണിയുടെ പാർട്ടിയുടെ യഥാർത്ഥ അവകാശിയായി മകൻ മാറുകയാണ്. ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി കേരള കോൺഗ്രസുകളെ ബാധിക്കുക പലതരത്തിലാണ്. സ്പീക്കർക്ക് മുമ്പിലുള്ള അയോഗ്യതാ പരാതിയിലും ജോസ് കെ മാണിക്ക് ഇനി ജയിക്കാം.
പിജെ ജോസഫവും മോൻസ് ജോസഫും ഇതോടെ അയോഗ്യതയുടെ ഭീഷണിയിലായി. രണ്ടില ചിഹ്നത്തോട് ഇവർക്ക് രണ്ടു പേർക്കും താൽപ്പര്യമില്ല. എന്നാൽ അയോഗ്യതാ ഭീഷണികാരണം ചിഹ്നം കൈവിടാനും പറ്റില്ല. അതുകൊണ്ട് തന്നെ സിംഗിൾ ബഞ്ച് വിധിക്കെതിരെ ജോസഫ് അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ മോൻസ് ജോസഫിനാണ് കൂടുതൽ താൽപ്പര്യം. കാരണം കടുത്തുരുത്തി സീറ്റിൽ ചിലർ കണ്ണുവച്ചിട്ടുണ്ട്. തൊടുപുഴയിൽ മകൻ അപ്പുവിനെ മത്സരിപ്പിക്കാനാണ് ജോസഫിന് ഇഷ്ടം. അതുകൊണ്ട് തന്നെ അയോഗ്യതയെ ജോസഫ് കാര്യമായി കാണുന്നില്ല. ജോസഫിന് നിലവിൽ പാർട്ടിയുമില്ല. സ്വതന്ത്രനായി ജോസഫിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതും ജോസഫിന് ഭാവിയിൽ തിരിച്ചടിയുണ്ടാക്കും.
രണ്ടില ലഭിച്ചതോടെ യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നു ജോസ് പക്ഷത്തിന് അവകശപ്പെടാം. 1987 മുതൽ രണ്ടില ചിഹ്നത്തിലാണ് കേരള കോൺഗ്രസ് (എം) വോട്ടു തേടുന്നത്. എൽഡിഎഫിൽ ചേർന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ രണ്ടില ലഭിച്ചത് നിർണ്ണായകമാണ്. യഥാർത്ഥ കേരളാ കോൺഗ്രസ് എന്ന ലേബലിൽ തന്നെ ജോസ് കെ മാണിക്ക് വോട്ട് പിടിക്കാം. ഇതോടൊപ്പം കൂടുതൽ പേർ തങ്ങൾക്കൊപ്പമാണെന്നും വാദിക്കാം. പിളർപ്പിനു ശേഷം ജോസഫ്, ജോസ് പക്ഷത്തെ പ്രവർത്തകർ കാലുമാറുന്നുണ്ട്. അവരേയും രണ്ടില കാട്ടി ജോസിന് കൂടെ നിർത്താം.
മറുനാടന് മലയാളി ബ്യൂറോ