- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തറവാട് ക്ഷേത്രത്തിന് സമീപമുള്ള ഗൂഢാലോചനയിൽ പങ്കാളിയായി; വിക്രമനുമായി ഫോൺ സംസാരിച്ചതിനും തെളിവ്; മുൻകൂർ ജാമ്യം തള്ളാൻ പ്രതിയല്ലെന്ന് പറഞ്ഞ സിബിഐ അപേക്ഷ തള്ളിയപ്പോൾ നിലപാട് മാറ്റി; കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനെ പ്രതി ചേർത്ത് സിബിഐ; അറസ്റ്റ് ഉടനെന്ന് സൂചന
തിരുവനന്തപുരം: സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ ഉടൻ അറസ്റ്റ് ചെയ്യും. കതിരൂർ മനോജിന്റെ വധശ്രമക്കേസ് ഗൂഢാലോചനക്കേസിൽ പി ജയരാജനെ സിബിഐ പ്രതിചേർത്തു. യുഎപിഎ പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ സിബിഐ അറസ്റ്റ് ചെയ്താൽ ജയരാജന് ജയിലിൽ പോകേണ്ടി വരും. കേസിൽ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജൻ. ഈ കേസിൽ പി ജയരാജന്റെ ജാമ്യാപേക്ഷ ക
തിരുവനന്തപുരം: സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ ഉടൻ അറസ്റ്റ് ചെയ്യും. കതിരൂർ മനോജിന്റെ വധശ്രമക്കേസ് ഗൂഢാലോചനക്കേസിൽ പി ജയരാജനെ സിബിഐ പ്രതിചേർത്തു. യുഎപിഎ പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ സിബിഐ അറസ്റ്റ് ചെയ്താൽ ജയരാജന് ജയിലിൽ പോകേണ്ടി വരും. കേസിൽ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജൻ.
ഈ കേസിൽ പി ജയരാജന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ പ്രതിയല്ലെന്നായിരുന്നു സിബിഐ അന്ന് കോടതിയിൽ പറഞ്ഞത്. അതിനൊപ്പം യു.എ.പി.എ (ഭീകര വിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തിയ കേസിൽ വകുപ്പ് 43 ഡി നാല് പ്രകാരം മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും സിബിഐ.ക്കുവേണ്ടി ഹാജരായ അഡ്വ. എസ്. കൃഷ്ണകുമാർ വാദിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയാലും അംഗീകരിക്കപ്പെടില്ല.
അതിനിടെ ജയരാജനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ സിബിഐ ഉടൻ തീരുമാനം എടുക്കും. തെളിവുകളെല്ലാം ജയരാജന് എതിരായി ലഭിച്ചുവെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ജയരാജനെ പ്രതിയാക്കുന്ന കാര്യം ചോദ്യം ചെയ്യലിന് ശേഷം മാത്രമെ തീരുമാനിക്കുകയുള്ളൂവെന്ന് സിബിഐ കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് ജയരാജന് ജാമ്യം നിഷേധിച്ചത്. ഇതിന് വിരുദ്ധമായാണ് ഇപ്പോൾ കേസിൽ പ്രതിയാക്കപ്പെട്ടത്.
അറസ്റ്റുണ്ടാകുമെന്ന് വ്യക്തമായതോടെ പി ജയരാജൻ എകെജി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. മൂന്നാഴ്ച വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഉത്തരവാദിത്തം എം വി ജയരാജനെ ഏൽപ്പിക്കാനാണ് സിപിഐ(എം) നീക്കം. ഇതെല്ലാം അറസ്റ്റ് മുൻകൂട്ടി കണ്ടുള്ള സിപിഐ(എം) നീക്കമാണെന്നാണ് വിലിയിരുത്തൽ. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.
കതിരൂർ മനോജ് വധ ഗൂഢാലോചനക്കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്ന സൂചന നേരത്തെ തന്നെ സിബിഐ നൽകിയിട്ടുണ്ട്. ചില രേഖകൾ ഹാജരാക്കണമെന്നും അവർ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരേയും ജയരാജൻ അവ നൽകിയിട്ടില്ലെന്ന് സിബിഐ. വൃത്തങ്ങൾ പറയുന്നു. കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കാനാണ് സിബിഐ. തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജയരാജനും പറയുന്നു. ഈ രേഖകൾ നൽകാത്ത സാഹചര്യത്തിലാണ് പ്രതിചേർക്കൽ എന്നാണ് സൂചന.
ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു. ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐ. ക്ക് മൊഴി നൽകിയിട്ടുണ്ട്.
വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും വ്യക്തമാക്കിയിരുന്നു. ഇത് ജയരാജനാണെന്നാണ് സിബിഐയുടെ സംശയം. കിഴക്കെ കതിരൂരിലെ ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവിനു സമീപത്തു വച്ചാണ് മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ ജയരാജനും, മറ്റ് രണ്ടുനേതാക്കളും സംബന്ധിച്ചതായും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കേസിലെ ഒന്നാംപ്രതിയായ വിക്രമനുമായി നിരവധി തവണ ജയരാജൻ ഫോൺ സംഭാഷണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസിൽ ജയരാജൻ പ്രതിയാകുന്നത്.