പത്തനംതിട്ട: ഒടുവിൽ ഒളിപ്പോർ അവസാനിപ്പിച്ച് പി.ജെ. കുര്യൻ പരസ്യ നിലപാട് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജന. സെക്രട്ടറി ജോസഫ് എം. പുതുശേരിയുമായുള്ള യുദ്ധം നേർക്കുനേരെയായി. ഇന്നലെ ഡി.സി.സി ഓഫീസിൽ മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയ കുര്യൻ കാര്യം തുറന്നു പറഞ്ഞു-തിരുവല്ല സീറ്റിൽ പുതുശേരി വേണ്ട. കഴിഞ്ഞ തവണ തിരുവല്ലയിൽ യു.ഡി.എഫ് തോൽക്കാൻ കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയാണ് ഇക്കുറി സ്ഥാനാർത്ഥിയാക്കാൻ കേരളാ കോൺഗ്രസ് ഉദ്ദേശിക്കുന്നത്. അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മാണിഗ്രൂപ്പാണെന്നും കുര്യൻ പറഞ്ഞു. തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയെന്നത് ശരിയാണ്. അത് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യമാണെന്നും കുര്യൻ കൂട്ടിച്ചേർത്തു.

കുര്യനും പുതുശേരിയും തമ്മിൽ രസത്തിലല്ലെന്ന് മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അതിന് ഔദ്യോഗിക പരിവേഷം വന്നത് ഇന്നലെയാണ്. തിരുവല്ലാ സീറ്റ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രമേയം പാസാക്കിയത് കുര്യൻ ഒരുക്കിയ നാടകത്തിന്റെ ഭാഗമായിട്ടാണ്. ജില്ലയിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അജണ്ട നിശ്ചയിക്കുന്നത് കുര്യനാണ്. ഇക്കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമില്ല.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരു പോലെ പിടിയുള്ള കുര്യനെ പിണക്കാൻ കോൺഗ്രസിലെ ഗ്രൂപ്പുകളും ഘടകകക്ഷി നേതാക്കളും തയാറല്ല. കുര്യനെ ഒരു തരം ഭയത്തോടെയാണ് എല്ലാവരും കാണുന്നത്. എതിർത്തു പറഞ്ഞാൽ പണി പിന്നാലെ കിട്ടുമെന്നും അവർക്ക് അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞാണ് കുര്യൻ പുതുശേരിയെ എതിർക്കുന്നതെങ്കിലും സത്യം അതല്ല. കുര്യനു ബദലായി തിരുവല്ല, മല്ലപ്പള്ളി മേഖലകളിൽ വളർന്നു വരുന്ന നേതാവാണ് പുതുശേരി.

തിരുവല്ലയിൽനിന്ന് പുതുശേരി ജയിച്ച് എംഎ‍ൽഎ ആയാൽ അതോടെ കുര്യന്റെ പ്രാമുഖ്യത്തിന് കോട്ടം തട്ടും. രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ കുര്യൻ മിക്കപ്പോഴും ഡൽഹിയിലായിരിക്കും. അതോടെ നാട്ടിലെ ജനപ്രതിനിധി എന്ന നിലയിൽ പുതുശേരിയുടെ ഗ്രാഫ് ഉയരും. മരണം, കല്യാണം, നൂലുകെട്ട് എന്നു വേണ്ട ചടങ്ങ് ഏതുമാകട്ടെ പുതുശേരി അവിടെ കാണും. വളരെയേറെ ജനകീയനും കുറിക്കു കൊള്ളുന്ന പ്രസ്താവന നടത്തുന്നയാളുമായ പുതുശേരിയെ ഒതുക്കിയാൽ കുര്യന്റെ അപ്രമാദിത്വം തുടരുകയും ചെയ്യും. കോൺഗ്രസിന് പുതുശേരിയോട് എതിർപ്പുണ്ടെന്ന് വരുത്തി അദ്ദേഹത്തിന് മാണിഗ്രൂപ്പിനെക്കൊണ്ടുതന്നെ ഒഴിവാക്കിക്കുകയാണ് കുര്യൻ ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാൽ തിരുവല്ലയിൽ തുടർച്ചയായ മൂന്നാം തവണയും മാത്യു ടി. തോമസ് വിജയിക്കുന്നത് കാണേണ്ടി വരും.