കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ നടന്ന വിവാദ ചർച്ചയിലും നിറഞ്ഞത് പി ജയരാജനും എംവി ഗോവിന്ദനും തമ്മിലെ ഭിന്നതയാണ്. സിപിഎം രാഷ്ട്രീയത്തിൽ കണ്ണൂരിലെ രണ്ട് പ്രധാനികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടുന്നില്ല. ഈ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം ആഗ്രഹിക്കാത്ത ഒന്ന് ആർ എസ് ബന്ധത്തിലെ ചർച്ചയാണ്. എന്നാൽ ശ്രീ എം എന്ന യോഗാചാര്യന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പരിവാറുകാരും തമ്മിലെ ചർച്ച സജീവമായി ഉയരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് പി ജയരാജന്റെ പുതി നീക്കം.

സിപിഎം-ആർഎസ്എസ് ചർച്ചയ്ക്ക് യോഗാചാര്യൻ ശ്രീ എം ഇടനിലക്കാരനായിട്ടില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ പ്രതികരണത്തിനു പിന്നാലെ, അങ്ങനെയൊരു ചർച്ച നടന്നിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും അതിൽ പങ്കാളിയായിരുന്നുവെന്നും ജയരാജൻ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. ഇതോടെ തിരുവനന്തപുരം പഞ്ചനക്ഷത്ര ഹോട്ടലിലെ ചർച്ച സ്ഥിരീകരിക്കപ്പെടുകയാണ്. ഒപ്പം എംവി ഗോവിന്ദൻ പറഞ്ഞ കള്ളത്തരവും പൊളിഞ്ഞു. ചർച്ച നടന്ന കാര്യം ശരിയാണെന്നു ശ്രീ എം വെളിപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുൻപു നടന്ന മധ്യസ്ഥ ചർച്ചയാണ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വീണ്ടും ഉയർന്നുവന്നത്. ഈ ചർച്ചയാണ് നടന്നിട്ടേ ഇല്ലെന്ന് ഗോവിന്ദൻ പറഞ്ഞതും.

കണ്ണൂരിലെ കരുത്തനാണ് ജയരാജൻ. മുൻ പാർട്ടി ജില്ലാ സെക്രട്ടറി. എന്നാൽ പിണറായി വിജയനുമായി ഇപ്പോൾ നല്ല ബന്ധത്തിൽ അല്ല. പിജെ ആർമിയെ പിണറായി ഭയക്കുന്നു. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജന് സീറ്റും നൽകുന്നില്ല. ഇതെല്ലാം കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ വിഭാഗീയതയുടെ നേർ ചിത്രമാണ്. എംവി ഗോവിന്ദനാണ് ഇപ്പോൾ കണ്ണൂരിലെ സിപിഎം പ്രധാനി. ജയരാജനെ അപ്രസക്തമാക്കുന്ന പ്രമുഖൻ. അതുകൊണ്ടാണ് ജയരാജന്റെ തുറന്നു പറച്ചിലും ചർച്ചയാകുന്നത്.

ആർ എസ് എസുമായി ഒരു ബന്ധവുമില്ലെന്ന് വരുത്താനാണ് പിണറായി വിജയൻ എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ പോലും ആർ എസ് എസുമായി ചർച്ച നടത്തിയെന്നത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കുന്നത് സിപിഎമ്മിന് തിരിച്ചടിയാണ്. ഇത് അറിഞ്ഞു കൊണ്ട് തന്നെയാണ് പ്രതിരോധത്തിന് പോലും ഇട നൽകാത്ത വിധം വിഷയത്തിൽ സ്ഥിരീകരണം ജയരാജൻ നൽകുന്നത്. ഇത് പാർട്ടിക്കും മുഖ്യമന്ത്രിക്കുമുള്ള പണിയാണെന്ന വാദവും സിപിഎമ്മിൽ സജീവമാണ്.

ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ച ആർഎസ്എസ്‌സിപിഎം ബാന്ധവമായി ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് വസ്തുതകൾ അറിയിക്കുന്നതെന്ന് ജയരാജൻ പറയുന്നു. ഇത്തരം ചർച്ചകൾ അതിനു മുൻപും ശേഷവും നടന്നിട്ടുണ്ട്. ചർച്ചയ്ക്കു മുൻകയ്യെടുത്തത് ശ്രീ എം ആണെന്നും ജയരാജൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ മാനവ ഏകതാ മിഷൻ എന്ന പേരിൽ ഒരു യാത്ര നടത്തിയിരുന്നു. ആ സമയത്ത് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിൽ നിന്നാണ് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകയ്യെടുത്തത്-ഇതായിരുന്നു ശ്രീ എമ്മിന്റെ പ്രതികരണം. ചർച്ച കഴിഞ്ഞ ദിവസം നടന്നതാണെന്നു പ്രചരിപ്പിക്കുന്നതു കോൺഗ്രസിന്റെ തന്ത്രമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൊടുപുഴയിൽ പ്രതികരിച്ചു.

'ആർഎസ്എസ്‌സിപിഎം സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥ ചർച്ച നടത്തിയെന്നത് ശരിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണു നടന്നത്. ചർച്ചയിൽ പങ്കെടുക്കാൻ പി.ജയരാജനെ രാത്രി വീട്ടിലെത്തിയാണു ക്ഷണിച്ചത്. തിരുവനന്തപുരത്തും കണ്ണൂരിലുമായിട്ടായിരുന്നു ചർച്ച. കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ആർഎസ്എസിൽ നിന്ന് ഗോപാലൻകുട്ടി മാഷും മറ്റു 2 പേരും ഉണ്ടായിരുന്നു. അവർ ചർച്ചയ്ക്കു സന്നദ്ധരായത് പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടിയാണെന്ന് ശ്രീ എം പറയുന്നു. ഏതായാലും ഈ വിഷയത്തെ സജീവമായി നിർത്തുകയാണ് ജയരാജന്റെ വെളിപ്പെടുത്തലും.

ജയരാജനോട് ചേർന്ന് നിൽക്കുന്നവരെ കണ്ണൂർ സിപിഎമ്മിൽ വെട്ടിയൊതുക്കുകയാണ്. ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഈ സാഹചര്യം എല്ലാം പരിഗണിച്ചാണ് ജയരാജന്റെ നിലപാട് പ്രഖ്യാപനത്തിലെ രാഷ്ട്രീയ വിഭാഗീയതയും ചർച്ചയാകുന്നത്. ഇത്തരം വിവാദങ്ങളോട് പ്രതികരിക്കാതെ മാറിനിൽക്കുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ജയരാജൻ. എന്നാൽ അതും മറന്ന് ആർഎസ്എസ് ചർച്ചയ്ക്ക് സ്ഥിരീകരണം കൊടുക്കുകയാണ് ജയരാജൻ.

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസും വിവാദവും സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി.കെ.ശ്യാമളയായിരുന്നു വില്ലത്തി. സാജന്റെ ഉടമസ്ഥതയിലുള്ള പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി കൊടുത്താണ് പ്രശ്‌നം പരിഹരിച്ചത്. സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമളക്കെതിരെ തെളിവും കിട്ടിയില്ല. അങ്ങനെ കേസ് എല്ലാം ആവിയായി. പക്ഷേ പക പലർക്കും മാറിയിരുന്നില്ല. സാജന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്നത് പി ജയരാജൻ, ജെയിംസ് മാത്യു എംഎൽ.എ അടക്കമുള്ളവരുടെ പേരാണ്. ഇവരെല്ലാം സാജനെ സഹായിച്ചവരാണ്. സാജന്റെ ആത്മഹത്യയ്ക്ക് ശേഷം വിവാദമായപ്പോഴും ഇവർ നിലപാടിൽ ഉറച്ചു നിന്നു. അപ്പോൾ പ്രതിസന്ധിയിലായത് പികെ ശ്യാമളയാകട്ടെ എംവി ഗോവിന്ദന്റെ ഭാര്യയും.

പ്രവാസിയായ സാജൻ പാറയിലിന്റെ മരണത്തിന് ഉത്തരവാദി ശ്യാമള തന്നെയെന്ന് ഏര്യാ കമ്മറ്റിയിൽ നേതാക്കൾ ആഞ്ഞടിച്ചിരുന്നു. ഇതോടെ വെട്ടിലായത് എംവി ഗോവിന്ദനാണ്. ഭർത്താവ് ഗോവിന്ദന്റെ മുന്നിലും പാർട്ടിക്കാർ ആരോപണ ശരങ്ങൾ ഉയർത്തിയപ്പോൾ മറുപടിയില്ലാതെയായി ശ്യമളയ്ക്ക്. ആന്തൂർ നഗരസഭാ അധ്യക്ഷ പൊട്ടിക്കരഞ്ഞു. വികാരാധിനമായി മറുപടി പറഞ്ഞിട്ടും സഖാക്കളുടെ രോഷം അടങ്ങിയില്ല. ആന്തൂരിലെ പാർട്ടിയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെട്ടു. അന്ന് തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു ഏര്യാ കമ്മറ്റി യോഗത്തിന് എത്താത്തതും ശ്രദ്ധേയമായി. കണ്ണൂരിലെ പാർട്ടി വിഭാഗീയതയും സാജന്റെ ആത്മഹത്യയിൽ ചർച്ചയായി.

കണ്ണൂരിൽ പി ജയരാജൻ സെക്രട്ടറിയായപ്പോൾ മുതൽ എംവി ഗോവിന്ദൻ തെറ്റിലായിരുന്നു. പിണറായി വിജയനേയും ജയരാജനേയും തെറ്റിച്ചതും എംവി ഗോവിന്ദന്റെ നീക്കങ്ങളായിരുന്നു. വ്യക്തിപൂജാ ആരോപണത്തിൽ ജയരാജനെ തളയ്ക്കാനും ശ്രമിച്ചു. ജയരാജന്റെ അടുത്ത സുഹൃത്തായിരുന്നു ആന്തൂരിലെ വ്യവസായിയായ സാജൻ. പാർട്ടിയെ കൈയയച്ച് സഹായിച്ച പാർട്ടിക്കാരൻ. അതുകൊണ്ടാണ് പാർത്ഥാ കൺവെൻഷൻ സെന്ററിലെ പരാതിയിലും ജില്ലാ സെക്രട്ടറിയായ ജയരാജൻ ഇടപെട്ടത്. ജയരാജൻ വടകരയിൽ മത്സരിക്കാൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സാജന്റെ പ്രതീക്ഷ അസ്തമിച്ചു. തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു നടക്കുന്നത് അനീതിയാണെന്ന് അറിയിച്ചു.

എന്നാൽ പികെ ശ്യമാള കുലുങ്ങിയില്ല. കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞാൽ ഭർത്താവ് സംസ്ഥാന സെക്രട്ടറിയാകുമെന്ന പ്രതീക്ഷയിൽ ആന്തൂരിലെ സർവ്വകാര്യക്കാരിയായി. ഇതെല്ലാം അന്തൂരിലെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്നാണ് വിലയിരുത്തൽ എത്തിയത്. അന്ന് എംവി ഗോവിന്ദന്റെ അടുത്തയാളായ കെ ദാമോദരൻ പോലും ശ്യാമളയെ വിമർശിച്ചു. ഇത് ഗോവന്ദനേയും വെട്ടിലാക്കി. നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്ക് എതിരെ പാർട്ടിയുടെ താഴെത്തട്ടിലും എതിർപ്പ് ഉയർന്നു. ഇതേ ആന്തൂർ നഗരസഭയിലാണ് ഉഡുപ്പക്കുന്നിൽ ഇ പി ജയരാജന്റെ മകന് പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ടിൽ കുന്നിടിച്ച് നിർമ്മാണം നടന്നത്.

ഇതും ചർച്ചയാക്കിയത് പാർട്ടിയുടെ വിഭാഗീയതയായിരുന്നു. ഇതെല്ലാം ജെയിംസ് മാത്യുവിന് പാർട്ടിയിൽ വിനയായി. തളിപ്പറമ്പ് എംഎൽഎ സ്ഥാനം ഒഴിയുന്ന ജെയിംസ് മാത്യുവിനെ തേടി ജില്ലാ സെക്രട്ടറി പദം എത്തുമെന്ന് കരുതുന്നവരുമുണ്ട. എന്നാൽ തളിപ്പറമ്പിൽ എല്ലാ അർത്ഥത്തിലും പിടിമുറുക്കുകയാണ് എംവി ഗോവിന്ദൻ. ഇതിന് വേണ്ടിയാണ് ജെയിംസ് മാത്യുവിനെ രണ്ട് ടേം കുടുക്കിൽ പെടുത്തുന്നതും.