തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ കഴിയുന്നതും നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽനിന്ന് ഒഴിവാക്കാൻ സിപിഎം തീരുമാനിച്ചതിന് പിന്നിൽ ജില്ലാ നേതൃത്വങ്ങളുടെ അതിശക്തമായ ഇടപെടൽ. തോറ്റവർക്ക് വിജയ സാധ്യത തീരെ കുറവാകുമെന്ന് ജില്ലാ നേതൃത്വങ്ങൾ നിലപാട് എടുത്തു. ഇതോടെയാണ് ലോക്‌സഭയിൽ തോറ്റവർക്ക് വിനയായത്. പി ജയരാജനെ മത്സരിപ്പിക്കാതിരിക്കാനാണ് ഈ തന്ത്രമെന്ന ചർച്ചയും സജീവമാണ്.

തോമസ് ഐസക്കിനെ പോലെ പിണറായിക്ക് താൽപ്പര്യക്കുറവുള്ള നേതാവാണ് പി ജയരാജനും. കണ്ണൂരിലെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനാണ് ജയരാജനെ വടകരയിൽ മത്സരിപ്പിച്ചത്. തോൽക്കുകയും ചെയ്തതോടെ ജയരാജന് രാഷ്ട്രീയ വനവാസവുമായി. ഇതിനിടെയാണ് ജയരാജനെ കണ്ണൂരിൽ നിന്ന് എംഎൽഎയാക്കണമെന്ന ചർച്ച ഉയർന്നത്. രണ്ട് ടേം മത്സരിച്ച ഇപി ജയരാജനും ജെയിംസ് മാത്യുവിനും പകരം ഉറച്ച മണ്ഡലങ്ങളിൽ ഒന്ന് ജയരാജന് കൊടുക്കണമെന്നും ആവശ്യം ഉയർന്നു. ഇതിനെ വെട്ടാനാണ് തോറ്റ എംപിമാരെ മാറ്റി നിർത്തുന്നതെന്നാണ് സൂചന. 

ജയരാജൻ ജയിക്കുകയും തുടർഭരണം കിട്ടുകയും ചെയ്താൽ മന്ത്രിയാക്കേണ്ടിയും വരും. പിജെ ആർമ്മി കണ്ണൂരിലെ സിപിഎമ്മിൽ സജീവമാണ്. ഇവരുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതാണ് പിണറായി വിജയന്റെ പൂഴിക്കടകൻ തകർക്കുന്നത്. ഇതിനിടെ തുടർച്ചയായി 2 ടേം മത്സരിച്ചവരെ പരമാവധി ഒഴിവാക്കാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. ഇതിൽ നേതൃത്വത്തിന് താൽപ്പര്യമുള്ളവർക്കെല്ലാം ഇളവ് നൽകും. എന്നാൽ ലോക്‌സഭയിൽ മത്സരിച്ച ആർക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. ഇതോടെ മത്സരിക്കാനുള്ള പി രാജീവിന്റേയും കെ എൻ ബാലഗോപാലിന്റേയും ആഗ്രഹങ്ങൾക്കും തിരിച്ചടിയായി. എങ്കിലും ഇവർ പ്രതീക്ഷ പൂർണ്ണമായും കൈവിട്ടിട്ടില്ല.

തുടർച്ചയായി ഒരേ ആളെ തിരഞ്ഞെടുപ്പുകളിൽ മുന്നിൽ നിർത്തുന്നത് ആശാസ്യമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സ്ഥാനാർത്ഥികളെ ഒഴിവാക്കുന്നത്. ഒരാൾക്കു മാത്രം പരിഗണന ലഭിക്കുന്നു എന്ന പരാതി ഒഴിവാക്കാനും നേതൃത്വം ആഗ്രഹിക്കുന്നു.സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം സ്ഥാനാർത്ഥിത്വം മോഹിച്ച ഒരു വൻ നിരയ്ക്കു തിരിച്ചടിയാണ്. പി.കെ. ശ്രീമതി, പി. ജയരാജൻ, പി. രാജീവ്., കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, എ. സമ്പത്ത്, എം.ബി. രാജേഷ് തുടങ്ങി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭാ സ്ഥാനാർത്ഥികളാകാൻ പരിഗണിക്കുമെന്ന സൂചനകൾ ശക്തമായിരുന്നു.

ജില്ലകളിലെ സാധ്യതാ പട്ടികയിൽ ഇവരെല്ലാം ഇടം പിടിച്ചവരുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി രാഷ്ട്രീയ കാരണങ്ങൾ മൂലമാണ് എന്നതിനാൽ നിയമസഭയിലേക്ക് ഇവരിൽ പലർക്കും അവസരം നൽകുമെന്ന സൂചനകളും വന്നു. ഇതിന് പിന്നാലെയാണ് ഇഷ്ടമില്ലാത്ത മുഖങ്ങളെ ഒഴിവാക്കാൻ പുതിയ മാനദണ്ഡം കൊണ്ടു വന്നത്. പികെ ശ്രീമതിയെ കണ്ണൂരിൽ മത്സരിപ്പിക്കുന്നതിനോടും ചിലർക്ക് താൽപ്പര്യമില്ല. ഇതോടെ മലമ്പുഴയിൽ സിപിഎം സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ മത്സരിക്കാനും സാധ്യത വരികയാണ്.

ഇതെല്ലാം ഇത് പൊതു നിർദ്ദേശമാണെന്നും സീറ്റും ജയ സാധ്യതയും പരിഗണിച്ച് ഇളവുകൾ നൽകുമെന്നും നേതാക്കൾ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കു നല്ല പരിഗണന നൽകാനാണ് തീരുമാനം. വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം കൂടും. ഉഭയകക്ഷി ചർച്ചകളുടെ അടിസ്ഥാനത്തിൽ സിപിഎം മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്ത ശേഷം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പാർട്ടിക്കുള്ളിൽ ആരംഭിക്കും.

കഴിഞ്ഞതവണ സ്വതന്ത്രർ അടക്കം 94 സീറ്റുകളാണ് സിപിഎം അക്കൗണ്ടിൽ ഉണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ആരെല്ലാം മത്സരിക്കണമെന്ന ചർച്ച നീട്ടിവച്ചു. അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ച നടത്തും.