- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേവല, മർത്യഭാഷയ്ക്കപ്പുറം....
ഏകാധിപതികൾ വാഴാത്ത സംസ്‌കാരസാമ്രാജ്യമാണ് ഇക്കഴിഞ്ഞ എൺപത്തെട്ടു വർഷവും മലയാളസിനിമ. ഒരേയൊരു രംഗത്തൊഴികെ. സംവിധാനം മുതൽ അഭിനയവും സാങ്കേതിക പ്രവർത്തനങ്ങളുമുൾപ്പെടെയുള്ള രംഗങ്ങളിലെല്ലാം ഏതാണ്ടൊരേ പ്രതിഭാവിലാസത്തോടെയും ജനപ്രീതിയോടെയും ഒരേ കാലത്തുതന്നെ പലർ നിലനിന്നിരുന്നു. സേതുമാധവനും കുഞ്ചാക്കോയും പി.എൻ. മേനോനും അടൂരും അരവിന്
ഏകാധിപതികൾ വാഴാത്ത സംസ്‌കാരസാമ്രാജ്യമാണ് ഇക്കഴിഞ്ഞ എൺപത്തെട്ടു വർഷവും മലയാളസിനിമ. ഒരേയൊരു രംഗത്തൊഴികെ. സംവിധാനം മുതൽ അഭിനയവും സാങ്കേതിക പ്രവർത്തനങ്ങളുമുൾപ്പെടെയുള്ള രംഗങ്ങളിലെല്ലാം ഏതാണ്ടൊരേ പ്രതിഭാവിലാസത്തോടെയും ജനപ്രീതിയോടെയും ഒരേ കാലത്തുതന്നെ പലർ നിലനിന്നിരുന്നു. സേതുമാധവനും കുഞ്ചാക്കോയും പി.എൻ. മേനോനും അടൂരും അരവിന്ദനും മുതൽ എത്രയെങ്കിലും സംവിധായകർ. സത്യനും പ്രേംനസീറും മുതൽ ഗോപിയും തിലകനും മമ്മൂട്ടിയും മോഹൻലാലും വരെയുള്ള നടന്മാർ.
ശാരദയും ഷീലയും മുതൽ മീരാജാസ്മിനും മഞ്ജുവാരിയരും വരെയുള്ള നടിമാർ. പി. ഭാസ്‌കരൻ, വയലാർ, ഒ.എൻ.വി, ശ്രീകുമാരൻതമ്പി തുടങ്ങിയ ഗാനരചയിതാക്കൾ, ദക്ഷിണാമൂർത്തി മുതൽ എം.കെ.അർജുനൻ വരെയുള്ള സംഗീതസംവിധായകർ.... ഒരു കാലത്തും ഒരൊറ്റ പ്രതിഭയുടെ കുത്തക മലയാളസിനിമയിൽ ഒരു രംഗത്തുമുണ്ടായിട്ടില്ല.
ഗാനാലാപനത്തിലൊഴികെ. അവിടെ, 1960കൾ തൊട്ട് ഏതാണ്ടൊരു നാലുപതിറ്റാണ്ടുകാലം യേശുദാസ് ഒരു വടവൃക്ഷംപോലെ പടർന്നുപന്തലിച്ചു നിന്നു. ഒരിക്കൽ ജി. ദേവരാജൻ പറഞ്ഞതായി കേട്ടിട്ടുണ്ട്. 'മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകാരൻ യേശുദാസാണ്. രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളതും യേശുദാസാണ്. പിന്നെ ജയചന്ദ്രൻ', എന്ന്. സുശീലയും ജാനകിയും തമ്മിലെങ്കിലും പാട്ടുകാരികൾക്കിടയിൽ വലിയൊരു സന്തുലിതത്വം നിലനിന്നപ്പോൾ പാട്ടുകാരന്മാർക്കിടയിൽ ജയചന്ദ്രനു പിന്നിൽ ബ്രഹ്മാനന്ദനുണ്ടായിരുന്നു എന്നതൊഴിച്ചാൽ ആദ്യ പത്തുസ്ഥാനങ്ങളിലെത്താൻ മികവുള്ള മറ്റാരും ഇല്ലായിരുന്നു, എന്നതാണ് വസ്തുത.
എന്നിട്ടും എങ്ങനെയാണ് പി. ജയചന്ദ്രൻ യേശുദാസ് എന്ന മാമരത്തിന്റെ നിഴലിൽ വളർച്ചമുട്ടാതെ തലയുയർത്തിനിന്നത്? പലരും ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. അത്, യേശുദാസിന്റെ ശബ്ദ, സ്വരവിന്യാസങ്ങൾക്കും ആലാപനകലയ്ക്കുമില്ലാത്ത സവിശേഷമായൊരു വികാരസ്ഫുരണശേഷി ജയചന്ദ്രന്റെ സംഗീതശൈലിക്കുണ്ടായിരുന്നുവെന്നതാണ്.
ജനപ്രിയസംസ്‌കാരമണ്ഡലങ്ങളിലെല്ലാമുള്ളതുപോലെ പുരുഷസ്വരൂപത്തിനുള്ളിൽ ഒട്ടൊക്കെ സ്‌ത്രൈണമായ ഒരു സ്വരസഞ്ചയം ജയചന്ദ്രനിൽ കണ്ടെത്തുന്നവരുണ്ട്. സത്യനെയും പ്രേംനസീറിനെയും തമ്മിലും മമ്മൂട്ടിയെയും മോഹൻലാലിനെയും തമ്മിലും താരതമ്യം ചെയ്ത് എത്തിച്ചേരാവുന്ന നിരീക്ഷണത്തിനു സമാനമായ ഒന്ന്. എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞതുപോലെ യേശുദാസിന്റേതുപോലുള്ള ഗന്ധർവ്വനാദമല്ല, തികച്ചും മാനുഷികമായ ശബ്ദമാണ് ജയചന്ദ്രന്റേത്. ഗന്ധർവ്വന്റെ സുവർണ്ണ നാദമല്ല പലതരം ഇടർച്ചകളും പരിമിതികളുമുള്ള ചിതറിയ മനുഷ്യ സ്വരമാണ് ജയചന്ദ്രന്റേത്. അതാണ് കൂടുതൽ സംഗീതാത്മകവും വൈകാരികവും. എന്തായാലും 1958ലാരംഭിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ആ പ്രതിഭാസംഗമം (യേശുദാസ് പാടുന്നു, ജയചന്ദ്രൻ മൃദംഗം വായിക്കുന്നു.) ഒരു പ്രതീകമായെടുത്താൽ പോലും യേശുദാസിന് അന്നുതൊട്ടിങ്ങോട്ട് കൈവന്നുപോന്നിട്ടുള്ള അപാരമായ മേൽക്കൈ വ്യക്തമാകും. എങ്കിലും ജയചന്ദ്രൻ ഒരു ബദൽനാദം പോലെ, ശബ്ദവൈവിധ്യം പോലെ, യേശുദാസിന്റെ സ്വരജോടിപോലെ, പലരും ചൂണ്ടിക്കാണിക്കുന്നതുപോലെ യേശുദാസിന്റെ പിന്നിലായെങ്കിലും തന്റെ വികാരോഷ്മളമായ ഭാവഗാനാലാപനസിദ്ധികൊണ്ട് മലയാളിയുടെ മറ്റൊരു ഗാനലാവണ്യമായി നിലനിന്നുപോന്നു. ബ്രഹ്മാനന്ദൻ, മുമ്പ്, നാടകവേദിയിൽ കെ.എസ്. ജോർജിനു മാത്രം കഴിഞ്ഞിട്ടുള്ളതുപോലെ മലയാളിയുടെ കേൾവിശീലത്തെ കണ്ണീരിൽ നനച്ച ഒരു കൊള്ളിമീൻപോലെ മിന്നിമാഞ്ഞുപോയതൊഴിച്ചാൽ യേശുദാസിനു പിന്നിൽ ജയചന്ദ്രൻ മാത്രമാണ് ഇക്കാലമത്രയും മലയാളിയുടെ ചലച്ചിത്രഗാനസംസ്‌കാരത്തിൽ മൗലികതയുള്ള ആൺനാദമായി സ്ഥാനം നേടിയിട്ടുള്ളത്.
ജയചന്ദ്രന്റെ ഗാനാലാപനചരിത്രത്തിന്റെ ഒരു സാമാന്യാവലോകനവും സൗന്ദര്യാസ്വാദനവുമാണ് എസ്. മനോഹരന്റെ ഈ പുസ്തകം. പ്രധാനമായും മൂന്നു മേഖലകളിലാണ് ജയചന്ദ്രന്റെ അരനൂറ്റാണ്ടു പിന്നിട്ട ഗാനാലാപനജീവചരിത്രം മനോഹരൻ അന്വേഷിക്കുന്നത്. ഒന്നാമത്തേത് ജി. ദേവരാജൻ, കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, എം.കെ. അർജുനൻ എന്നീ മലയാളചലച്ചിത്ര സംഗീതരംഗത്തെ 'പഞ്ചരത്‌ന'ങ്ങളെ കേന്ദ്രീകരിച്ച് ജയചന്ദ്രൻ എന്ന ഗായകനു ലഭിച്ച പ്രശസ്തങ്ങളായ ഗാനങ്ങളെക്കുറിച്ചുള്ള അവലോകനം. ഇവർക്കൊപ്പം എം.എസ്. വിശ്വനാഥൻ കൂടിച്ചേർന്നാൽ ജയചന്ദ്രന്റെ സംഗീതജീവിതം ഏതാണ്ടു പൂർത്തിയാകും. പിന്നീടുള്ള ചരിത്രവും ജീവിതവും അതിന്റെ അനുബന്ധം മാത്രമാണ്.
രണ്ടാമത്തെ മേഖല, തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷകളിൽ ജയചന്ദ്രനു ലഭിച്ച അവസരങ്ങളും നേട്ടങ്ങളും ഒപ്പം ചലച്ചിത്രഗാനത്തിനു വെളിയിൽ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളുമൊക്കെയായി അദ്ദേഹം സൃഷ്ടിച്ച ഒരു സമാന്തരസംഗീതജീവിതവും വിലയിരുത്തുന്നു. മൂന്നാമത്തെ മേഖലയാകട്ടെ, ജയചന്ദ്രന്റെ സംഗീതജീവിതത്തിലെ കയ്പും ചവർപ്പും നിറഞ്ഞ തിരസ്‌കാരങ്ങളുടെയും തമസ്‌കരണങ്ങളുടെയും അനുഭവലോകത്തിന്റെ അനാവരണമാണ്.
വ്യക്തിജീവിതമാകട്ടെ, കലാജീവിതമാകട്ടെ, ആഴമോ പരപ്പോ ഉള്ള വിശകലനങ്ങളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിലില്ല, ഉപരിപ്ലവവും സാങ്കേതികവുമായ ചില സംഗീത സൂചനകളും ഗാനശകലങ്ങളും കോർത്തിണക്കിയ ഒരു വിവരസമാഹാരമാകുന്നു, ഈ ഗ്രന്ഥം. മനോഹരന് ജയചന്ദ്രനോടുള്ള ആരാധന പലനിലകളിൽ വെളിപ്പെടുന്ന ഒരു അവലോകനം എന്ന നിലയിൽ മാത്രമേ 'മലയാളത്തിന്റെ മധുചന്ദ്രിക'യെ കാണാൻ കഴിയൂ.
ചലച്ചിത്രങ്ങളിൽ ഗായകരെ നിശ്ചയിക്കുന്നതിൽ സംവിധായകർ, നിർമ്മാതാക്കൾ, ഗാനരചയിതാക്കൾ എന്നിവരെക്കാൾ അവകാശം സംഗീതസംവിധായകർക്കാണ് എന്ന ധാരണ ഈ ഗ്രന്ഥം പുലർത്തുന്നു. അത് ശരിയോ തെറ്റോ എന്നത് തികച്ചും ആപേക്ഷികമായ കാര്യമാണ്. കുഞ്ചാക്കോ മുതൽ സേതുമാധവൻ വരെയുള്ള സംവിധായകർ, ജയചന്ദ്രൻ തങ്ങളുടെ സിനിമയിൽ പാടുന്നതിനെ അംഗീകരിച്ചിരുന്നില്ല. യഥാർഥത്തിൽ ദേവരാജൻ ഒഴികെ ഒരു സംഗീതസംവിധായകനും ചലച്ചിത്രസംവിധായകരെ ഇക്കാര്യത്തിൽ ധിക്കരിക്കാൻ ധൈര്യമുള്ളവരായിരുന്നില്ല. എന്നിട്ടും ദേവരാജൻ മുതൽ എം.കെ. അർജുനൻ വരെയുള്ള സംഗീതസംവിധായകരും പി. ഭാസ്‌കരൻ മുതൽ ശ്രീകുമാരൻ തമ്പിവരെയുള്ള ഗാനരചയിതാക്കളും ജയചന്ദ്രനെ പ്രോത്സാഹിപ്പിച്ചു. യേശുദാസിന്റെ ഏകസ്വരാധിപത്യം നിലനിന്ന കാലത്ത് മറ്റൊരു സ്വരത്തിന്റെ കേൾവിവൈവിധ്യം മുൻനിർത്തിയാണെങ്കിലും അവർ ജയചന്ദ്രന് ഒരുപാടു പാട്ടുകൾ നൽകി. (തീർച്ചയായും, പിന്നീട് യേശുദാസിനോടുണ്ടായ വ്യക്തിപരമായ എതിർപ്പു മൂലം ഒരു സംഘം ചലച്ചിത്രപ്രവർത്തകർ എം.ജി. ശ്രീകുമാറിനെ ഗായകനാക്കി അവരോധിച്ചതിനു സമാനമായിരുന്നില്ല, ഈയവസ്ഥ.)
പാടിയ പാട്ടുകളിൽ നല്ലൊരു ശതമാനം ഹിറ്റുകളായതാണ് ജയചന്ദ്രന്റെ വിജയത്തിനടിസ്ഥാനമായതെന്നു ചൂണ്ടിക്കാണിക്കുന്നു, രവിമേനോൻ. 2015ൽപോലും ഇതിനു മാറ്റമില്ല. 'പ്രൊഫഷണലിസ'ത്തിൽ യേശുദാസ് ജയചന്ദ്രനെക്കാൾ എത്രയോ മുന്നിലാണ്. എന്നിട്ടും ഇന്നും ജയചന്ദ്രന് ഇതു സാധിക്കുന്നുവെന്നതാണ് വിസ്മയം. സ്വരശൈലിക്കു കാതലായ വ്യത്യാസമില്ലാതെ ദശകങ്ങൾ നിലനിന്നുവെന്നതും ജയചന്ദ്രന്റെ വിജയരഹസ്യങ്ങളിലൊന്നാണ്. ഇത്തരം നേട്ടങ്ങൾക്കിടയിലും തിരിച്ചടികളുടെ ഒരു സമാന്തര ചരിത്രമുണ്ട് ജയചന്ദ്രന്. ജോൺസനെയും ഔസേപ്പച്ചനെയുമൊക്കെ മദിരാശിയിലെത്തിച്ചതുപോലും ജയചന്ദ്രനാണ്. എന്നിട്ടും അവർ ജയചന്ദ്രനു പാട്ടുകൾ നൽകിയില്ല. രവീന്ദ്രന്റെ കഥയും ഭിന്നമല്ല. അരങ്ങു കീഴടക്കാൻ എല്ലാവർക്കും യേശുദാസ് വേണ്ടിയിരുന്നു.
ജയചന്ദ്രന്റെ സംഗീതസപര്യയുടെ ഒരു കോഫിടേബിൽ ബുക് എന്ന നിലയിൽ 'മലയാളത്തിന്റെ മധുചന്ദ്രിക' ശ്രദ്ധേയമാകുന്നു. ബാല്യകാല ജീവിതത്തിന്റെ സാമാന്യം വിശദമായ ചിത്രീകരണം നൽകാൻ മനോഹരനു കഴിഞ്ഞിട്ടുണ്ട്. ഗാനരംഗത്ത് തുടക്കം തൊട്ട് ഒടുക്കം വരെ ദേവരാജനായിരുന്നു ജയചന്ദ്രന്റെ തലതൊട്ടപ്പൻ. 1965ൽ അദ്ദേഹം 'കളിത്തോഴൻ' എന്ന ചിത്രത്തിൽ ജയചന്ദ്രനെക്കൊണ്ടു പാടിച്ച 'മഞ്ഞലയിൽ മുങ്ങിത്തോർത്തി....'യാണ് മലയാളികൾക്കു മുന്നിൽ പുതിയൊരു സ്വരവസന്തത്തിന്റെ വരവറിയിച്ചത്. ബാബുരാജ് ജയചന്ദ്രനു നൽകിയ ആദ്യ ഗാനവും പ്രശസ്തമായി - 'ഇനിയും പുഴയൊഴുകും....' തുടർന്ന് ബാബുരാജിന്റെ തന്നെ 'അനുരാഗഗാനംപോലെ.....' ഉൾപ്പെടെയുള്ള ചില പാട്ടുകൾ. എം. കെ. അർജുനൻ നൽകിയ ആദ്യ ഗാനവും അവിസ്മരണീയമായി. 'നിന്മണിയറയിലെ....' പിന്നീടങ്ങോട്ട് പ്രശസ്ത സംഗീതസംവിധായകർ ജയചന്ദ്രനായി നീക്കിവച്ച പാട്ടുകളിൽ ഏറെ ജനപ്രീതി നേടിയ ചിലത് ശ്രദ്ധിക്കുക.
1. ജി. ദേവരാജൻ -
'സീതാദേവി സ്വയംവരം ചെയ്‌തൊരു...'
'പൂവും പ്രസാദവും.....'
'ഇന്ദുമുഖീ, ഇന്ദുമുഖീ....'
'നുണക്കുഴിക്കവിളിൽ.....'
'മാനത്തു കണ്ണികൾ....'
'കല്ലോലിനീ.....'
'കാറ്റുവന്നു, നിന്റെ കാമുകൻ വന്നു.....'
2. എം.എസ്. വിശ്വനാഥൻ
'തിരുവാഭരണം....'
'അറബിക്കടലിളകിവരുന്നു.....'
'സുപ്രഭാതം....'
'സ്വർണഗോപുരം....'
'രാജീവനയനേ.....'
'പത്മതീർത്ഥക്കരയിൽ.....'
3. കെ. രാഘവൻ
'പൂർണേന്ദുമുഖിയോടമ്പലത്തിൽ....'
'ഏകാന്തപഥികൻ ഞാൻ....'
'കരിമുകിൽ കാട്ടിലെ.....'
4. വി. ദക്ഷിണാമൂർത്തി
'തുള്ളിയോടും പുള്ളിമാനേ.....'
'അശ്വതിനക്ഷത്രമേ.....'
'ഹർഷബാഷ്പം തൂകി.......'
'സന്ധ്യക്കെന്തിനു സിന്ദൂരം.....'
'കാവ്യപുസ്തകമല്ലോ ജീവിതം....'
'സൗഗന്ധികങ്ങളേ....'
5. എം. കെ. അർജുനൻ
'നക്ഷത്രമണ്ഡലനടതുറന്നൂ....'
'നന്ത്യാർവട്ടപ്പൂ ചിരിച്ചു.....'
'ചന്ദ്രോദയം കണ്ടു.....'
ഇവർക്കു പുറമെ മറ്റൊരുപാടു ഹിറ്റുഗാനങ്ങളും ജയചന്ദ്രനു നൽകിയ പ്രതിഭകളുണ്ട്. എ.ടി. ഉമ്മർ (പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ.....), പുകഴേന്തി (വിണ്ണിലിരുന്നുറങ്ങുന്ന....), ശ്യാം (കാട്ടുക്കുറിഞ്ഞി പൂടുംചൂടി.....), രവിബോംബെ (കേവല മർത്യഭാഷ....), ജോൺസൺ (മോഹം കൊണ്ടുഞാൻ...) എന്നിങ്ങനെ.
ആയിരത്തോളം തമിഴ്ഗാനങ്ങൾ ജയചന്ദ്രൻ പാടി. അവയിൽ ഏറ്റവും പ്രസിദ്ധം ഇളയരാജയുടേതാണ്. 'രാസാത്തി ഒന്നെകാണാതെ നെഞ്ചം...' നൂറുകണക്കിനു ഭക്തിഗാനങ്ങൾ ലളിതഗാനങ്ങൾ, ഗാനമേളകൾ..... ജയചന്ദ്രന്റെ മധുരമായ സംഗീതജീവിതം വൈവിധ്യങ്ങൾ നിറഞ്ഞ ഒന്നായിരുന്നു. ഒപ്പം ഒരുപാട് ദുരനുഭവങ്ങളും അദ്ദേഹത്തിനു കൂട്ടായിവന്നു. ജോൺസൻ, ഔസപ്പേച്ചൻ, എം ജയചന്ദ്രൻ തുടങ്ങിയ സംഗീതസംവിധായകരും ബ്ലസി, ജിത്തുജോസഫ്, കമൽ, ലാൽജോസ് തുടങ്ങിയ ചലച്ചിത്ര സംവിധായകരും ജയചന്ദ്രന്റെ പല പാട്ടുകളും റെക്കോർഡിംഗിനുശേഷം തമസ്‌കരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്ത കഥ മനോഹരൻ തുറന്നെഴുതുന്നു.
യേശുദാസ് എന്ന വടവൃക്ഷത്തിന്റെ തണലിലും നിഴലിലും നിന്നുമാറി സ്വന്തം മണ്ണിൽ വേരുപടർത്തി വളർന്ന മലയാളത്തിലെ മറ്റൊരു ഗാനവൃക്ഷമായിരുന്നു ജയചന്ദ്രൻ. അരനൂറ്റാണ്ടായി മലയാളിയുടെ രണ്ടാം പുരുഷസ്വരമായി നിലനിൽക്കുന്ന നാദവിസ്മയം. ആ ഗായകന്റെ സംഗീതജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടമെന്ന നിലയിൽ കാണാം ഈ പുസ്തകത്തെ.
പുസ്തകത്തിൽ നിന്ന്
'തേനാംപേട്ടിലുള്ള സാമാ ലോഡ്ജ് ഒരുപാടു സിനിമാക്കാരുടെ താവളമായിരുന്നു. 1973-ൽ വിവാഹം ചെയ്യുന്നതുവരെ സാമാ ലോഡ്ജിലായിരുന്നു ജയചന്ദ്രന്റെ താമസം. അവിടെ അദ്ദേഹത്തിന് തിരുവനന്തപുരത്തുകാരൻ കെ.ജി. ബാലകൃഷ്ണൻനായർ എന്ന ഒരു കൂട്ടുകാരൻ സന്തതസഹചാരിയായി കുറെക്കാലം ഉണ്ടായിരുന്നു. ജയചന്ദ്രൻ അദ്ദേഹത്തെ കൃഷ്ണൻകുട്ടി എന്നും കൃഷ്ണൻകുട്ടി ജയചന്ദ്രനെ ജയൻ എന്നും വിളിച്ചിരുന്നു. കൃഷ്ണൻകുട്ടി ജയചന്ദ്രനോടൊപ്പം റെക്കോഡിങ്ങിനു പോകുമായിരുന്നു. കൃഷ്ണൻകുട്ടി കൂടെയുള്ളപ്പോൾ അത് ഒരു ബലമാണെന്ന് ജയചന്ദ്രൻ പറയുമായിരുന്നു. ഈ സമയത്താണ് കൃഷ്ണൻകുട്ടിയുടെ കുടുംബസുഹൃത്തായ മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളവിഭാഗം മേധാവി ഡോക്ടർ എസ്.കെ. നായർ എഴുതിയ മേയർനായർ എന്ന സിനിമയിൽ
സ്വപ്നസഖീ....വൈശാഖപൗർണമിരാവിൽ....
വെള്ളിനിലാവിൻ പാൽക്കടൽക്കരയിൽ
സങ്കല്പഗന്ധർവനഗരം തീർക്കും
സ്വപ്നസഖീ....സ്വപ്നസഖീ...
എന്ന പാട്ടു പാടിയത്. ഇതുകൂടാതെ മറ്റു രണ്ടു പാട്ടുകൾ കൂടി ഈ ചിത്രത്തിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഇതു രണ്ടും സംഘഗാനങ്ങളായിരുന്നു. അക്കാലത്തുതന്നെ അതിപ്രശസ്തയായിരുന്ന എസ്. ജാനകിയുമൊത്താണ് ആ ഗാനങ്ങൾ പാടിയത്. എൽ.പി.ആർ. വർമയായിരുന്നു സംഗീതസംവിധായകൻ. വയലാറിന്റെ പ്രേമഭാവം തുളുമ്പിനില്ക്കുന്ന വരികൾ. പി.എ. തങ്ങൾ നിർമ്മിച്ച് കന്നട സംവിധായകനായ എസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. 'സ്വപ്നസഖീ....വൈശാഖപൗർണമിരാവിൽ...' എന്ന ഗാനം ജയചന്ദ്രന്റെ ശബ്ദം മാറ്റി കുറച്ചുകൂടി പ്രശസ്തനായ മറ്റേതെങ്കിലും ഗായകനെക്കൊണ്ടു പാടിക്കണമെന്ന് എസ്.ആർ. പുട്ടണ്ണ നിർബന്ധംപിടിച്ചു. ഇത് പുതുമുഖഗായകനായ ജയചന്ദ്രനെ വല്ലാതെ വേദനിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ. എന്നാൽ നിർമ്മാതാവായ പി.എ. തങ്ങൾ അതിനു വഴങ്ങിയില്ല എന്നു മാത്രമല്ല, ഈ പാട്ടുകാരനെ മാറ്റി ഈ ചിത്രം നിർമ്മിക്കണമെന്നു താത്പര്യമില്ല എന്നുംകൂടി പറഞ്ഞതോടെ എസ്.ആർ. പുട്ടണ്ണ തന്റെ പിടിവാശി ഉപേക്ഷിച്ചു. വിധിയുടെ ഒരു കളി എന്നപോലെ ജയചന്ദ്രൻ പ്രശസ്തനായ ഒരു ഗായകനായശേഷം എസ്. ആർ. പുട്ടണ്ണ സംവിധാനം ചെയ്ത എല്ലാ കന്നഡസിനിമകളിലും - അവസാന സിനിമയിൽവരെ-അദ്ദേഹം ജയചന്ദ്രനെക്കൊണ്ട് നല്ലനല്ല പാട്ടുകൾ പാടിച്ചു. അതിൽ രംഗനായകി എന്ന ചിത്രത്തിലെ 'മന്ദാരപുഷ്പവു നീനൂ...' എന്ന ജയചന്ദ്രൻഗാനം വളരെ ജനപ്രീതി നേടി എന്നു മാത്രമല്ല, 2012-ൽ കഴിഞ്ഞ 50 വർഷം ഇറങ്ങിയ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും നല്ല പാട്ടുകളിൽ ഒന്നാം സ്ഥാനവും ഈ പാട്ടിന് കന്നഡഗാനാസ്വാദകർ നല്കുകയുണ്ടായി.
തുടർന്ന് ദേവരാജൻ മാസ്റ്റർക്കു പുറമേ ദക്ഷിണാമൂർത്തിസ്വാമി, ബാബുരാജ്, രാഘവന്മാസ്റ്റർ എന്നീ മഹാ സംഗീതസംവിധായകർ ജയചന്ദ്രനു നല്ലനല്ല പാട്ടുകൾ കൊടുക്കാൻ തുടങ്ങി. ഇവരുടെ, പ്രത്യേകിച്ച് ദേവരാജന്മാസ്റ്ററുടെ കീഴിലുള്ള പരിശീലനത്തിന്റെ ഫലമായി വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ ഒരു പുതുമുഖഗായകന്റെ ആലാപനശൈലിയിൽനിന്നു മാറി തന്റേതായ വ്യക്തിത്വമുള്ള ഒരു ലക്ഷണമൊത്ത ഗായകനായി മാറുവാൻ ജയചന്ദ്രനു കഴിഞ്ഞു. ഇത് ഒരു സന്ദർഭത്തിൽ ദേവരാജന്മാസ്റ്റർ എടുത്തുപറഞ്ഞിട്ടുമുണ്ട്.
ബാബുരാജ് ആദ്യമായി ജയചന്ദ്രനെക്കൊണ്ടു പാടിച്ചത് അഗ്നിപുത്രി എന്ന സിനിമയിലെ, ഇനിയും പുഴയൊഴുകും...
ഇതുവഴി ഇനിയും കുളിർകാറ്റോടിവരും...
എന്ന ഗാനമാണ്. വയലാറിന്റേതാണ് വരികൾ. അക്കാലത്ത് വളരെ ജനപ്രീതി നേടിയ എസ്.എൽ.പുരം സദാനന്ദന്റെ അഗ്നിപുത്രി എന്ന നാടകത്തെ ആധാരമാക്കി പ്രേംനവാസ് നിർമ്മിച്ച ചിത്രമാണിത്. ഈ ഗാനത്തിൽ ജയചന്ദ്രന്റെ ശബ്ദം കേൾക്കാൻ ഒരു പ്രത്യേകതരം സുഖമാണ്. അതിനു മുൻപ് പാടിയ പാട്ടുകളിൽനിന്നു വ്യത്യസ്തമായ ഒരു ആവൃത്തിയാണ് ഈ നാദത്തിൽ നമുക്കു ശ്രവിക്കുവാൻ സാധിക്കുക. ഇതിൽ 'രാജീവലോചനേ രാധേ...' എന്ന ഒരു ചെറിയ ഗാനം കൂടി ഉണ്ട്. ബാബുരാജ് തന്നെയാണ് പാടാനായി ജയചന്ദ്രനെ വിളിച്ചത്.
ബാബുരാജിനെപ്പോലെതന്നെ ദേവരാജന്മാസ്റ്ററും രാഘവന്മാസ്റ്ററും നേരിട്ടാണ് പാട്ടുകാരെ പാടാനായി വിളിക്കുന്നത്. മറ്റു സംഗീതസംവിധായകർ ചിത്രത്തിന്റെ നിർമ്മാതാവ് നിർദ്ദേശിക്കുന്ന ആളുകൾ വഴിയാണ് പാട്ടുകാരെ പാടാൻ വിളിക്കുന്നത്'.
പി. ജയചന്ദ്രൻ
എസ്. മനോഹരൻ
മാതൃഭൂമിബുക്‌സ്
2015, വില : 130 രൂപ