- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കാട്ടിൽ രണ്ടു സിംഹങ്ങൾ വേണ്ട; തിരുവല്ലാ സീറ്റ് ജോസഫ് എം പുതുശേരിക്ക് നൽകാതിരിക്കാൻ പി ജെ കുര്യന്റെ പാര; വേദിയിൽ പുതുശേരിയെ പരസ്യമായി അപമാനിച്ച് കുര്യൻ
പത്തനംതിട്ട: ജില്ലയ്ക്ക് അകത്തും പുറത്തും യു.ഡി.എഫുകാർക്കിടയിലെ മാടമ്പിയാണ് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. കോൺഗ്രസിലെയും ഘടകകക്ഷികളിലെയും എത്ര വലിയ നേതാവാണെങ്കിലും കുര്യനെ വണങ്ങാതെ ജില്ലയിൽ മുന്നോട്ടു പോകാൻ കഴിയില്ല. ഇങ്ങനെയുള്ള കുര്യൻ തന്റെ മാടമ്പി മനോഭാവം കൈവിട്ടു പോകാതിരിക്കാൻ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജന. സെക്രട്ടറി ജ
പത്തനംതിട്ട: ജില്ലയ്ക്ക് അകത്തും പുറത്തും യു.ഡി.എഫുകാർക്കിടയിലെ മാടമ്പിയാണ് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. കോൺഗ്രസിലെയും ഘടകകക്ഷികളിലെയും എത്ര വലിയ നേതാവാണെങ്കിലും കുര്യനെ വണങ്ങാതെ ജില്ലയിൽ മുന്നോട്ടു പോകാൻ കഴിയില്ല. ഇങ്ങനെയുള്ള കുര്യൻ തന്റെ മാടമ്പി മനോഭാവം കൈവിട്ടു പോകാതിരിക്കാൻ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജന. സെക്രട്ടറി ജോസഫ് എം. പുതുശേരിയെ ഒതുക്കാൻ നേരിട്ടു രംഗത്തിറങ്ങുന്നു. പുതുശേരിക്ക് തിരുവല്ലാ നിയമസഭാ സീറ്റ് കിട്ടാതിരിക്കാനാണ് കുര്യന്റെ ശ്രമം. പുതുശേരി ജയിച്ചാൽ, ഇപ്പോൾ പുലർകാലങ്ങളിൽ കുര്യന്റെ വീട്ടിലുള്ള ആൾക്കൂട്ടം പുതുശേരിയുടെ വീട്ടിലേക്ക് മാറുമെന്നതു തന്നെ. ഇതിനായി പുതുശേരിയെ വേദിയിൽ അപമാനിക്കാൻ വരെ കുര്യൻ തുനിഞ്ഞു.
സുധീരന്റെ കേരളരക്ഷായാത്രയിലാണ് പരസ്യ അപമാനിക്കൽ നടന്നത്. പുതുശേരിക്ക് സുധീരന്റെ യോഗത്തിൽ പ്രസംഗിക്കാൻ അവസരം നൽകിയതിൽ പ്രതിഷേധിച്ച് ജില്ലയിലെ തലമുതിർന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യൻ വേദിവിടാൻ ഒരുങ്ങിയിരുന്നു.
സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്ന തനിക്ക് ശേഷം പുതുശേരിക്ക് പ്രസംഗിക്കുവാൻ അവസരം നൽകിയതാണ് കുര്യനെ പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലി അധ്യക്ഷനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ രാജേഷ് ചാത്തങ്കരിക്കു നേരെ വേദിയിൽ വച്ചു തന്നെ കുര്യൻ തട്ടിക്കയറി. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരമാണ് പുതുശേരിക്ക് അവസരം നൽകിയതെന്ന വിശദീകരണം രാജേഷ് നൽകിയെങ്കിലും ഇതിൽ തൃപ്തനാകാതിരുന്ന കുര്യൻ കൈയിലിരുന്ന ഷാൾ വലിച്ചെറിഞ്ഞ് വേദി വിടാൻ ഒരുങ്ങുകയായിരുന്നു. സുധീരൻ തന്നെയാണ് ഒടുവിൽ കുര്യനെ അനുനയിപ്പിച്ച് സീറ്റിലിരുത്തിയത്.
സംഭവം സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. മാണിഗ്രൂപ്പിൽ നിലനിൽക്കുന്ന പുതുശേരി- വിക്ടർ ചേരിപ്പോരിൽ കുര്യൻ വിക്ടറിനൊപ്പമാണ് നിൽക്കുന്നത്. പുതുശേരിയും കുര്യനും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ശീതസമരത്തിന് ഇതുവരെ അന്ത്യമായിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ചില നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.
പുതുശ്ശേരി തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആകുമെന്ന പ്രചരണം കുറേ മാസങ്ങളായി ശക്തമാണ്. സഭാനേതൃത്വത്തിന്റെ പിന്തുണയോടെ അങ്കത്തിനിറങ്ങുന്ന പുതുശേരിക്ക് വിജയസാധ്യത ഏറെയുള്ളതായും ചില നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. പുതുശേരി ജയിച്ചാൽ കല്ലൂപ്പാറയിലടക്കം യു.ഡി.എഫിൽ തനിക്കുള്ള അപ്രമാദിത്വം നഷ്ടമാകുമെന്ന ഭയവും പി.ജെ. കുര്യനുണ്ട്. പുതുശേരിക്ക് സീറ്റ് നൽകിയാൽ വിക്ടർ വിഭാഗം കാലുവാരുമെന്ന പ്രചാരണവുമുണ്ട്. ഇങ്ങനെയൊരു സാഹചര്യം ഉടലെടുത്താൽ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന ഭയവും കോൺഗ്രസ് നേതൃത്വത്തിനില്ലാതില്ല. ഇത് ഒഴിവാക്കാൻ റാന്നി സീറ്റ് നൽകി കേരള കോൺഗ്രസി(എം)ൽ നിന്നും തിരുവല്ല തിരികെ പിടിക്കാനുള്ള നീക്കവും കോൺഗ്രസ് നേതൃത്വം നടത്തുന്നുണ്ട്.
സീറ്റ് തിരികെ പിടിക്കുന്ന പക്ഷം സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ പി.ജെ. കുര്യന്റെ പേരിനാണ് പ്രസക്തിയുള്ളത്. എന്നാൽ രാജ്യസഭാ ഉപാധ്യക്ഷന്റെ കാലാവധി തികയാൻ മൂന്നു വർഷം കൂടി ഇനിയും ബാക്കിനിൽക്കുകയാണ്. കേന്ദ്രത്തിലെ ചില ബിജെപി നേതാക്കളുമായി വളരെയടുത്ത ആത്മബന്ധം ഉള്ള കുര്യൻ ഉപരാഷ്ട്രപതി സ്ഥാനം കണ്ണുവയ്ക്കുന്നതായാണ് പറയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെയൊരു സാഹസത്തിന് അദ്ദേഹം മുതിരില്ലെന്നാണ് പല നേതാക്കളുടെയും ഭാഷ്യം.
പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന ഘട്ടത്തിൽ പി.ജെ കുര്യൻ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നുമില്ല. ഇങ്ങനെയുള്ള പല കാരണങ്ങളും പി.ജെ കുര്യന്റെ പുതുശേരി വിരോധത്തിന് കാരണമായി പറയപ്പെടുന്നുണ്ട്. ഡി.സി.സി നേതൃത്വത്തിന്റെ ക്ഷണപ്രകാരമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടതിനാലാണ് പ്രസംഗിച്ചതെന്നും കൂടുതൽ വിവാദങ്ങൾക്ക് താനില്ലെന്നുമുള്ള നിലപാടിലാണ് ജോസഫ് എം പുതുശേരി. മുമ്പ് രണ്ടു തവണയും തിരുവല്ലാ സീറ്റ് കെ.എം. മാണി നൽകിയത് ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസിനായിരുന്നു. രണ്ടു തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയ വിക്ടറിന് ഇനി ഒരിക്കൽ കൂടി മാത്യു ടി. തോമസിനെ തോൽപിക്കാനുള്ള കെൽപ്പില്ലെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.
മാത്രവുമല്ല, ബാർ കോഴ ആരോപണമുണ്ടായപ്പോൾ മാണിക്ക് വേണ്ടി ചാവേറായത് പുതുശേരിയാണ്. തിരുവല്ല ലക്ഷ്യം വച്ചുള്ള കളിയാണ് പുതുശേരി നടത്തിയതെന്നും പറയുന്നു. യു.ഡി.എഫിന്റെ കോട്ടയായ തിരുവല്ല രണ്ടു വർഷം തുടർച്ചയായി നഷ്ടപ്പെടാൻ കാരണമായത് മുന്നണിയിലെ അനൈക്യമായിരുന്നു. പുതുശേരി സ്ഥാനാർത്ഥിയായാൽ ഐക്യമുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വവും കരുതുന്നു. അതുകൊണ്ടു തന്നെയാണ് ജനരക്ഷായാത്രയിൽ പുതുശേരിക്ക് പ്രാധാന്യം നൽകിയത്.