കണ്ണൂർ: പാർട്ടി പുറത്താക്കിയ അമ്പാടി മുക്ക് സഖാവ് എൻ.കെ ധീരജ് കുമാറുമായി പി.ജയരാജന് ഇപ്പോഴും അടുത്ത ബന്ധം പുറമേക്ക് തള്ളി പറയുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള അന്തർധാര സജീവമാണ്. കണ്ണുർ കോർപറേഷൻ പരിധിയിൽ ഐ.ആർ.പി.സി കഴിഞ്ഞ കാലയളവിൽ നടത്തിയ കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് എൻ.കെ ധീരജ് കുമാറായിരുന്നു.

ഐ.ആർ.പി.സിയിൽ വെറും അംഗത്വ മേയുള്ളുവെങ്കിലും ജയരാജന് വേണ്ടി റിമോട്ട് കൺട്രോൾ പോലെ പ്രവർത്തിച്ചു വരികയാണ് ധീരജ് കുമാർ. അമ്പാടി മുക്കിലെ ആർ.എസ്.എസുകാരനായ ധീരജ് കുമാറിനെ പി.ജയരാജൻ ജില്ലാ സെക്രട്ടറിയായ വേളയിലാണ് ജ്ഞാനസ്‌നാനം ചെയ്തു സിപിഎമ്മിലേക്ക് പരിവർത്തിക്കപ്പെടുത്തുന്നത്.

എന്നാൽ ധീരജ് കുമറാറിനൊപ്പം വന്ന മുപ്പതോളം പേരിൽ വിരലിൽ എണ്ണാവുന്ന മൊഴിച്ച് മറ്റുള്ളവർ പരിവാർ പാളയത്തിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും ധീരജ് കുമാർ സിപിഎമ്മിൽ തന്നെ ഉറച്ചു നിന്നു.പാർട്ടി അനുഭാവി ഗ്രൂപ്പിൽ പോലുമില്ലാത്ത ധീരജ് കുമാറിനെ പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമാക്കുന്നതും ജയരാജന്റെ മുൻ കൈയിൽ തന്നെ. അതു കൊണ്ടും തീർന്നില്ലയ

പഴയ ഗുസ്തി താരമായ ധീരജ് കുമാറിനെ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ ജയരാജൻ ഉയർത്തി. ഇതിനിടെയിലാണ് അമ്പാടി മുക്കിൽ ജയരാജന് അനുകുലമായ ഫ്‌ളക്‌സ് ബോർഡുകൾ ഉയരുന്നത്. ജയരാജനെ അർജുനനാക്കിയും പിണറായിയെ ശ്രീ കൃഷ്ണ നാക്കിയും അമ്പാടി മുക്കിലുയർന്ന ഫ്‌ളക്‌സ് ബോർഡ് സംസ്ഥാന തലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു.

ഇതു കൂടാതെ അമ്പാടി മുക്കിലെ സഖാക്കളെ സംതുപ്തിപ്പെടുത്താനായി പി.ജയരാജന്റെ നേതൃത്വത്തിൽ സിപിഎം നടത്തിയ വിനായക ചതുർത്ഥിയും ശ്രീകൃഷണ ജയന്തിയും പാർട്ടിക്കുള്ളിൽ തന്നെ ഏറെ വിമർശന വിധേയമായിരുന്നു. വ്യക്തിപൂജ വിവാദം സിപിഎമ്മിൽ ജയരാജനെ ഒതുക്കാൻ ആയുധമാക്കപ്പെട്ടപ്പോൾ വടകരയിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായും മത്സരിക്കേണ്ടി വന്നു.പാർട്ടി കണ്ണുർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞായിരുന്നു ഈ പോരാട്ടം.

വടകരയിൽ ധീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പി.ജെ ആർമിയുടെ ബാനറിൽ വിയർപ്പൊഴുക്കി പണിയെടുത്തെങ്കിലും ദയനീയമായ തോൽവിയായിരുന്നു ഫലം.ഇതോടെ ജില്ലാ സെക്രട്ടറി കസേരയിൽ നിന്നും ഇറക്കി വിടപ്പെട്ട ജയരാജന് മുൻപിൽ അഴീക്കോടൻ മന്ദിരത്തിലേക്കുള്ള വാതിലും അടഞ്ഞു.ഇതോടെയാണ് അമ്പാടി മുക്ക് നവ സഖാക്കളുടെ കഷ്ടകാലവും തുടങ്ങുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിക്കോട് മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ജയരാജന് സീറ്റു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാത്തിരിപ്പ് വെറുതെയായി.

ഇതിൽ പൊട്ടിതെറിച്ചു കൊണ്ട് ധീരജ് കുമാർ വാർത്താ സമ്മേളനം നടത്തി സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിച്ചുവെങ്കിലും ഉരുക്കുമുഷ്ടി കൊണ്ടാണ് സിപിഎം അതിനെ നേരിട്ടത്. വാർത്താ സമ്മേളനം നടത്തിമണിക്കുറുകൾ കൊണ്ട് പാർട്ടി അംഗത്വത്തിൽ നിന്നും ധീരജ് കുമാറിനെ പുറത്താക്കിയതായി ജില്ലാ കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.ജെ ആർമിയും അമ്പാടി മുക്ക് സഖാക്കളുമുയർത്തി ഭീഷണി ജയരാജനെ കൊണ്ട് അവരെ തള്ളിപ്പറയിപ്പിച്ച് നേരിടാനും സിപിഎമ്മിന് കഴിഞ്ഞു.

എന്നാൽ പുറമേക്ക് തള്ളിപ്പറഞ്ഞുവെങ്കിലും പാർട്ടി പുറത്താക്കിയ ധീരജ് കുമാറിനെ രഹസ്യമായി ചേർത്തുനിർത്തുക തന്നെയായിരുന്നു ജയരാജൻ. കണ്ണൂർ കോർപറേഷനെ വെല്ലുവിളിച്ച് മസ്‌കോട്ട് പാരഡൈസിൽ ഐ.ആർ പി.സി തുടങ്ങിയ സമുഹ അടുക്കളയുടെ ആദ്യം മുതൽ അവസാനം വരെയുള്ള ചുമതലക്കാരനായിരുന്നു ധീരജ് കുമാർ.

പി.ജെ ആർമിയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ധീരജ് കുമാറാണെന്ന് ജയരാജനെതിരെയുള്ള വ്യക്തിപൂജാ വിവാദം അന്വേഷിച്ച മൂന്നംഗ പാർട്ടി സമിതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജനുമായുള്ള ധീരജ് കുമാറിന്റെ അടുപ്പം പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നത്.