- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജില്ലാ സമ്മേളനത്തിൽ അപ്രഖ്യാപിത വിലക്ക് ചർച്ചയാകാതിരിക്കാൻ അപ്രധാന സ്ഥാനം; പാർട്ടി സമ്മേളനങ്ങളിൽ അണികളുയർത്തിയ വിമർശനങ്ങളെ തുടർന്ന്: ശോഭനാ ജോർജിനൊപ്പം പരിഗണിച്ചത് ഇകഴ്ത്താനോ? സിപിഎമ്മിനുള്ളിൽ വീണ്ടും ചർച്ചയായി പിജെ ഫാക്ടർ
കണ്ണൂർ: പി. ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി ലഭിക്കാനിടയായത് പാർട്ടി സമ്മേളനങ്ങളിലുയർന്ന വിമർശനങ്ങൾ കണക്കിലെടുത്ത്. ഒക്ടോബറിൽ പൂർത്തിയായ ബ്രാഞ്ച് സമ്മേളനങ്ങളിൽ പി.ജയരാജനെ അകറ്റി നിർത്തുന്നതിലും അവഗണിക്കുന്നതിലും താഴെത്തട്ടിൽ നിന്നുവരെ കടുത്ത വിമർശനങ്ങളാണുയർന്നിരുന്നത്.
മുന്മന്ത്രി കെ.കെ ശൈലജയെയും പി.ജയരാജനെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒതുക്കിയതാണെന്ന ആരോപണം ശകതമായതോടെയാണ് തന്റെ ഗുഡ്ബുക്കിൽ നിന്നും വെട്ടിനിരത്തിയ പി.ജയരാജനെ മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടിവന്നത്. വരാനിരിക്കുന്ന ജില്ലാസമ്മേളനങ്ങളിൽ കണ്ണൂരിൽ മാത്രമല്ല മറ്റിടങ്ങളിലും ചർച്ചാവിഷയങ്ങളിലൊന്നു പി.ജയരാജനായി മാറരുതെന്ന നിർബന്ധബുദ്ധി മുഖ്യമന്ത്രിക്കുണ്ട്.
നേരത്തെ ജയരാജന്റെ സഹോദരിയും മഹിളാ അസോസിയേഷൻ നേതാവുമായ അഡ്വ. പി.സതീ ദേവി വനിതാകമ്മിഷൻ ചെയർപേഴ്സണാക്കിയതോടെ ഈക്കാര്യം ചൂണ്ടിക്കാട്ടികൊണ്ടുജയരാജനെ പൂർണമായി മാറ്റി നിർത്താനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് ഇപ്പോൾ വെറും സംസ്ഥാനകമ്മിറ്റിയംഗംമാത്രമായ പി.ജയരാജനെ ഖാദി ബോർഡിലേക്ക് നിയോഗിക്കുന്നത്. നേരത്തെ ചെറിയാൻ ഫിലിപ്പിനു വാഗ്ദ്ധാനം ചെയ്ത സ്ഥാനമാണിത്.
ചെറിയാൻ ഇതു നിരസിക്കുകയും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങുകയും ചെയതതോടെയാണ് കഴിഞ്ഞ സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജനെ നിയോഗിക്കാൻ തീരുമാനിച്ചത്. കണ്ണൂരിൽ നിന്നും മുന്മന്ത്രി കെ.പി നൂറുദ്ദീൻ നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സി.പി. എം സംസ്ഥാന കമ്മിറ്റിയിലേക്ക് വ്യാപകമായ അഴിച്ചുപണി നടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്.
പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കുമാണ് ഇക്കുറി കൂടുതൽ സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനം ലഭിക്കുക. ഇതോടെ പി.ജയരാജനടക്കമുള്ള നേതാക്കൾ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവാക്കപ്പെടാനോ,സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സ്ഥാനകയറ്റം നൽകാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോഴും പാർട്ടിയിൽ അണികളുടെയും അനുഭാവികളുടെയും പിൻതുണയുള്ള നേതാവാണ് പി.ജയരാജൻ. അതുകൊണ്ടുതന്നെ ജയരാജനെ വെട്ടിനിരത്തിയാൽ പാർട്ടിക്കുള്ളിൽ നിന്നും രോഷമുയരുമെന്ന കാര്യം ഉറപ്പാണ്.
അതുകൊണ്ടു തന്നെ ഇപ്പോൾ ജയരാജന് എന്തെങ്കിലും സ്ഥാനം കൊടുത്തുകഴിഞ്ഞാൽ പിന്നീടുയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലുമുണ്ട്. മാത്രമല്ല സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ ജയരാജനു പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും മറ്റു യാത്രകൾക്കും വാഹനസൗകര്യമേർപ്പെടുത്തുന്നതും ജില്ലാ നേതൃത്വമാണ്. ഫുൾ ടൈമറായ പാർട്ടി നേതാക്കളുടെ യാത്രാബത്തയും മറ്റു ചെലവുകളും വഹിക്കുന്നതും പാർട്ടി ജില്ലാകമ്മിറ്റിയാണ്.
ഈ സാഹചര്യത്തിൽ ഇത്തരം നേതാക്കൾക്ക് പാർട്ടി ഭരിക്കുമ്പോൾ ബോർഡ്, കോർപറേഷൻ ചെയർമാൻ സഥാനങ്ങൾ നൽകി സ്വയം പര്യാപതരാക്കുന്നത് പതിവാണ്. ഭരണം ലഭിക്കാത്തകാലയളവിൽ സഹകരണ ബാങ്കുകളുടെ തലപ്പത്താണ് ഇവരെ കുടുയിരിത്താറുള്ളത്. ഈയൊരു സാഹചര്യവും കൂടി പരിഗണിച്ചാണ് പി.ജയരാജന്റെ പുതിയ സ്ഥാനലബ്ധിയെന്നാണ് വിലയിരുത്തൽ.
ഇതുകൂടാതെ മകൻ മയക്കുമരുന്ന് കടത്തിന് കള്ളപ്പണമൊഴുക്കിയെന്ന കേസിൽ അകത്തായപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്നും താൽക്കാലികമായി ഒഴിഞ്ഞു നിന്ന കോടിയേരി ബാലകൃഷ്ണൻ തൽസ്ഥാനത്തേക്കു തിരിച്ചുവരുമെന്ന കാര്യം ഉറപ്പായിരിക്കെ ജയരാജനെ മാത്രം മാറ്റി നിർത്തുന്നതിന്റെ ഇരട്ടത്താപ്പ് പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടുമെന്ന വിലയിരുത്തലും ഇന്നലത്തെ സെക്രട്ടറിയേറ്റ് തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
വ്യകതിപൂജാവിവാദത്തിന്റെ പേരിലാണ് പി.ജയരാജനെതിരെ സി.പി. എം നേതൃത്വം നടപടി തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിലെ കരടായി മാറിയ പി.ജയരാജനെ പാർട്ടി ജില്ലാ നേതൃത്വത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. വടകര പാർലമെന്റ് മണ്ഡലത്തിൽ മതസരിക്കാനായി നിയോഗിക്കപ്പെട്ട ജയരാജൻ അവിടെ നിന്നും അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റപ്പോൾ കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനവും തിരിച്ചുകിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ജയരാജനെതിരെപാർട്ടി നേതൃത്വം നിലപാട് കൂടുതൽ കടുപ്പിക്കുന്നത്.
സോഷ്യൽമീഡിയയിൽ ജയരാജനെ ആരാധിക്കുന്നവരുടെ കൂട്ടായ്മയായ പി.ജെ ആർമി പാർട്ടി നിരീക്ഷണത്തിൽവരികയും ഒടുവിൽ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനിടെയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജന് സീറ്റു നിഷേധിക്കപ്പെട്ടതും പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി. ഇതിനിടെയാണ് ജയരാജൻ നേതൃത്വം നൽകുന്ന ഐ. ആർ.പി.സിയുടെ തലപ്പത്തു നിന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവരെ ഒഴിവാക്കുന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടി സമ്മേളനങ്ങളിൽ ജയരാജനെതിരെയുള്ള പാർട്ടി ഒതുക്കൽ ചർച്ചയായത്.
വരുന്ന ജില്ലാസമ്മേളനങ്ങളിൽ ജയരാജനെതിരെയുള്ള അപ്രഖ്യാപിത വിലക്ക് ചർച്ചയാകാതിരിക്കാനാണ് ബോർഡ്, കോർപറേഷൻ പുനഃ സംഘടനാവേളയിൽ പി.ജയരാജനും സ്ഥാനം ലഭിക്കുന്നത്. എന്നാൽ ശോഭനാ ജോർജിനൊപ്പം പരിഗണിക്കേണ്ട നേതാക്കളിലൊരാളാണോ പാർട്ടിക്ക് പി.ജെയെന്ന ചോദ്യവും അണികളിൽ നിന്നും ഉയരുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്